കോട്ടയം: ഐ.എ.എസ്-ഐ.പി.എസ്-ഭരണ-പ്രതിപക്ഷ രാഷ്ട്രീയ ലോബി തനിക്കെതിരെ ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ വിശ്വാസ്യതക്ക് മങ്ങലേല്‍പിച്ചുവെന്ന വിലയിരുത്തലാണ് വിജിലന്‍സ് ഡയറക്ടര്‍ പദവിയൊഴിയാന്‍ ജേക്കബ് തോമസിനു പ്രേരകമായതെന്ന് സൂചന. ഗുരുതര അഴിമതി ആരോപണങ്ങളുമായി ഇതേ ലോബി വീണ്ടും രംഗത്തുവരുമെന്ന വിവരവും പദവിയൊഴിയാന്‍ കാരണമായി. ഇക്കാര്യം മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും അദ്ദേഹം ധരിപ്പിച്ചു. തന്നെ തേജോവധം ചെയ്യാന്‍ ഉന്നതതല നീക്കം നടക്കുന്നതായ ആശങ്കകളും അദ്ദേഹം തള്ളുന്നില്ല.
ജേക്കബ് തോമസിനെതിരെ പുതിയ ആരോപണങ്ങള്‍ക്ക് അണിയറയില്‍ നീക്കം സജീവമാണെന്നാണറിയുന്നത്. കര്‍ണാടകയിലുള്ള ഭൂമി സംബന്ധിച്ചും അവധിയെടുത്ത് കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോള്‍ രണ്ടു ശമ്പളം കൈപ്പറ്റിയെന്നതടക്കമുള്ള ആരോപണം സജീവമാക്കാനാണ് ശ്രമം. ഇതുസംബന്ധിച്ച കേസ് വ്യാഴാഴ്ച ഹൈകോടതി പരിഗണിക്കുന്നുമുണ്ട്. കോടതി വിധി ഏതെങ്കിലും വിധത്തില്‍ പ്രതിച്ഛായയെ ബാധിക്കുമോയെന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്.
കെ.എം. മാണി മുതല്‍ ജയരാജന്‍വരെയുള്ള മുന്‍ മന്ത്രിമാര്‍ക്കെതിരെയും സീനിയര്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുമുള്ള അന്വേഷണങ്ങളും കണ്ടത്തെലുകളും വിജിലന്‍സിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍ വിജിലന്‍സ് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കെതിരെ മാനസിക പീഡനത്തിന് എസ്.പി സുകേശന്‍ പരാതി നല്‍കിയതും വിജലന്‍സിനെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നാണ് വിവരം.
ജേക്കബ് തോമസ് വിജിലന്‍സ് മേധാവി സ്ഥാനം ഒഴിയുന്നത് അനുഗ്രഹമായി കാണുന്ന മുന്‍ മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരും ഏറെയാണ്. ഏതുവിധേനയും അദ്ദേഹത്തെ പുറത്താക്കാന്‍ ഇവര്‍ നടത്തുന്ന ചരടുവലികളും പരസ്യമായ രഹസ്യമാണ്.
ജേക്കബ് തോമസ് തുടര്‍ന്നാല്‍ തങ്ങള്‍ അഴിയെണ്ണേണ്ടി വരുമെന്ന് ഭയക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബി അദ്ദേഹത്തിനെതിരെ പുതിയ നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പെട്ടെന്ന് സ്ഥാനമൊഴിയാന്‍ ഇതെല്ലാം പ്രേരകമായി. പുകച്ച് പുറത്തുചാടിക്കാന്‍ അഴിമതിക്കാര്‍ വീണ്ടും നീക്കം ശക്തമാക്കിയെന്ന് ജേക്കബ് തോമസ് പറയുന്നു.
ഏതു പ്രതിബന്ധവും അതിജീവിച്ച് മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച ശേഷം പെട്ടെന്നുള്ള അദ്ദേഹത്തിന്‍െറ പിന്മാറ്റത്തിനു പിന്നില്‍ ഐ.എ.എസ്-ഐ.പി.എസ് ലോബി തന്നെയാണെന്ന സൂചന രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാറിനു നല്‍കിയിട്ടുണ്ട്. ഭരണതലപ്പത്തുള്ള അഞ്ചോളം ഐ.എ.എസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. അത്രയും തന്നെ ഐ.പി.എസുകാരും അന്വേഷണം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.