തെരുവുനായ വിമുക്ത ഭാരതത്തിനായി തെരുവുനായ്ക്കളെ ഷെല്‍ട്ടറിലടയ്ക്കൂ... ജനങ്ങളെ രക്ഷിക്കൂ... എന്ന മുദ്രാവാക്യവുമായി ജോസ് മാവേലിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓട്ടയജ്ഞത്തിന് ആലുവ സെൻറ് സേവ്യേഴ്‌സ് വനിത കോളജില്‍ സ്വീകരണം നൽകിയപ്പോള്‍ 

തെരുവുനായ്ക്കൾക്കെതിരെ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ഓട്ടയജ്ഞം

ആലുവ: കേരളത്തിലെ തെരുവുകള്‍ അക്രമകാരികളായ നായ്ക്കള്‍ കീഴടക്കുന്നതിനെതിരെ പ്രതിഷേധ ഓട്ടയജ്ഞവുമായി ജോസ് മാവേലി. സീനിയര്‍ വെറ്ററന്‍ ചാമ്പ്യന്‍കൂടിയായ ജോസ് മാവേലി തെരുവുനായ വിമുക്തഭാരത സംഘത്തിൻറെ പിന്തുണയോടെയാണ് ഓട്ടയജ്ഞം സംഘടിപ്പിക്കുന്നത്.

ആദ്യ തെരുവുനായ വിമുക്ത ജില്ലയായി എറണാകുളം ജില്ലയെ മാറ്റി രാജ്യത്തിനാകമാനം മാതൃകയാക്കണമെന്നാണ് ജോസ് മാവേലിയുടെയും കൂട്ടരുടെയും ലക്ഷ്യം. അതിനായി 'തെരുവുനായ്ക്കളെ ഷെല്‍ട്ടറിലടയ്ക്കൂ... ജനങ്ങളെ രക്ഷിക്കൂ...' എന്ന മുദ്രാവാക്യവുമായി ജില്ലയിലുടനീളം വരുംദിവസങ്ങളില്‍ പര്യടനം നടത്താനാണ് പദ്ധതി.

പഞ്ചായത്തുകള്‍തോറും ഡോഗ് ഷെല്‍ട്ടറുകള്‍ നിർമിച്ച് നായകളെ അതിനുള്ളിലിട്ട് പരിപാലിച്ചാല്‍ ജനങ്ങള്‍ സുരക്ഷിതരാകുമെന്ന് ഇവർ പറയുന്നു. കേരളത്തില്‍ തെരുവുനായ്ക്കളില്‍നിന്നും ദിനംപ്രതി നൂറുകണക്കിന് പേർക്കാണ് കടിയേല്‍ക്കുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ 21 ഓളം പേർ മരണപ്പെട്ടു. അതിനാല്‍ നായ്ക്കളെ കൊന്നുകളയാന്‍ നിയമമനുവദിക്കുന്നില്ലെങ്കില്‍ ജനവാസകേന്ദ്രങ്ങളില്‍നിന്ന് അവയെ പിടിച്ച് പഞ്ചായത്തുകള്‍ തോറും സംരക്ഷണകേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് അതിനുള്ളിലിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2015 ല്‍ അലഞ്ഞ്തിരിയുന്ന തെരുവുനായ്ക്കളെ സംരക്ഷിക്കാനായി ജോസ് മാവേലിയുടെ നേതൃത്വത്തില്‍ കൂവപ്പടി പഞ്ചായത്തില്‍ സമാനരീതിയില്‍ ഒരു കേന്ദ്രം തുടങ്ങിയെങ്കിലും വാക്‌സിന്‍ ലോബിയുടെയും നായ്‌പ്രേമികളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് അക്രമകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്ത് ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവുനായ ഉന്മൂലനസംഘവുമായി ജോസ് മാവേലി രംഗത്തെത്തിയിരുന്നു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന മനേകഗാന്ധിയുടെയും മൃഗസ്‌നേഹികളുടെയും പരാതിയിൽ ജോസ് മാവേലിയെ കേസെടുത്ത് ജയിലിലടച്ചിരുന്നു.

പ്രതിഷേധ ഓട്ടയജ്ഞത്തിന് ആലുവ സെൻറ് സേവ്യേഴ്‌സ് കോളജില്‍ ആദ്യ സ്വീകരണം നൽകി. കോളജ് കാമ്പസിലെത്തിയ പ്രതിഷേധയജ്ഞക്കാരെ കോളജ് എന്‍.എസ്.എസ് യൂനിറ്റിൻറെ ആഭിമുഖ്യത്തില്‍ അധ്യാപകരും വിദ്യാര്‍ഥിനികളും ചേര്‍ന്നാണ് സ്വീകരിച്ചത്. തെരുവു പട്ടികളുടെ ശല്യത്തില്‍ പൊറുതിമുട്ടിക്കഴിയുന്ന സാധാരണക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി സംസാരിക്കാന്‍ ആരും തയ്യാറാകാതെ മടിച്ചു നില്‍ക്കുമ്പോഴും അതിൻറെ ഗൗരവം മനസിലാക്കി വര്‍ഷങ്ങളായി പോരാട്ടം നടത്തുന്ന ജോസ് മാവേലിയെ കോളജ് അധികൃതരും വിദ്യാർഥികളും അഭിനന്ദിച്ചു.


Tags:    
News Summary - Jose Maveli's campaign against stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT