കൊച്ചി: ആരെങ്കിലും അന്യായമായി തടവിലാക്കിയെന്ന് വ്യക്തമായ പരാതിയില്ലാത്ത സാഹചര്യത്തിൽ പത്തനംതിട്ടയിൽനിന്ന് കാണാതായ വിദ്യാർഥിനി ജസ്ന മറിയ ജയിംസിനുവേണ്ടി നൽകിയ ഹേബിയസ് കോർപസ് ഹരജികൾ നിലനിൽക്കില്ലെന്ന് ഹൈകോടതി. കണ്ടെത്താന്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് ജസ്നയുടെ സഹോദരൻ ജയ്സും അഡ്വ. ഷോൺ ജോർജും നൽകിയ ഹരജികൾ തള്ളി.
ജസ്നയെ കാണാതായെന്നുകാണിച്ച് മാർച്ച് 20നാണ് പിതാവ് പരാതി നൽകിയത്. അന്വേഷണത്തിൽ ഫലമില്ലെന്ന് വന്നതോടെയാണ് ഹേബിയസ് കോർപസ് ഹരജി നൽകിയത്. ജസ്ന ആരുടെയെങ്കിലും തടവിലാണെന്ന് വ്യക്തമായ ആക്ഷേപം ഉന്നയിക്കാൻ ഹരജിക്കാർക്ക് കഴിയുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
ഏതോ ക്രിമിനൽ സംഘത്തിെൻറ പിടിയിലായെന്ന് കേട്ടതായി ഷോൺ ജോർജിെൻറ ഹരജിയിൽ പറയുന്നു. അതേസമയം, ആരോ തട്ടിക്കൊണ്ടുപോയതാവാം എന്ന് സഹോദരെൻറ ഹരജിയിലും പറയുന്നു. അന്യായമായി തടവിലാക്കിയവരെ കണ്ടെത്താൻ ഉപയോഗിക്കുന്ന ഹേബിയസ് കോർപസ് ഹരജിയിൽ ഇത്തരം വ്യക്തതയില്ലാത്ത ആശങ്കയുടെ പേരിൽ കോടതിക്ക് അധികാരം വിനിയോഗിക്കാനാവില്ല.
അന്വേഷണം തൃപ്തികരമല്ലെങ്കിൽ ഉചിതമായ അന്വേഷണത്തിന് കോടതിയെ സമീപിക്കുന്നതിനുപകരം ഹേബിയസ് കോർപസ് ഹരജിയിലൂടെ പരിഹാരം തേടാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു. ഗൗരവമേറിയ അന്വേഷണമാണ് നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി. സാധ്യമായ അന്വേഷണങ്ങൾ എല്ലാം നടത്തുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
മാത്രമല്ല, ജസ്നയെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജി ഹൈകോടതിയിലുണ്ടെന്ന് സർക്കാർ അഭിഭാഷകനും ചൂണ്ടിക്കാട്ടിയെന്ന് േകാടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഈ ഹരജിയിലെ വിലയിരുത്തലുകൾ സി.ബി.ഐ അന്വേഷണ ഹരജിയിലെ നടപടികളെ ബാധിക്കരുതെന്ന നിർദേശത്തോടെ ഹേബിയസ് കോർപസ് ഹരജികൾ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.