കൊച്ചി: മാധ്യമപ്രവര്‍ത്തകരുടെ വിവിധ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള ന്യൂസ് പേപ്പര്‍ എംപ്ളോയീസ് ഫെഡറേഷനും ഡല്‍ഹി യൂനിയന്‍ ഓഫ് ജേണലിസ്റ്റും ചേര്‍ന്ന് മാര്‍ച്ച് 15ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും.
വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്ത് ദൃശ്യമാധ്യമപ്രവര്‍ത്തകരെയും കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാരെയും വേജ്ബോര്‍ഡ് പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തിന്‍െറ രണ്ടാംഘട്ട കാമ്പയിനിന്‍െറ ഭാഗമായാണ് പാര്‍ലമെന്‍റ് മാര്‍ച്ച്.
പുതിയ വേജ്ബോര്‍ഡ് രൂപവത്കരിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രതൊഴില്‍ മന്ത്രി, വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കുകയും പാര്‍ലമെന്‍റില്‍ വിഷയം ഉന്നയിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ്, ടെലിഗ്രാഫ് പത്രങ്ങളില്‍നിന്ന് പത്രപ്രവര്‍ത്തകരെ അന്യായമായി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും തൊഴില്‍ സംരക്ഷണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന ആവശ്യമുയര്‍ത്തിയും ഡല്‍ഹിയില്‍ 15നുതന്നെ ട്രേഡ് യൂനിയന്‍ കണ്‍വെന്‍ഷനും സംഘടിപ്പിക്കും.
വേജ്ബോര്‍ഡ് ഒൗദാര്യമല്ല, പാര്‍ലമെന്‍റ് സംരക്ഷണത്തോടെയുള്ള സ്റ്റാറ്റ്യൂട്ടറി അവകാശമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. നിയമനങ്ങളെല്ലാം കരാര്‍ വ്യവസ്ഥയിലേക്ക് മാറ്റി വേജ്ബോര്‍ഡിന് പുറത്താക്കാനുള്ള പദ്ധതി എല്ലാ വന്‍കിട പത്ര മാനേജ്മെന്‍റുകളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. സ്ഥിരം നിയമനം ലഭിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെവരെ ന്യായമായ കാരണം കാണിക്കാതെ പിരിച്ചുവിട്ട് ലാഭം കൂട്ടാനും ശ്രമം നടക്കുന്നു. ദൃശ്യമാധ്യമപ്രവര്‍ത്തകരെയും പുതിയ വേജ്ബോര്‍ഡിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കെ.യു.ഡബ്ള്യു.ജെ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍, ജന. സെക്രട്ടറി സി. നാരായണന്‍, കെ.എന്‍.ഇ.എഫ് സംസ്ഥാന സെക്രട്ടറി ഗോപന്‍ നമ്പാട്ട്, പി.എ. മെഹബൂബ്, ആര്‍. ഗോപകുമാര്‍, എം.എന്‍. ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.