മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന മുസ് ലിം ലീഗിന്‍റെ ആവശ്യത്തിൽ ഇടപെടാനില്ലെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. അതേകുറിച്ച് പറയേണ്ടത് ലീഗ് ആണ്. അവർക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
പൊന്നാനി ലോക്സഭ സീറ്റിലെ കെ.എസ്. ഹംസയുടെ സ്ഥാനാർഥിത്വത്തിൽ സമസ്ത ഇടപെട്ടിട്ടില്ല. സംഘടന സ്ഥാനാർഥികളെ നിർത്താറില്ല. സമസ്തയിലുള്ളവർക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വിഷയത്തിൽ വീട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് മുസ് ലിം ലീഗ്. മൂന്നാം സീറ്റ് ഉറപ്പായും വേണമെന്ന് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കിയത്.
ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. ലീഗിനെ വളരെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്. അതിനാലാണ് സീറ്റിന്‍റെ കാര്യത്തിൽ ഇത്രയും കാത്തിരുന്നതെന്നും ഇ.ടി. മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാം സീറ്റ് വിഷയത്തിൽ നല്ല തീരുമാനം ഉണ്ടാകുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ പ്രതികരിച്ചിരുന്നു. കോൺഗ്രസ്, മറ്റ് ഘടകകക്ഷികൾ എന്നിവരുമായുള്ള ചർച്ചകൾ തുടരുകയാണ്. വിഷയത്തിൽ പരിഹാരമുണ്ടാകുമെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.