ജയിൽ ഉദ്യോഗസ്ഥന് മർദനം: ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി

കോടതി അനുമതിയോടെ അറസ്റ്റ് ചെയ്യും

തൃശൂർ: ജയില്‍ ഉദ്യോഗസ്ഥനെ മർദിച്ചതിന് ക്രിമിനൽ കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ വിയ്യൂര്‍ പൊലീസ് ജാമ്യമില്ല കുറ്റം ചുമത്തി കേസെടുത്തു. ആകാശിനെ സെന്‍ട്രല്‍ ജയിലില്‍നിന്ന് അതിസുരക്ഷ ജയിലിലേക്ക് മാറ്റി. സ്വർണക്കടത്തും കൊലക്കേസുമടക്കം നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് കാപ്പ ചുമത്തിയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആകാശ് നേരത്തേ സി.പി.എമ്മിന്റെ പ്രവര്‍ത്തകനായിരുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി കൂടിയാണ്. ഗുണ്ടായിസം കാരണം സി.പി.എം ആകാശിനെ കൈയൊഴിഞ്ഞിരുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സെല്ലിന്റെ ഒരുഭാഗം ഉടുമുണ്ട് കെട്ടി മറച്ച് ആകാശ് കിടന്നിരുന്നു. ഇത് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ജയില്‍ ഉദ്യോഗസ്ഥന്‍ തുണി മാറ്റിച്ചു. ഇക്കാരണത്താലായിരുന്നു മര്‍ദനമത്രെ. അതേസമയം, ഫാൻ പ്രവർത്തിക്കാത്തത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും നടപടിയില്ലാതായ സാഹചര്യത്തിൽ പ്രകോപിതനായാണ് മർദിച്ചതെന്നും പറയുന്നു. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ ജയിൽ അസി. സൂപ്രണ്ട് രാഹുല്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സക്കുശേഷം വീട്ടിലേക്ക് മടങ്ങി.

ഞായറാഴ്ചതന്നെ ആകാശിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊടുംകുറ്റവാളികളെയും യു.എ.പി.എ അടക്കമുള്ളവ ചുമത്തിയവരെയും പാർപ്പിക്കുന്ന അതിസുരക്ഷ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി ആവശ്യമുണ്ട്. ഇതിനായി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് അനുമതി തേടുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Jail officer assaulted: Akash Thillankeri charged with non-bailable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.