ഉമ്മൻചാണ്ടിയുടെ ജനകീയ മെട്രോ യാത്രയിൽ ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ മെട്രോയാത്രയില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ യാത്രയിൽ കണ്ടത് പ്രവര്‍ത്തകരുടെ വികാരമാണ്. ജനകീയ മെട്രോയാത്രയെന്ന പേരില്‍ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മെട്രോയാത്ര ചട്ടങ്ങള്‍ ലംഘിച്ചാണ് നടത്തിയതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. യാത്രയിൽ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പി.ടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൌമിനി ജെയിൻ‍, കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

അതേസമയം, പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളെ ബുദ്ധിമുട്ടിച്ചും കോണ്‍ഗ്രസ് നടത്തിയ യാത്രയിലെ അതിക്രമങ്ങൾക്കെതിരെ  കേസെടുക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണെന്നും എന്നാൽ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച യു.ഡി.എഫ് സംഘം മെട്രോ യാത്ര നടത്തിയത്.

മെട്രോയിൽ യാത്ര ചെയ്യാൻ നേതാക്കളടക്കം ഇരുന്നൂറോളം പേർക്ക് മാത്രമാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ അണികളുടെ തള്ളിക്കയറ്റം മൂലം ടിക്കറ്റ് പരിശോധനാഗേറ്റുകൾ തുറന്നിടേണ്ടതായി വന്നു.  രമേശ് ചെന്നിത്തല ആദ്യ ട്രെയിനില്‍ കയറിയെങ്കിലും തിരക്ക് മൂലം ഉമ്മൻചാണ്ടിക്ക് കയറാനായില്ല. പിന്നീട് വന്ന ട്രെയിനിലാണ് ഉമ്മൻചാണ്ടിക്ക് കയറാനായത്. തിക്കിലും തിരക്കിലും പെട്ട് ഉമ്മൻചാണ്ടി സ്റ്റേഷനിൽ വീഴുകയുമുണ്ടായി. പ്രവര്‍ത്തകര്‍ തിങ്ങിക്കയറിയതോടെ പാലാരിവട്ടം സ്റ്റേഷനിലെ എസ്കലേറ്റർ തകരാറിലായി. ആയിരം രൂപ മുതല്‍ ആറ് മാസം തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.

Tags:    
News Summary - janakeeya metro yathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.