എം.എം. ജോസഫ്

എൺപത്തിയഞ്ചിലും നീതി തേടി ജോസഫ്​

വൈത്തിരി: തരിയോട് നോർത്ത് വില്ലേജിൽ എം.എം. ജോസഫിന് അഞ്ചേക്കർ കൃഷിസ്ഥലമുണ്ടായിരുന്നു. കാപ്പിയും കുരുമുളകും വാറ്റ് പുല്ലും കൃഷി ചെയ്തു ജീവിതം കരുപ്പിടിപ്പിച്ച ആ കൃഷിഭൂമിയിൽ നിന്നു ജോസഫിനും കുടുംബത്തിനും കണ്ണീരോടെ ഇറങ്ങേണ്ടി വന്നു.

1981ൽ ബാണാസുര സാഗർ ജലവൈദ്യുതി പദ്ധതിക്ക് വേണ്ടി വൈദ്യുതി ബോർഡ് ഭൂമി ഏറ്റെടുത്തതോടയാണ് ജീവന് തുല്യം സ്നേഹിച്ച മണ്ണിൽനിന്നു ജോസഫിന് ഇറങ്ങിപ്പോരേണ്ടി വന്നത്. 1976 മുതൽ കൈവശം വെച്ച് പോന്ന ഭൂമിക്ക് സർക്കാർ നഷ്​ടപരിഹാരം കനിയുമെന്നായിരുന്നു പറഞ്ഞിരുന്നത്.

വർഷങ്ങൾ കാത്തിരുന്നിട്ടും പത്ത് പൈസ പോലും ഈ പാവം കർഷകന് മാത്രം കിട്ടിയില്ല. നഷ്​ടം കിട്ടാൻ വൈകിയതോടെ കാരണം തിരക്കി ജോസഫും നടന്നു തുടങ്ങി.

അധികാരികളുടെ ഓഫിസ് പടികൾ നിരവധി തവണ കയറിയിറങ്ങി. ഒടുവിൽ ആ സത്യം ജോസഫിന് ബോധ്യമായി.

വനം വകുപ്പ് മാടമ്പികളുടെ ഒടുങ്ങാത്ത പക തങ്ങളെ ചതിക്കുഴിയിൽ തള്ളിയിട്ടിരിക്കുന്നു. താൻ പൊന്ന് വിളയിച്ച മണ്ണ് നിക്ഷിപ്ത വന ഭൂമിയാണെന്ന് തന്നോട് പകയുള്ള അന്നത്തെ ഒരു ഫോറസ്​റ്റ് ഓഫിസർ എഴുതി വെച്ചിരിക്കുന്നു.

അന്ന് തുടങ്ങിയ ഓട്ടമാണ് 85 കഴിഞ്ഞ ഈ കർഷകൻ. വനം വകുപ്പി​െൻറ തീരാപ്പകയിൽ വയനാട്ടിൽ മറ്റൊരു കാഞ്ഞിരത്തിനാൽ കുടുംബവും കൂടി ജനിക്കുകയാണ്. നീതി തേടിയുള്ള ഈ കർഷക​െൻറ പരക്കംപാച്ചിൽ അവസാനിക്കുന്നില്ല.

കക്ഷത്തൊരു കൈ ബാഗും അതിൽ നിറയേ പരാതി കെട്ടുകളുമായി വാർധക്യം വകവെക്കാതെ പൊഴുതന സേട്ടുക്കുന്നിലേ വീട്ടിൽ നിന്നും ഇയാൾ ഇറങ്ങി നടക്കുകയാണ്, എന്നെങ്കിലും നീതി പുലരുമെന്ന വിശ്വാസത്തോടെ.

ജോസഫി​െൻറ പ്രശ്നം ഗൗരവതരമായി കാണുന്നുവെന്നും സമാന ചിന്താഗതിക്കാരായ കര്‍ഷകസംഘടനകളുമായി കൂടിയാലോചിച്ച് ആക്​ഷൻ കമ്മിറ്റി രൂപവത്കരിക്കുമെന്നും കാർഷിക പുരോഗമന സമിതി ജനറല്‍ കൺവീനർ ഗഫൂർ വെണ്ണിയോട് പറഞ്ഞു.

Tags:    
News Summary - joseph fight for justice in 85 age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.