പട്ടിക്കാട്: ഇസ്ലാമിക പ്രബോധകർ സഹിഷ്ണുതയോടെയാവണം സംവാദത്തിലേർപ്പെടേണ്ടതെന്ന് യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി. പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയുടെ ഡയമണ്ട് ജൂബിലി ആഘോഷ സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാം സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മതമാണ്. ഇതര മതവിഭാഗങ്ങളോട് സഹിഷ്ണുതയിലും ഐക്യത്തിലും ജീവിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാം അതിന്റെ നിയമസംഹിത രൂപപ്പെടുത്തിയത്. അതിലൂടെയാണ് ലോകത്ത് ഇസ്ലാം പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഇസ്ലാമോഫോബിയയും മതവിരുദ്ധരും കൈകോർക്കുമ്പോൾ സർഗാത്മകമായിട്ടാണ് അതിനെ നേരിടേണ്ടതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സനദ് ദാനവും സാദിഖലി തങ്ങൾ നിർവഹിച്ചു. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ശൈഖ് ഹസന് ഈദ് ബുഖമ്മസ് മുഖ്യാതിഥിയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സനദ് ദാന പ്രസംഗം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. എം.ടി. അബ്ദുല്ല മുസ്ലിയാര് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഹസൻ ഇദ്രീസ് അൽ ഹമ്മാദി, അബ്ബാസലി ശിഹാബ് തങ്ങള്‍, കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, എം.പി. അബ്ദുസ്സമദ് സമദാനി എം.പി, കൊയ്യോട് ഉമര്‍ മുസ്ലിയാര്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്, നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങൾ, റഷീദ് അലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, നഈമലി ശിഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ, നജീബ് കാന്തപുരം, ടി.വി. ഇബ്രാഹിം, അഡ്വ. യു.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.