തിരുവനന്തപുരം: സർക്കാർ പുറത്തുവിടാത്ത ജെ.ബി. കോശി കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിന് അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതി രൂപവത്കരിച്ച് സർക്കാർ ഉത്തരവ്. പൊതുഭരണ വകുപ്പ് സെക്രട്ടറി, ന്യൂനപക്ഷ ക്ഷേമവകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ.
സംസ്ഥാനത്തെ കൃസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ചാണ് ജെ.ബി. കോശി സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൃസ്ത്യൻ സംഘടനകൾ സർക്കാറിൽ സമ്മർദം ചെലുത്തിവരികയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ശിപാർശ നടപ്പാക്കുന്നത് സംബന്ധിച്ച് അഭിപ്രായങ്ങൾ സമർപ്പിക്കാൻ സമിതി രൂപവത്കരിച്ചത്.
നേരത്തെ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തിയ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പാലോളി കമ്മിറ്റി ശിപാർശ പ്രകാരം നടപ്പാക്കിയ മുസ്ലിം ക്ഷേമ പദ്ധതികളിൽ ക്രിസ്ത്യൻ സംഘടനകൾ പരാതി ഉന്നയിക്കുകയും ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പിന്നാലെ, പൂർണമായും മുസ്ലിം വിഭാഗങ്ങൾക്ക് അനുവദിച്ചിരുന്ന സ്കോളർഷിപ്പുകൾ 80:20 അനുപാതത്തിലേക്ക് മാറ്റി. ഇത് ജനസംഖ്യാനുപാതികമായി 60:40 എന്ന അനുപാതത്തിലേക്ക് മാറ്റണമെന്നായിരുന്നു ക്രിസ്ത്യൻ സംഘടനകളുടെ ആവശ്യം. ഹൈകോടതിയിൽനിന്ന് അനുകൂല വിധി വന്നതോടെ സ്കോളർഷിപ്പുകൾ സർക്കാർ 60:40 എന്ന അനുപാതത്തിലേക്ക് മാറ്റി. വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും സ്റ്റേ അനുവദിച്ചില്ല. സർക്കാർ അപ്പീൽ പിൻവലിക്കണമെന്ന് കൃസ്ത്യൻ സംഘടനകൾ സമ്മർദം ചെലുത്തിവരുന്നുമുണ്ട്.
മുസ്ലിം ക്ഷേമപദ്ധതികളുടെ അനുപാതം സംബന്ധിച്ച് പരാതി ഉന്നയിച്ചതോടെയാണ് കൃസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാനായി കോശി കമീഷനെ സർക്കാർ നിയോഗിച്ചത്. സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഉള്ളടക്കം സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് റിപ്പോർട്ടിലെ ശിപാർശ നടപ്പാക്കാൻ അഭിപ്രായം സമർപ്പിക്കാൻ സമിതിക്ക് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.