തിരുവനന്തപുരം: 30 സെക്കൻഡിൽ കെട്ടിട നിർമാണാനുമതി അടക്കം തദ്ദേശസ്ഥാപന സേവനങ്ങൾ ഓൺലൈനായി വേഗത്തിലും സുതാര്യമായും ലഭ്യമാക്കും എന്ന പ്രഖ്യാപനത്തോടെ ജനുവരി ഒന്നിന് പ്രഖ്യാപിച്ച കെ- സ്മാർട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ‘വന്നില്ല’.
കെ സ്മാർട്ടിന്റെ പേരിൽ ഡിസംബർ 26 മുതൽതന്നെ 87 നഗരസഭകളിലും ആറു കോർപറേഷനുകളിലും എല്ലാ സേവനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തെ ഈ തദ്ദേശസ്ഥാപനങ്ങളിൽ സേവനങ്ങൾ മുഴുവൻ സ്തംഭിച്ചു. നേരിട്ട് നൽകിയ അപേക്ഷകളിൽ പോലും അധികൃതർ നടപടിയെടുക്കുന്നില്ല.
കെട്ടിട നിർമാണാനുമതി, 300 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളുടെ നമ്പർ നൽകൽ, നികുതി ഒടുക്കൽ, ജനന- മരണ-വിവാഹ സർട്ടിഫിക്കറ്റ് നൽകൽ, റെസിഡൻസി സർട്ടിഫിക്കറ്റ് വിതരണം ഉൾപ്പെടെ നിർത്തി. നൂതനവും ആധുനിക സാങ്കേതിക സൗകര്യവുമുള്ള സോഫ്റ്റ്വെയർ എന്ന നിലയിലാണ് കെ- സ്മാർട്ടുമായി സർക്കാർ രംഗപ്രവേശം ചെയ്തത്.
എന്നാൽ, പുതിയ സോഫ്റ്റ്വെയർ നടപ്പാക്കും മുമ്പ് ക്രമീകരിക്കേണ്ട സാങ്കേതിക കാര്യങ്ങളൊന്നും ചെയ്തില്ല. ഒരുമാസമെങ്കിലും സോഫ്റ്റ്വെയർ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണമായിരുന്നു. ഉദ്യോഗസ്ഥർക്കടക്കം പരിശീലനവും നൽകണമായിരുന്നു. ഒന്നും നടന്നില്ല.
ആപ്ലിക്കേഷൻ ക്രമീകരണം നടക്കുന്നതിനാലാണ് സേവനങ്ങൾ നിർത്തിയതെന്നാണ് അധികൃതരുടെ വാദം. ജനന- മരണ- വിവാഹ രജിസ്ട്രേഷൻ ആപ്ലിക്കേഷനിൽ നടപ്പായെങ്കിലും ഇവയിലെ തിരുത്തലുകൾക്കുള്ള സംവിധാനം പൂർണമായിട്ടില്ല. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഡേറ്റ പോർട്ടിങ്ങും പൂർത്തിയാകാനുണ്ട്.
വസ്തുനികുതി അടയ്ക്കുന്ന സംവിധാനം മിക്കവാറും നഗര തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തനം തുടങ്ങി. എന്നാൽ, തിരുവനന്തപുരം പോലുള്ള വലിയ കോർപറേഷനുകളിൽ കെട്ടിടങ്ങളുടെ മുഴുവൻ ഡേറ്റയും പോർട്ട് ചെയ്യാൻ സാവകാശം വേണമെന്നാണ് ഇൻഫർമേഷൻ കേരള മിഷൻ പറയുന്നത്.
93 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 38 ലക്ഷം കെട്ടിട വിവരങ്ങളാണ് കെ- സ്മാർട്ടിന്റെ ഭാഗമാകുന്നത്. ഇത് 55 കോടി ഡേറ്റ വരും. എട്ട് സേവനങ്ങളാണ് പ്രധാനമായും ജനങ്ങൾക്ക് ലഭിക്കുന്നത്. ഇവയുടെ വിവിധ മൊഡ്യൂളുകൾ കണക്കുകൂട്ടുമ്പോൾ 461 സേവനങ്ങൾ കെ- സ്മാർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, പല തദ്ദേശസ്ഥാപനങ്ങളിലേയും കെട്ടിടവിവരങ്ങൾ അടക്കം ഡേറ്റ പൂർണമല്ല. അതാണ് പ്രധാന വെല്ലുവിളി. നികുതി അടയ്ക്കാതെ ഒരു സേവനവും കിട്ടില്ല. സേവനങ്ങൾ നിർത്തിയതോടെ തിരുവനന്തപുരം കോർപറേഷനിൽ മാത്രം ഒരു ദിവസം അഞ്ചുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.