കൊച്ചി: കേവലം മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേലിന്‍റെ പക്ഷംചേർന്ന് റിപ്പോർട്ട് ചെയ്യാൻ ഒരു പ്രയാസവുമുണ്ടാകാതിരുന്ന മാധ്യമപ്രവർത്തകർ ആറു മാസം തുടർച്ചയായി കലാപം നടന്ന മണിപ്പൂരിലേക്ക് ഒരുതവണപോലും പോകാൻ തയാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെ പക്ഷത്താണ് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങൾ നിൽക്കുന്നതെന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണിത്. മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയലിൽ രചിച്ച ‘മണിപ്പൂർ എഫ്.ഐ.ആർ’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2023 മേയിലാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. 80 ദിവസത്തോളം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് അതിനെക്കുറിച്ച് പ്രതികരിക്കാൻ. അതും ഒരു പരിഷ്കൃത സമൂഹത്തിന് ചേരാത്ത വിധമുള്ള കാര്യങ്ങൾ അവിടെ നടക്കുന്നുവെന്ന വാർത്തകൾ പുറത്തായപ്പോൾ മാത്രം. അതേസമയം, കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം പ്രതിപക്ഷ കക്ഷികളുടെ നിരവധി നേതാക്കൾ മണിപ്പൂർ സന്ദർശിക്കുകയും അവിടുത്തെ ജനങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്തു.
സംഭവങ്ങൾ നടത്തിയവർക്കെതിരെയല്ല ദൃശ്യങ്ങൾ പകർത്തിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെയാണ് നടപടിയുണ്ടായത്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യക്കെതിരെ പോലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മണിപ്പൂരിൽനിന്നുള്ള വാർത്തകൾ തമസ്കരിക്കുന്ന മുഖ്യധാര മാധ്യമങ്ങൾക്കിടയിൽ പുസ്തകവും രചയിതാവും വേറിട്ട് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുസ്തകം രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് സംസാരിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ, എം.പിമാരായ ഹൈബി ഈഡൻ, എ.എം. ആരിഫ്, തോമസ് ചാഴികാടൻ, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവർ പങ്കെടുത്തു. ജോർജ് കള്ളിവയലിൽ സ്വാഗതവും സുധീർനാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.