ജലജീവന്‍ മിഷന്‍: സംസ്ഥാനം 285 കോടി അനുവദിച്ചുവെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ ധനവകുപ്പ് അനുവദിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്ര വിഹിതമായ 292 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിഹിതം പ്രഖ്യാപിച്ചത്. ഇതോടെ 573 കോടി രൂപ പദ്ധതിക്കായി ലഭിച്ചു. 40,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 10086.98 കോടി രൂപയാണ് ഇതുവരെ ആകെ അനുവദിച്ചിരിക്കുന്നത്.

കേന്ദ്ര സംസ്ഥാന പദ്ധതിയായ ജലജീവന്‍ മിഷനില്‍ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. ഇതിനോടകം 54 ശതമാനത്തോളം കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്. ശേഷിക്കുന്നത് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജലജീവന്‍ മിഷന്‍ തുടങ്ങും മുന്‍പ് സംസ്ഥാനത്ത് 17 ലക്ഷം കണക്ഷനുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 40 ലക്ഷത്തോളം ആയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി.

കേരള വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികള്‍. പദ്ധതിയുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. കേന്ദ്ര മാര്‍ഗ നിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് പ്രതിദിനം 55 ലിറ്റര്‍ വെള്ളമാണ് നല്‍കേണ്ടതെങ്കിലും കേരളീയരുടെ ജലവിനിയോഗത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് സംസ്ഥാനത്ത് ഒരാള്‍ക്ക് പ്രതിദിനം 100 ലിറ്റര്‍ എന്ന് കണക്കാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Tags:    
News Summary - Jaljeevan Mission: State sanctioned 285 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.