കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ താരമായി ജോസ് കെ. മാണി. യു.ഡി.എഫിൽനിന്ന് പുറത്താക്കിയ ശേഷം നിലനിൽപ്പിന് അദ്ദേഹം രണ്ടുംകൽപിച്ച് ഇടതുമുന്നണിയുടെ ഭാഗമാവുകയായിരുന്നു. കേരള കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെയും മുതിർന്ന നേതാക്കളുടെയും എതിർപ്പ് അവഗണിച്ചായിരുന്നു ഇടതുപ്രവേശനം.
എന്തായാലും ജോസിെൻറ കണക്കുകൂട്ടൽ തെറ്റിയില്ല. സഭകളുടെ എതിർപ്പും ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ, വിവിധ കാരണങ്ങളുടെ പേരിൽ യു.ഡി.എഫുമായി അകന്ന സഭകളുടെ പിന്തുണയും പരോക്ഷമായി ജോസ് വിഭാഗത്തിനും ഇടതുമുന്നണിക്കും ലഭിച്ചു.
മുന്നണിപ്രവേശനം എല്‍.ഡി.എഫിനെ മധ്യകേരളത്തിലും കുടിയേറ്റ മേഖലകളിലും കാര്യമായി തുണെച്ചന്നാണ് വിലയിരുത്തൽ. നിയമസഭ തെരഞ്ഞെടുപ്പിൽ ഇതിെൻറ പ്രതിഫലനം കൂടുതൽ ശക്തമായി ഉണ്ടാകുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. കേരള കോൺഗ്രസിന് പാലായിൽ മാണി സി. കാപ്പൻ ഉയർത്തുന്ന വെല്ലുവിളിയും ഇതോടെ ദുർബലമായി. പാലാ സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് ജോസ് പക്ഷം.
മധ്യകേരളത്തിലെ മൂന്ന് ജില്ല പഞ്ചായത്തിലും പാലാ നഗരസഭയിലും നേടിയ വിജയം ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമാണ്. കോൺഗ്രസ് കാലുവാരിയെന്ന പി.ജെ. ജോസഫിെൻറ ആരോപണം യു.ഡി.എഫിനെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്. എന്നാൽ, ഇടതുസർക്കാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോഴും കാര്യമായ വിവാദങ്ങൾക്ക് ഇടനൽകാെത പ്രചാരണരംഗത്ത് സജീവമാവുകയായിരുന്നു ജോസ്പക്ഷം. കോട്ടയത്തിന് പുറമെ മലയോര-കിഴക്കൻ മേഖലകളിലെല്ലാം മികച്ചവിജയമാണ് ജോസ് പക്ഷം നേടിയത്. ജോസിലൂടെ ഈ മേഖലകളിൽ കടന്നുകയറാൻ സി.പി.എമ്മിനും കഴിഞ്ഞു.
അതേസമയം, തൊടുപുഴ നഗരസഭയില്‍ ഏഴില്‍ അഞ്ച് സീറ്റില്‍ ജോസഫ് വിഭാഗം തോല്‍ക്കുകകൂടി ചെയ്തതോടെ യഥാര്‍ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്നും ജോസ് കെ. മാണി വ്യക്തമാക്കുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍നിന്ന് പാലായുള്‍പ്പെടെ കൂടുതൽ സീറ്റുകളില്‍ ജോസ് കെ. മാണി അവകാശവാദം ഉന്നയിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.