താനൂർ: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പരപ്പനങ്ങാടി ആവിൽ ബീച്ച് കുട്ടിച്ചിന്റെപുരക്കൽ ജൈസലാണ് (37- ജൈസൽ താനൂർ) അറസ്റ്റിലായത്. പ്രളയ രക്ഷാപ്രവർത്തനങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ് ജൈസൽ. 2021 ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. കാറിൽ ഇരിക്കുകയായിരുന്നവരെ സമീപിച്ച് ചിത്രങ്ങൾ എടുക്കുകയും ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്കൗണ്ടിൽ നിന്ന് ഗൂഗ്ൾ പേ വഴി 5000 രൂപ നൽകിയതിനു ശേഷമാണ് ഇവരെ പോകാൻ അനുവദിച്ചത്.
പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും ബുധനാഴ്ച താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറഞ്ഞു.
താനൂർ സി.ഐ ജീവൻ ജോർജിന്റെ നിർദേശപ്രകാരം താനൂർ എസ്.ഐ ശ്രീജിത്ത്, എസ്.ഐ രാജു, എ.എസ്.ഐ റഹിം യൂസഫ്, സി.പി.ഒ കൃഷ്ണപ്രസാദ്, തിരൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ഷെറിൻജോൺ, അജിത്ത്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജില്ല കോടതിയിലും ഹൈകോടതിയിലും നൽകിയ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ വ്യാഴാഴ്ച പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.