രാമക്ഷേത്ര നിലപാടിൽ സാദിഖലി തങ്ങളെ പ്രകീർത്തിച്ച് ജന്മഭൂമി മുഖപ്രസംഗം; 'നല്ല കാര്യങ്ങള്‍ എപ്പോള്‍ ചെയ്താലും വൈകിയെന്ന് പറയാനാവില്ല'

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിൽ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രകീർത്തിച്ച് മുഖപ്രസംഗവുമായി ബി.ജെ.പി മുഖപത്രം ജന്മഭൂമി. രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മുസ്ലിംലീഗിന്‍റെ നിലപാട് ഒരേസമയം സ്വാഗതാര്‍ഹവും കൗതുകകരവുമാണ്. രാമക്ഷേത്രത്തോടുള്ള മുസ്ലിംലീഗിന്‍റെ നിലപാടുമാറ്റം വൈകിയുദിച്ച വിവേകമായി കാണുന്നവരുണ്ടാവാം. എന്നാല്‍ നല്ല കാര്യങ്ങള്‍ എപ്പോള്‍ ചെയ്താലും വൈകിയെന്ന് പറയാനാവില്ലെന്ന് 'അയോധ്യാ രാമക്ഷേത്രം ലീഗിനോട് പറയുന്നത്' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു.

അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതോടെ ആശ്ചര്യകരമായ മാറ്റങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. 'രാമക്ഷേത്ര നിര്‍മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും, ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലീഗിലെ അവസാനവാക്കായി കരുതപ്പെടുന്ന അതിന്റെ പരമോന്നത നേതാവുതന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തെ അനുകൂലിക്കുന്നതായി വ്യക്തിപരമായ സംഭാഷണത്തില്‍ ലീഗിന്റെ ചില നേതാക്കള്‍ മുന്‍കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ആ നിലപാട് പരസ്യമായി പറയാന്‍ അവരാരും തയ്യാറായിരുന്നില്ല.

രാമക്ഷേത്രത്തോടുള്ള മുസ്ലിംലീഗിന്റെ നിലപാടുമാറ്റം വൈകിയുദിച്ച വിവേകമായി കാണുന്നവരുണ്ടാവാം. എന്നാല്‍ നല്ല കാര്യങ്ങള്‍ എപ്പോള്‍ ചെയ്താലും വൈകിയെന്ന് പറയാനാവില്ല. രാമക്ഷേത്രത്തിന്‍റെ കാര്യത്തില്‍ ലീഗ് എടുത്തിട്ടുള്ള നിലപാട് ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാനുള്ള സാധ്യതയുണ്ട്. രാമക്ഷേത്രം മുസ്ലീങ്ങള്‍ക്കെതിരല്ലെന്നും, തര്‍ക്കമന്ദിരം മസ്ജിദായി കരുതുന്നുവെങ്കില്‍ അത് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്നതാണെന്നും അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ തുടക്കംമുതല്‍ പറയുന്നതാണ്. സുപ്രീംകോടതി വിധിയുടെ അന്തഃസത്തയും ഇതുതന്നെയായിരുന്നല്ലോ. മുസ്ലിംലീഗിനെപ്പോലെ ഒരു കക്ഷി ഈ നിലപാടിലേക്ക് എത്തിച്ചേര്‍ന്നതില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം കണ്ടേക്കാമെങ്കിലും ഇന്നത്തെ നിലയ്‌ക്ക് അത് ശരിയായ നിലപാടാണ്' -ജന്മഭൂമി മുഖപ്രസംഗത്തിൽ പറയുന്നു.

ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ് രാമക്ഷേത്രവും അവിടെ ഇനി പണിയാൻ പോകുന്ന മസ്ജിദും എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ വിവാദ പ്രസ്താവന. 'കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ക്ഷേത്രം. കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിർമാണത്തിനായി കാത്തിരിക്കുന്ന മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാഗമാണ്. ഇത് രണ്ടും രാജ്യത്തിന്റെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. നമ്മൾ അതിനെ ഉൾക്കൊള്ളുക’ എന്നായിരുന്നു വാക്കുകൾ. ഇതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. 

Tags:    
News Summary - Janmabhoomi editorial praising sadiq ali shihab thangals Ram temple stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.