തിരുവനന്തപുരം: മന്ത്രിയെ വേദിയിലിരുത്തി റോഡ് തകർച്ച സംബന്ധിച്ച് നടത്തിയ വിമർശനങ്ങളിൽ വിശദീകരണവുമായി നടൻ ജയസൂര്യ. റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ടെന്നും അത് ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽനിന്ന് പുറത്തുവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്‍റെ ഉള്ളിൽ തോന്നുന്ന കാര്യങ്ങൾ പറഞ്ഞോേട്ടയെന്ന് പരിപാടിക്ക് മുൻപ് തന്നെ മന്ത്രിയോട് ചോദിച്ചിരുന്നു. നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം എന്നായിരുന്നു മന്ത്രിയുടെ മറുപടി. ആ വാക്കുകൾ ആത്മാർത്ഥതയുടെ ശബ്ദമായിരുന്നുവെന്നും ജയസൂര്യ ഫേസ്ബുക് കുറിപ്പിൽ വിശേഷിപ്പിച്ചു.
കേരളത്തിൽ മഴയുടെ പേര് പറഞ്ഞ് റോഡ് നവീകരണം നീളുകയാണെന്നും മഴയാണ് പ്രശ്നമെങ്കിൽ ചിറാപൂഞ്ചിയിൽ റോഡുണ്ടാകില്ലല്ലോ എന്നുമായിരുന്നു പൊതുമരാമത്ത് ചടങ്ങിൽ ജയസൂര്യയുടെ വിമർശനം. 'മഴ പോലുള്ള പലവിധ കാരണങ്ങൾ പറയാനുണ്ടാകും. പക്ഷെ, അതൊന്നും ജനങ്ങൾ അറിയേണ്ട കാര്യമില്ല. ടാക്സ് അടച്ചാണ് ഓരോരുത്തരും വാഹനം റോഡിലിറക്കുന്നത്. അവർക്ക് നല്ല റോഡ് വേണം. മോശം റോഡുകളിൽ വീണ് മരിച്ചാൽ ആരാണ് സമാധാനം പറയുക' എന്നും മന്ത്രിയെ വേദിയിലിരുത്തി ജയസൂര്യ ചോദിച്ചിരുന്നു
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഈ വിമർശനം.
'രണ്ടുദിവസം മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തിൽ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുക്കാം എന്നു മറുപടി പറയാൻ ഒട്ടും താമസിക്കേണ്ടി വന്നില്ല.
ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു, ഞാൻ എന്‍റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ? അദ്ദേഹത്തിന്‍റെ മറുപടി നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകൾ ഞാൻ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാർത്ഥതയുടെ ശബ്ദമായിരുന്നു.
ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ ഈ വാക്ക് കേവലം ഒരു വാക്കല്ല ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്‍റെ പ്രവർത്തികൾ എന്നെ ബോധ്യപ്പെടുത്തി തന്നത്, അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനിമുതൽ നമ്മുടെ റോഡുകളിൽ അത് പണിത കോൺട്രാക്ടറുടെ പേരും ഫോൺ നമ്പറും വിലാസവും പ്രദർശിപ്പിക്കുക എന്ന രീതി. വിദേശങ്ങളിൽ മാത്രം നമ്മൾ കണ്ടുപരിചയിച്ച വിപ്ലവകരമായ ഈ തീരുമാനം അദ്ദേഹം നടപ്പിൽ വരുത്തുകയാണ്.
റോഡുകൾക്ക് എന്ത് പ്രശ്നം സംഭവിച്ചാലും അതിന്‍റെ ഉത്തരവാദിത്വം പൂർണ്ണമായും കോൺട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആണ് എന്നതും ഒരു ജനകീയ സർക്കാറിന്‍റെ ലക്ഷണമാണ്. അതെ ജനകീയമായ ഒരു സർക്കാർ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോൾ ആണ്. ശ്രീ റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ. പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ.'' -ജയസൂര്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.