മലപ്പുറം: എല്ലാ വീടുകളിലും ടാപ്പ് കണക്ഷനുകളിലൂടെ കുടിവെള്ളം ലഭ്യമാക്കുക ലക്ഷ്യമിട്ടാരംഭിച്ച ജൽജീവൻ മിഷൻ പദ്ധതി പാതിവഴിയിൽ ഇഴയുന്നു. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തടസ്സമായത്. കരാറുകാർക്ക് 3306.93 കോടി രൂപയാണ് കുടിശ്ശിക. പണം നൽകാത്തതിനാൽ പുതിയ ടെൻഡറുകൾ കരാറുകാർ ബഹിഷ്കരിക്കുകയാണ്. 2020ലാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായി ജൽജീവൻ മിഷൻ ആരംഭിച്ചത്.
കഴിഞ്ഞ മാർച്ച് 31 വരെ പദ്ധതിക്കായി സംസ്ഥാനത്ത് ആകെ ചെലവഴിച്ചത് 10,363.54 കോടി രൂപയാണ്. ഇതിൽ 5131.90 കോടി കേന്ദ്ര വിഹിതവും 5231.64 കോടി സംസ്ഥാന വിഹിതവുമാണ്. കരാറുകാർക്ക് നൽകാനുള്ള തുകയിലേക്ക് ഈ വർഷം 1201.10 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. ബാക്കി 3306.93 കോടി രൂപ കുടിശ്ശികയുള്ളതിനാൽ പുതിയ ടെൻഡറുകളിൽ കരാറുകാർ പങ്കെടുക്കുന്നില്ല. ഇതിനാൽ തുടർപ്രവൃത്തികൾ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് പദ്ധതി മുഖേന 54,45,342 കുടിവെള്ള കണക്ഷൻ നൽകാനാണ് ഭരണാനുമതി ലഭിച്ചത്. ഇതിൽ 20,39,444 കണക്ഷൻ നൽകി. ബാക്കിയിടങ്ങളിലെ പൈപ്പിടലാണ് സാമ്പത്തിക പ്രതിസന്ധി മൂലം സ്തംഭനത്തിലേക്ക് നീങ്ങുന്നത്.
നടപ്പുവർഷം പദ്ധതിക്ക് കേന്ദ്ര സർക്കാർ വകയിരുത്തിയത് 1949.36 കോടിയാണ്. ഇതിൽ 974.68 കോടി രൂപ കിട്ടി. ബാക്കി 974.68 കോടി രൂപ ലഭിക്കാനുണ്ട്. കേന്ദ്ര സർക്കാർ ഫണ്ടിന് തത്തുല്യമായി സംസ്ഥാന സർക്കാറും തുക വെക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഈ വർഷം ബജറ്റ് ഹെഡിൽ ജൽജീവൻ മിഷന് സർക്കാർ നീക്കിവെച്ചത് 550 കോടി രൂപ മാത്രമാണ്. 2024 മാർച്ചിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ കാലാവധി കേന്ദ്രം 2025 മാർച്ച് വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പൂർത്തീകരിക്കാൻ ഇനിയും രണ്ടു വർഷമെടുക്കും. ഫണ്ടിന്റെ ലഭ്യതക്കുറവിനോടൊപ്പം ഭൂമി ലഭിക്കുന്നതിലുണ്ടായ കാലതാമസവും മറ്റു വകുപ്പുകളിൽനിന്ന് ലഭ്യമാകേണ്ട അനുമതി വൈകുന്നതും പ്രവൃത്തി ഇഴയാൻ കാരണമായതായി അധികൃതർ പറയുന്നു.
മലപ്പുറം: ജൽജീവൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാൻ ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പൈപ്പ് സ്ഥാപിക്കാൻ സംസ്ഥാനത്ത് ആകെ കുഴിച്ചത് 37,427 കി.മീ. റോഡാണ്. ഇതിൽ 9646 കി.മീ. റോഡ് പൂർവസ്ഥിതിയിലാക്കി.
ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിൽ ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ പഞ്ചായത്ത് റോഡ് പൂർവസ്ഥിതിയിലാക്കാൻ ഫണ്ട് വകയിരുത്തിയിരുന്നില്ല. അത്തരം റോഡുകൾ താൽക്കാലികമായി പുനരുദ്ധാരണം നടത്തി സഞ്ചാരയോഗ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.