കൽപറ്റ: ലക്കിടിയിൽ മാവോവാദി സി.പി. ജലീലിനെ വെടിവെച്ചുകൊന്ന സംഭവത്തിലെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് തള്ളുന്നതായി കുടുംബം. ഫോറൻസിക്, ബാലിസ്റ്റിക് റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ മുഖവിലക്കെടുക്കാതെ പൊലീസിനെ വെള്ളപൂശുന്ന റിപ്പോർട്ടാണ് അന്നത്തെ കലക്ടർ ആർ. അജയകുമാർ സമർപ്പിച്ചതെന്നും കുടുംബം പറഞ്ഞു. ജലീലിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും കൽപറ്റ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി.
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കേരളം പ്രസിഡൻറ് അഡ്വ. തുഷാർ നിർമൽ സാരഥി ഉദ്ഘാടനം ചെയ്തു. വൈത്തിരി ഏറ്റുമുട്ടലിനു പിന്നിൽ തണ്ടർ ബോൾട്ടിനകത്തെ കില്ലർ ഗ്യാങ്ങാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഏറ്റുമുട്ടലിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്ന അജ്ഞാത ഉദ്യോഗസ്ഥനെ കുറിച്ച് അന്വേഷിക്കണം. ഫോറൻസിക് റിപ്പോർട്ട്, ബാലിസ്റ്റിക് റിപ്പോർട്ട്, സി.സി.ടി.വി ദൃശ്യം എന്നിവ പരിഗണിക്കാതെയാണ് മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആത്മരക്ഷാർഥം വെടിവെച്ചപ്പോഴാണ് ജലീൽ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ജലീൽ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിലുണ്ട്. സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത മുഴുവൻ വെടിയുണ്ടകളും പൊലീസിെൻറ തോക്കിൽ മാത്രം ഉപയോഗിക്കാൻ പറ്റുന്നവയാണ്. പൊലീസുകാർക്കെതിരെ കൊലക്കേസെടുക്കണം. ജലീലിെൻറ മരണത്തിൽ പുതിയ അന്വേഷണം നടത്തണമെന്നും സഹോദരൻ സി.പി. റഷീദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.