പാലിന്റെ ഗുണമേന്മ വർധിപ്പിക്കാൻ സൈലേജ് ഉൽപാദനം വ്യാപകമാക്കുമെന്ന് ജെ.ചിഞ്ചുറാണി

കൊച്ചി: പാലിന്റെ കൊഴുപ്പും ഗുണമേന്മയും വർധിപ്പിക്കാൻ സൈലേജ് ഉൽപാദനം സംസ്ഥാനത്തുടനീളം വ്യാപകമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മണീട് ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിച്ച മൃഗാശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.

വായു കടക്കാത്ത അറയില്‍ ഈര്‍പ്പം തട്ടാതെയാണ് സൈലേജ് ഉത്പാദിപ്പിക്കേണ്ടത്. ക്ഷീരകർഷകർ ഏറ്റവും കൂടുതൽ നേരിടുന്ന വെല്ലുവിളി ഉത്പാദന ചെലവാണ്. കർഷകർ പാൽ ഉത്പാദനത്തിന്റെ ഭൂരിഭാഗവും ചെലവാക്കുന്നത് കാലിത്തീറ്റയ്ക്ക് വേണ്ടിയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാലിത്തീറ്റയ്ക്ക് വിലയും കൂടുതലാണ്.

കാലിത്തീറ്റയുടെ വില നിയന്ത്രിക്കുന്നതിന് കേരള ഫീഡും മിൽമയും ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്. കാലിത്തീറ്റയുടെ പ്രധാന അസംസ്‌കൃത വസ്തുവായ ചോളം സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി. സംസ്ഥാനത്തിന്റെ പാല്‍ ഉത്പാദനക്ഷമത ഉയര്‍ത്തിക്കൊണ്ട് വരാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ സംസ്ഥാനത്ത് കാലിത്തീറ്റ എത്തിക്കാനാണ് ശ്രമം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലിത്തീറ്റ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കിസാന്‍ റെയില്‍ പദ്ധതി പ്രകാരം കേരളത്തിലെത്തിക്കും.

ക്ഷീരകര്‍ഷകര്‍ക്കായി വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കി. ഇതിന് പുറമെ എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയില്‍ 29 ബ്ലോക്ക് പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കി. വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് രാത്രികാലങ്ങളില്‍ അടിയന്തരഘട്ടത്തില്‍ സഞ്ചരിക്കുന്നതിന് ആംബുലന്‍സ് സൗകര്യം പ്രയോജനപ്പെടും. ആംബുലന്‍സില്‍ ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്റര്‍ സേവനം ഉറപ്പാക്കിട്ടുണ്ട്. കർഷകന്റെ വീട്ടുമുറ്റത്ത് സേവനം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

പശുക്കളിലെ കുളമ്പ് രോഗനിയന്ത്രണത്തിലുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് രണ്ടാംഘട്ട വാക്‌സിന്‍ നല്‍കും. കുളമ്പു രോഗത്തിനുള്ള വാക്സിൻ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

മണീട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. 

Tags:    
News Summary - J. Chinchurani said that silage production will be expanded to increase the quality of milk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.