കോഴിക്കോട്: ആർ.എസ്.എസിന്‍റെ മറ്റൊരു മുഖമാണ് കാസയെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ. കാസക്കെതിരെ ഒരന്വേഷണം പോലും നടത്താൻ കാരണഭൂതന്റെ ആഭ്യന്തര വകുപ്പിനോട് പറയാത്തതെന്തേ എന്ന് ജിന്‍റോ ജോൺ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
11 ചോദ്യങ്ങളാണ് ജിന്‍റോ ജോൺ ഫേസ്ബുക്ക് കുറിപ്പിൽ ഉന്നയിക്കുന്നത്. സോഷ്യൽ മീഡിയയിലും പൊതുരംഗത്തും വർഗീയ വിഷം വിതച്ച് കൊയ്ത്തിനാകാറായിട്ടും മാർക്സിസ്റ്റ് ആചാര്യൻ നാളിതുവരെ കണ്ടില്ലേ എന്ന് ജിന്‍റോ ചോദിക്കുന്നു. പി.സി. ജോർജ് മുതൽ കെ.ടി. ജലീൽ വരെയുള്ള സംഘികളും സഖാക്കളും ഈ വൃത്തികേടുകൾ മുഴുവൻ എഴുന്നള്ളിക്കുമ്പോൾ നിങ്ങൾ എ.കെ.ജി സെന്ററിൽ ഉണ്ടുറങ്ങി ഇരിക്കുകയല്ലേ എന്നും ജിന്‍റോ ജോൺ ചോദിക്കുന്നു.
ആഹാ ഗോവിന്ദൻ സാറിന്റെ വെളിപാട് വന്നല്ലോ! ഹോ ഫയങ്കരൻ തന്നെ!!
എന്നിട്ട്,
1. ആസൂത്രിതമായി വർഗ്ഗീയ വിഷം വിതക്കുന്ന കാസക്കെതിരെ ഒരന്വേഷണം പോലും നടത്താൻ കാരണഭൂതന്റെ ആഭ്യന്തര വകുപ്പിനോട് പറയാത്തതെന്തേ?
2. കഴിഞ്ഞ ഉപതെരെഞ്ഞെടുപ്പ് കാലത്തും മുനമ്പം, വഖഫ് വിഷയങ്ങളിലും കാസയുടെ വിഷക്കോപ്പ നിറഞ്ഞു തുളുമ്പിയത് കണ്ടില്ലേ വിപ്ലവ സാറേ?
3. പരസ്യമായും പതുങ്ങിയും സോഷ്യൽ മീഡിയയിലും പൊതുരംഗത്തും ഇതുപോലെ വർഗ്ഗീയ വിഷം വിതച്ച് കൊയ്ത്തിനാകാറായിട്ടും മാർക്സിസ്റ്റ് ആചാര്യൻ നാളിതുവരെ കണ്ടില്ലേ?
4. ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, മാർക്ക് ജിഹാദ്, ബിരിയാണി ജിഹാദ്, തുടങ്ങി നാരങ്ങാവെള്ളത്തിൽ പോലും ജിഹാദ് ഉണ്ടെന്ന് പുലമ്പുന്നവരെ കെട്ടഴിച്ചു വിട്ട കാരണഭൂതന്റെ പോലീസിനെ കണ്ടില്ലേ?
5. സർവ്വ സംഘികളും കേരളത്തെ കലാപ കലുഷിതമാക്കാൻ ഓവർടൈം പണിയെടുക്കുമ്പോഴും ഉറക്കം നടിച്ച സർക്കാരിന്റെ തലപ്പത്ത് ആരാണ്?
6. പി സി ജോർജ്ജ് മുതൽ കെ ടി ജലീൽ വരെയുള്ള സംഘികളും സഖാക്കളും ഈ വൃത്തികേടുകൾ മുഴുവൻ എഴുന്നള്ളിക്കുമ്പോൾ നിങ്ങൾ ഏകെജി സെന്ററിൽ ഉണ്ടുറങ്ങി ഇരിക്കുകയല്ലേ?
7. പ്രണയത്തിലും വിവാഹത്തിലും എന്തിന് ലഹരിയിലും കുറ്റകൃത്യങ്ങളിലും വരെ വർഗ്ഗീയത ചികഞ്ഞ് വെറുപ്പ് ഉത്പാദിപ്പിക്കുന്നത് നിങ്ങളുടെ തണലിലല്ലേ?
8. പി. ജയരാജന്റെ പുസ്തകവും വി എസ്സിന്റെയും പിണറായിയുടേയും മുതൽ ഏറ്റവും ഒടുവിലായി ബ്രാഞ്ച് തലത്തിൽ വരെയുള്ള സഖാക്കളും വിളമ്പുന്ന ഇസ്‌ലാമോഫോബിക് വർത്തമാനങ്ങൾ നിങ്ങൾ കണ്ടില്ലേ ഇതുവരെ?
9. പി സി ജോർജ്ജിനെ പിടിക്കാതിരിക്കാനും കോടതി ഇടപെട്ടപ്പോൾ പിടിക്കേണ്ടി വന്നപ്പോഴും സർക്കാർ നൽകിയ കരുതൽ കാരണഭൂതനെയും വീണമോളെയും തടവിൽ പോകാതെ കാക്കാൻ മാത്രമല്ലല്ലോ, തുടർഭരണത്തിന് സംഘിപിന്തുണ ഉറപ്പാക്കാൻ കൂടിയല്ലേ?
10. ജോർജ്ജിന്റെ ഏറ്റവും അവസാനത്തെ വർഗ്ഗീയ കൃഷിക്കെതിരെ കേസെടുക്കേണ്ടെന്ന് കേരള പോലീസ് തീരുമാനിച്ചത് താങ്കൾ അറിഞ്ഞില്ലേ?
11. മീനച്ചിൽ താലൂക്കിലെ ലവ് ജിഹാദിന് ഇരയായ 400 പെൺകുട്ടികൾ ആരെന്നും അവരെ വഞ്ചിച്ച ആ തീവ്രവാദികൾ ആരെന്നും കൃത്യമായി അറിയാൻ സിപിഎമ്മിന് താല്പര്യമില്ലേ?
ഒന്നുകിൽ ആ 400 കുറ്റവാളികളെ കണ്ടെത്തി തുറന്ന് കാണിക്കാനുള്ള ആർജ്ജവം കാരണഭൂതന് നിങ്ങളുടെ പാർട്ടി കൊടുക്കണം. അല്ലെങ്കിൽ തെമ്മാടിത്തരം പറഞ്ഞ സംഘി ജോർജ്ജിനെ സത്യങ്ങൾ നിരത്തി മറുപടി പറയിക്കണം. വർഗ്ഗീയ വിഷത്തിന്റെ കൊടുംകള്ളം പറഞ്ഞ അയാളെ ചുമ്മാതങ്ങ് മേയാൻ വിട്ടാൽ കേരളത്തിൽ സംഭവിക്കുന്ന മാരക പാപങ്ങൾക്ക് നിങ്ങളുടെ ചോരക്കൊടി കൂടി ഉത്തരവാദിയാകും. മാസപ്പടിയുടെ കേസിൽ ജോർജ്ജിന്റെ മകന്റെ വലത് കക്ഷത്തിൽ പെട്ടിരിക്കുന്ന മുഖ്യന്റെ മകളുടെ എക്സാലോജിക് കഴുത്ത് കൂടുതൽ കുരുങ്ങാതിരിക്കാൻ കേരളത്തെ മുഴുവൻ സംഘികൾക്ക് പാട്ടത്തിന് കൊടുത്തതാണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.