കോലഞ്ചേരി: യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിനെ നിയുക്ത കാതോലിക്ക ബാവയാക്കാൻ തീരുമാനം. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിൽ ചേർന്ന സഭാ മാനേജിങ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.
സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ അനുമതി ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സഭയുടെ പ്രാദേശിക തലവനായ ബസേലിയോസ് തോമസ് പ്രഥമൻ ബാവക്ക് പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്ന സാഹചര്യത്തിലാണ് പിൻഗാമിയെ വാഴിക്കാൻ സഭ തീരുമാനമെടുത്തത്.
മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ് - സാറാമ്മ ദമ്പതികളുടെ ഇളയ മകനായ മോർ ഗ്രിഗോറിയോസ് 1960 നവംബർ 10നാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദം നേടിയ അദ്ദേഹം 1984 മാർച്ച് 25ന് വൈദീക പട്ടം കരസ്ഥമാക്കി.
1994 ജനുവരി 16ന് ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ അദ്ദേഹത്തെ കൊച്ചി ഭദ്രാസന ചുമതലയുള്ള മെത്രാപ്പോലീത്തയായി വാഴിച്ചു. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2019ലാണ് സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.