തിരുവനന്തപുരം: ജയ് ഭീം എന്നാൽ പാലാരിവട്ടം പാലത്തിന്റെ ബീമാണോ എന്ന് ചോദിച്ച സി.പി.എം നേതാവും മണലൂർ എം.എൽ.എയുമായ മുരളി പെരുനെല്ലിക്കെതിരെ സംവിധായകൻ ഡോ. ബിജു. ഇത് വിവരമില്ലായ്‌മ മാത്രമല്ലെന്നും ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണെന്നും ബി.ജു പറഞ്ഞു. മുരളിയുടെ പേര് പരാമർശിക്കാതെയായിരുന്നു ഡോ. ബിജുവിന്റെ ഫേസ് ബുക് പോസ്റ്റ്.
'ജയ് ഭീം എന്നാൽ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ എന്ന സംശയം നിയമസഭയിൽ ഉന്നയിക്കുന്ന ഒരു ജനപ്രതിനിധി. ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ ജനപ്രതിനിധികൾ ആകുന്ന ഒരു നാടായി മാറിയിരിക്കുന്നു കേരളം. വിവരമില്ലായ്‌മ മാത്രമല്ല ഇത് ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണ്. കേരളത്തിന്റെ രാഷ്ട്രീയ നിലവാരം അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ട്' -ബിജു വ്യക്തമാക്കി.
സജി ചെറിയാന്റെ ഭരണഘടന നിന്ദക്കെതിരെ ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറെ പുകഴ്ത്തി പ്രതിപക്ഷം 'ജയ് ഭീം, ജയ് ഭീം' എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനെ പരിഹസിച്ചാണ് ധനാഭ്യർഥന ചർച്ചയ്ക്കിടെ മുരളി പെരുനെല്ലി എം.എൽ.എ വിവാദപ്രസ്താവന നടത്തിയത്. 'ഇപ്പോ ജയ് ഭീം, ജയ് ഭീം എന്ന മുദ്രാവാക്യമാണ്. എന്ത് ബീമാണ്? പാലാവട്ടത്തിൽ തകർന്നുപോയ ബീമിനെ പറ്റിയാണോ നിങ്ങളീ മുദ്രാവാക്യം വിളിക്കുന്നത്' എന്നായിരുന്നു മണലൂർ എം.എൽ.എയായ മുരളി പെരുനെല്ലിയുടെ പരാമർശം.
പെരുനല്ലിയുടെ പരാമർശത്തില്‍ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം കനത്തു. അംബേദ്കറെ അപമാനിക്കുന്ന മോശം പരാമർശത്തിന് മുരളി പെരുനെല്ലി മാപ്പ് പറയണമെന്ന് മണ്ണാർക്കാട് എം.എൽ.എ ശംസുദ്ധീൻ ആവശ്യപ്പെട്ടു. ഭരണഘടന ശിൽപിയെ അപമാനിക്കുന്ന സംസാരം നിയമസഭയിൽ ഒരുകാരണവശാലും അനുവദിക്കരുതെന്ന് ടി. സിദ്ധീഖ് എം.എൽ.എയും ആവശ്യപ്പെട്ടു. താൻ അങ്ങനെ അപമാനിക്കുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നായിരുന്നു മുരളിയുടെ വിശദീകരണം. ഇതിനിടെ 'ജയ് ഭീം' മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചു. പരിശോധിച്ച് സ്പീക്കർ റൂളിങ് നൽകുമെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് ബഹളം അടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.