കോഴിക്കോട്: ജോയൻറ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) മെയിനിൽ കേരളത്തിന് അഭിമാനമായി ഷാഫിൽ മാഹീെൻറ നേട്ടം. ദേശീയതലത്തിൽ എട്ടാം റാങ്കും ഒ.ബി.സി വിഭാഗത്തിൽ ഒന്നാം റാങ്കും നേടിയാണ് കോഴിക്കോട് റെയ്സ് പബ്ലിക് സ്കൂളിലെ ഈ പ്ലസ്ടു വിദ്യാർഥി വിജയിച്ചത്.
360ൽ 345 മാർക്കാണ് മെയിൻ പരീക്ഷയിൽ ഷാഫിൽ നേടിയത്. കേരളത്തിലാദ്യമായിട്ടാണ് ജെ.ഇ.ഇ മെയിനിൽ ഇത്രയും ഉയർന്ന റാങ്ക് ഒരാൾക്ക് കിട്ടുന്നതെന്നതിെൻറ സന്തോഷത്തിലാണ് ഷാഫിലിെൻറ കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും.
തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജിെല സിവിൽ എൻജി.വിഭാഗം അധ്യാപകനായ കെ.എ. നിയാസിയുടെയും കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷംജിതയുടെയും ഏക മകനാണ് ഷാഫിൽ മാഹീൻ. തിരൂർ ബി.പി അങ്ങാടി സ്വദേശികളായ ഇവർ മകെൻറ പഠനസൗകര്യാർഥം മാവൂർ റോഡിലെ സൗഭാഗ്യ അപ്പാർട്ട്മെൻറ്സിലാണ് താമസം.
മേയ് 21ന് നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഇതിലും മികച്ച റാങ്കുനേടണമെന്ന ആഗ്രഹത്തോടെ തയാറെടുപ്പു നടത്തുകയാണ് ഷാഫിൽ. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗണിതം പഠിക്കാനാണ് താൽപര്യം. ഗണിതത്തെ ഏറെ സ്നേഹിക്കുന്ന ഈ 18കാരൻ കുറെ വർഷങ്ങളായി മാത്സ് ഒളിമ്പ്യാഡിൽ ദേശീയതലത്തിലെ ആദ്യ പത്ത് റാങ്കുകാരിലൊരാളാണ്.
കഠിനാധ്വാനവും പഠനത്തോടുള്ള, പ്രത്യേകിച്ച് കണക്കിനോടുള്ള ഇഷ്ടവുമാണ് തന്നെ നേട്ടത്തിനർഹനാക്കിയത്. രക്ഷിതാക്കളുടെയും റെയ്സിലെ അധ്യാപകരുടെയും പിന്തുണയും മറക്കാനാവില്ല. ഷാഫിൽ പറഞ്ഞു. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിലാണ് പത്താംക്ലാസുവരെ പഠിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.