വി.സി അറിയാതെ നിയമന വിജ്ഞാപനം; കെ.ടി.യു രജിസ്ട്രാർക്ക് വി.സിയുടെ ഷോകോസ്

തിരുവനന്തപുരം: വൈസ്ചാൻസലറുടെ അനുമതിയില്ലാതെ താൽക്കാലിക ജീവനക്കാരുടെ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ച സാങ്കേതിക സർവകലാശാല (കെ.ടി.യു) രജിസ്ട്രാർ എ. പ്രവീണിന് വി.സി ഡോ. സിസ തോമസിന്‍റെ കാരണം കാണിക്കൽ നോട്ടീസ്. വി.സിയുടെ അംഗീകാരമില്ലാതെ ഗവർണറുടെ നടപടികളെ വിമർശിച്ച് സർവകലാശാലയുടെ വാർത്തക്കുറിപ്പ് തയാറാക്കി പ്രസിദ്ധീകരണത്തിന് നൽകിയതിന് പി.ആർ.ഒയോടും വിശദീകരണം തേടി.

താൽക്കാലിക ജീവനക്കാരെ നേരിട്ട് നിയമിക്കാനുള്ള നടപടി ഗവർണർ മരവിപ്പിക്കുകയും, അനധികൃതമായി വിജ്ഞാപനം പുറപ്പെടുവിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ വിവരം അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും ഗവർണർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വി.സി വിശദീകരണം തേടിയത്.

91 പേരെയാണ് താൽക്കാലികമായി സിൻഡിക്കേറ്റ് അംഗങ്ങൾ നേരിട്ട് നിയമിച്ചത്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയോ പി.എസ്.സിയുടെ നിലവിലെ റാങ്ക് പട്ടികയിൽനിന്നോ താൽക്കാലികമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ നിയമിക്കാനുള്ള വിജ്ഞാപനം ഗവർണർ തടഞ്ഞത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പദവി നഷ്ടപ്പെട്ട മുൻ വൈസ് ചാൻസലരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച രേഖകൾ ഒന്നുംതന്നെ സർവകലാശാലയിൽ ഇല്ല.

മാത്രമല്ല പുറത്തായ വൈസ് ചാൻസലറുടെ എല്ലാ നടപടികളും നിയമന തീയതി മുതൽ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ പുതിയ വി.സി നിയമിതയായ ശേഷവും വൈസ് ചാൻസലർ അറിയാതെ രജിസ്ട്രാർ വിജ്ഞാപനമിറക്കിയത് ചട്ടലംഘനമാണ്. എല്ലാ ജീവനക്കാരും ദിനംപ്രതി വർക്ക് ഡയറി ഹാജരാക്കാൻ വി.സി രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വി.സിയും സിൻഡിക്കേറ്റും തമ്മിൽ ശീതസമരം തുടരുന്നതിനിടെ ബുധനാഴ്ച സർവകലാശാല സിൻഡിക്കേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഗവർണറുടെയും വി.സിയുടെയും നടപടികൾക്കെതിരെ ശക്തമായ വിമർശനമുയർന്നേക്കും.

സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധർ മാത്രമുണ്ടായിരുന്ന സർവകലാശാലയിൽ സമീപകാലത്താണ് നിയമഭേദഗതിയിലൂടെ രാഷ്ട്രീയ നേതാക്കൾക്ക് കൂടി പ്രാതിനിധ്യം ലഭിക്കുന്ന നിലയിൽ നിയമഭേദഗതി വരുത്തിയത്. ഐ.ബി. സതീഷ് എം.എൽ.എ, മുൻ എം.പി പി.കെ. ബിജു തുടങ്ങിയവർ സിൻഡിക്കേറ്റിൽ അംഗമാവുകയും ചെയ്തു. 

Tags:    
News Summary - Job notifications: KTU V-C in-charge seeks explanation from Registrar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.