ഫോർട്ട്കൊച്ചി: വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന ഉത്തരവ് പാലിക്കാതിരുന്ന മകനെ ജയിലിലടക്കാൻ മെയിന്റനൻസ് ട്രൈബ്യൂണൽ ഉത്തരവ്. ആലുവ ചൂർണിക്കര ചുള്ളിക്കൽ വീട്ടിൽ ജോസഫ്-പൗളി ദമ്പതികളുടെ പരാതിയിൽ ഇളയ മകനായ ജയ്ബിനെയാണ് ജയിലിലടക്കാൻ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ഫോർട്ട്കൊച്ചി ട്രൈബ്യൂണൽ പ്രിസൈഡിങ് ഓഫിസറും ഫോർട്ട്കൊച്ചി സബ് കലക്ടറുമായ പി. വിഷ്ണുരാജ ഉത്തരവിട്ടത്.
ദമ്പതികൾക്ക് മൂന്ന് ആൺമക്കളും ഒരു മകളുമാണുള്ളത്. ഇവരുടെ കൈവശമുള്ള 10 സെന്റ് സ്ഥലത്തിൽനിന്ന് മൂന്ന് സെന്റ് വീതം രണ്ട് ആൺമക്കൾക്ക് നൽകി. ബാക്കി നാല് സെന്റ് സ്ഥലവും വീടും ഇവരോടൊപ്പം താമസിക്കുന്ന ഇളയ മകനായ ജയ്ബിക്കും നൽകി. ജയ്ബി ഈ വസ്തു മാതാപിതാക്കളെ ജാമ്യക്കാരാക്കി പണയംവെച്ച് വീട് പുതുക്കിപ്പണിയാൻ വായ്പ എടുത്തു. വായ്പ അടക്കാതായതോടെ വീട് ജപ്തി ഭീഷണിയിലുമായി. ഇതിനിടെ ജയ്ബിയും കുടുംബവും ഇവിടെനിന്ന് മാറിത്താമസിക്കുകയും ചെയ്തു.
2019 ഫെബ്രുവരിയിൽ ഇവർക്ക് മാസം 2000 രൂപ വീതം ജീവനാംശം നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടെങ്കിലും ഇത് പാലിക്കുന്നില്ലെന്നുകാണിച്ച് ദമ്പതികൾ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. ജൂൺ 17ന് തുക അടച്ച രസീതുമായി ഹാജരാകാൻ ജയ്ബിക്ക് നിർദേശം നൽകിയെങ്കിലും ഹാജരായില്ല. തുടർന്ന് വാറന്‍റ് പുറപ്പെടുവിച്ചു. ഉത്തരവ് പാലിക്കുന്നതിൽ വേണ്ടത്ര സമയം അനുവദിച്ചിട്ടും കുടിശ്ശിക തുക നൽകാൻ ഇയാൾ തയാറായില്ല. പരാതിക്കാരുടെ അവസ്ഥ ദയനീയമാണെന്ന് ട്രൈബ്യൂണലിന് ബോധ്യപ്പെടുകയും ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിൽ അടക്കാൻ ഉത്തരവിട്ടത്. ഒരുമാസത്തേക്ക് ജയിലിലടക്കാനാണ് ഉത്തരവ്. ഇതിനകം പണം നൽകിയാൽ മോചിതനാകും. അല്ലെങ്കിൽ ഒരുമാസം മുഴുവൻ ജയിൽശിക്ഷ അനുഭവിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.