അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ ജിജിമോളെ മെർലിൻ ആലിംഗനം ചെയ്യുന്നു സിജിനും വിനീതും സമീപം

നടപ്പാലം തകർന്ന് തോട്ടിൽ വീണ മൂന്നുപേർക്ക് രക്ഷകയായി ജിജിമോൾ

തിരുവല്ല: ജിജിമോൾ ഇല്ലായിരുന്നെങ്കിൽ തങ്ങൾ മൂന്നുപേർക്കും സംഭവിക്കാവുന്നതോർത്തുള്ള നടുക്കം ഇനിയും മാറിയിട്ടില്ല വിനീത് വർഗീസിന്. അപ്രതീക്ഷിത അപകടത്തിൽ നടപ്പാലം തകർന്ന് കുത്തിയൊഴുകുന്ന തോട്ടിൽ വീണ് മരണക്കയത്തിലേക്ക് താഴുമ്പോഴാണ് അത്ഭുതകരമായി ജിജിമോൾ രക്ഷകയായത്. സ്വന്തം ജീവൻപോലും നോക്കാതെയായിരുന്നു അവർ തോട്ടിലേക്ക് എടുത്തുചാടി മൂന്നുപേരെ അസാധ്യ ധീരതയോടെ കരക്കെത്തിച്ചത്.

ശക്തമായ ഒഴുക്കിൽനിന്ന് ജിജിമോൾ എങ്ങനെ മൂന്നുപേരെ കരക്ക് കയറ്റി എന്നതിൽ വേങ്ങൽ-വേളൂർ മുണ്ടകത്തെ നാട്ടുകാർക്കും അത്ഭുതം തീരുന്നില്ല. വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ദുബൈയിൽ ഐ.ടി കമ്പനിയിൽ ജോലിചെയ്യുന്ന വേങ്ങൽ ചെമ്പരത്തിമൂട്ടിൽ വിനീത് കോട്ടേജിൽ വിനീത് വർഗീസ് (27), ഭാര്യ മെർലിൻ വർഗീസ് (25), മുംബൈയിൽ സ്ഥിരതാമസമാക്കിയ വിനീതിന്‍റെ മാതൃസഹോദരീപുത്രൻ സിജിൻ സണ്ണി (28) എന്നിവരാണ് ഇരുമ്പിന്റെ നടപ്പാലം തകർന്ന് തോട്ടിൽ വീണത്. വേങ്ങൽ-വേളൂർ മുണ്ടകം റോഡിന്‍റെ വശം ചേർന്ന് ഒഴുകുന്ന 25 അടിയോളം വീതിയും പത്തടിയിലേറെ താഴ്ചയും ശക്തമായ ഒഴുക്കുമുള്ള തോടാണിത്. വേങ്ങൽ പാടത്തിന്‍റെ ഫോട്ടോ എടുത്ത് തിരികെ വരുംവഴിയായിരുന്നു അപകടം.

നീന്തൽ വശമില്ലാത്ത മൂവരും പരസ്പരം രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നു. ഈ സമയത്ത് അതുവഴി സ്കൂട്ടറിൽ ജോലിക്കു പോവുകയായിരുന്നു പെരിങ്ങര വേങ്ങൽ ചേന്നനാട്ടിൽ ഷാജിയുടെ ഭാര്യ ജിജിമോൾ എബ്രഹാം (45). അപകടം കണ്ട് അവർ ആദ്യം ഒച്ചവെച്ചു. പിന്നെ തോട്ടിലേക്ക് ചാടി ഓരോരുത്തരെയായി രക്ഷിച്ച് കരക്കെത്തിക്കുകയായിരുന്നു. തുടർന്ന് പരിസരവാസികൾ ചേർന്ന് നാലുപേരെയും റോഡിലേക്ക് വലിച്ചുകയറ്റി. എങ്ങനെയാണ് തനിക്കിത് സാധിച്ചത് എന്നതിന്റെ അമ്പരമ്പ് മാറിയിട്ടില്ല ജിജിക്കും. പുഷ്പഗിരി ആശുപത്രിയിൽ കോഫി സ്റ്റാൾ നടത്തുകയാണ് ഇവർ. എം.കോം വിദ്യാർഥിയായ കെസിയ, നാലാം ക്ലാസ് വിദ്യാർഥിയായ കെസ്വിൻ എന്നിവരാണ് മക്കൾ. ജിജിമോളെ നാട്ടുകാരുടെ സാന്നിധ്യത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം ഷാൾ അണിയിച്ച് ആദരിച്ചു. ഇവർക്ക് നന്ദി പറയാൻ സിജിന്‍റെയും വിനീതിന്‍റെയും പിതാക്കന്മാരും എത്തിയിരുന്നു.

Tags:    
News Summary - Jijimol saved three people who fell into the stream when the footbridge collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.