തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും പൈപ്പ്ലൈൻ വഴി കുടിവെള്ളമെത്തിക്കാനുള്ള ജലജീവൻ മിഷൻ കേരളത്തിൽ മുടന്തിനീങ്ങുന്ന സാഹചര്യത്തിൽ ജില്ലകളിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ജലമന്ത്രി റോഷി അഗസ്റ്റിൻ. പദ്ധതി നിർവഹണം പകുതി പോലുമാകാത്ത ഒമ്പത് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്താകെ കഴിഞ്ഞ രണ്ടുവർഷം (2020-21, 2021-22) 33.41 ലക്ഷം കണക്ഷൻ ലക്ഷ്യമിട്ടെങ്കിലും നൽകിയത് 10.68 ലക്ഷം മാത്രമാണ്. ഈ വർഷങ്ങളിൽ പൂർത്തിയാക്കാനുള്ളത് കൂടി ചേർത്താണ് പുതിയ വർഷത്തിൽ ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നത്. ഇതാകട്ടെ വലിയ സംഖ്യയാണ്. മുൻ വർഷത്തെ അനുഭവം പരിഗണിക്കുമ്പോൾ കാര്യമായ മാറ്റമുണ്ടാക്കാൻ ഇടയില്ലെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.
പ്രവർത്തനങ്ങൾ 50 ശതമാനം പിന്നിട്ട മൂന്ന് ജില്ലകൾ മാത്രമാണുള്ളത്. ആലപ്പുഴ-59.75 ശതമാനം, എറണാകുളം-58.81 ശതമാനം, കൊല്ലം- 56.53 ശതമാനം. ഇടുക്കി, വയനാട്, കാസർകോട് ജില്ലകൾ 30 ശതമാനത്തിൽ താഴെയാണ്. 20 പഞ്ചായത്തുകൾക്കും 27 വില്ലേജുകൾക്കും മാത്രമാണ് ഇതുവരെ 'ഹർ ഗർ ജൽ' പദവി നേടാനായത്. ഈ സാഹചര്യത്തിലാണ് ജലമന്ത്രി ജില്ലകൾ തോറും അവലോകനയോഗങ്ങൾ വിളിക്കുന്നത്. ഡിസംബർ മധ്യത്തോടെ അവലോകനം പൂർത്തിയാക്കലാണ് ലക്ഷ്യം.
കേന്ദ്ര പദ്ധതിയാണെന്നതിനാൽ കേരളത്തിന്‍റെ സാമൂഹിക സാഹചര്യങ്ങൾ പരിഗണിക്കാതെയുള്ള ആസൂത്രണമാണ് ഇഴച്ചിലിന് കാരണമെന്നാണ് പ്രധാന വിമർശനം. 2019 ആഗസ്റ്റിൽ പ്രഖ്യാപിച്ച പദ്ധതി ഒരുവർഷം പിന്നിട്ട ശേഷമാണ് സംസ്ഥാനത്ത് നടപ്പാക്കാൻ തുടങ്ങിയത്. ആറുമാസം മുതൽ ഒരുവർഷം വരെ നീളുന്ന ആസൂത്രണം ബൃഹത്തായ പദ്ധതിക്ക് മുന്നോടിയായി വേണമെന്നും ഇക്കാലയളവിൽ നിർമാണപ്രവർത്തനമൊന്നും പാടില്ലെന്നും വിദഗ്ധരടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. കേരളത്തിൽ ആദ്യവർഷം എത്ര കണക്ഷൻ നൽകാനാകുമെന്നതിൽ യാഥാർഥ്യങ്ങൾക്ക് നിരക്കുന്ന കണക്കുകൂട്ടലുകളല്ല ഉണ്ടായത്.
ആദ്യവർഷം സംസ്ഥാനത്ത് 21 ലക്ഷം കണക്ഷൻ ലക്ഷ്യമിട്ടെങ്കിലും ഇത്രയധികം നൽകാനുള്ള വെള്ളം ഉണ്ടോ എന്ന പരിശോധനപോലും നടന്നില്ല. സംസ്ഥാനത്ത് 75 ലക്ഷം കിണറുണ്ടെന്നാണ് കണക്ക്.
രാജ്യത്തുതന്നെ കിണർ സാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളം. കിണറുകളാണ് പ്രധാന കുടിവെള്ള ആശ്രയവും. എന്നാൽ, കിണറുകളെ പാടേ അവഗണിച്ചാണ് പദ്ധതി തയാറാക്കുന്നത്. കുടിവെള്ളമെന്നാൽ നദികളിലെയും മറ്റും വെള്ളം പ്ലാന്‍റുകളിൽ ശുചീകരിച്ച് പൈപ്പുകളിലൂടെ എത്തിക്കുന്നതാണെന്നാണ് കാഴ്ചപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.