ബി.ജെ.പി ബന്ധമുള്ള പാർട്ടിയായി ജെ.ഡി.എസിന് ഇടതുമുന്നണിയിൽ തുടരാനാവില്ല -സി.പി.എം

തിരുവനന്തപുരം: ബി.ജെ.പി ബന്ധമുള്ള പാർട്ടിയായി ജെ.ഡി.എസിന് ഇടതുമുന്നണിയിൽ തുടരാനാവില്ലെന്ന് സി.പി.എം. ജെ.ഡി.എസ് ദേശീയനേതൃത്വം എൻ.ഡി.എയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് സി.പി.എം താക്കീത് നൽകിയത്. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് ജെ.ഡി.എസിന് സി.പി.എം നിർദേശം നൽകി.

ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തെയാണ് സി.പി.എം നിലപാട് അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിലുള്ള എതിർപ്പ് നേരത്തെ തന്നെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ദേശീയ നേതൃത്വം മുഖവിലക്കെടുത്തിരുന്നില്ല.

ജെ.ഡി.എസ് ബി.ജെ.പിയുമായി സഹകരിക്കുന്നതിനെ വിമർശിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. കേരളം ഭരിക്കുന്നത് എൻ.ഡി.എ-എൽ.ഡി.എഫ് സർക്കാരാണെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്. ഇതോടെയാണ് സി.പി.എം ജെ.ഡി.എസിന് താക്കീതുമായി രംഗത്തെത്തിയത്.

സെപ്റ്റംബർ 22നാണ് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ആചാര്യനുമായ എച്ച്.ഡി ദേവഗൗഡയും മകനും മുൻ കർണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനു പിന്നാലെ ജെ.ഡി.എസ്-എൻ.ഡി.എ സഖ്യത്തിൽ ചേരാൻ തീരുമാനിച്ച വിവരം പരസ്യമാക്കുകയായിരുന്നു.

Tags:    
News Summary - JD(S) cannot remain in Left Front as BJP-affiliated party - CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.