തിരുവനന്തപുരം: കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ബി.ജെ.പി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാൽ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. 1,266 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ മോദി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര ഇതോടെ സുഗമമാക്കിയി മാറും. മോദി സർക്കാർ രാജ്യത്ത് 54,000 കിലോമീറ്റർ ദൂരം ദേശീയപാത നിർമ്മിച്ചു കഴിഞ്ഞു.
കേരളത്തിലെ നാലുവരിപാതകൾ ആറ് വരിയാക്കി മാറ്റി. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സംസ്ഥാനത്തെ റെയിൽവെ വികസനത്തിന് വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. വന്ദേഭാരത് ട്രെയിൻ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസർക്കാർ പണം അനുവദിച്ചു. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയിൽവെ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് റെയിൽവെ ചെയ്യുന്നത്.
ഫോട്ടോ സെഷന് വേണ്ടി മാത്രമാണ് പാട്നയിലെ സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യം. ലോകനേതാക്കൾ നരേന്ദ്രമോദിയെ അംഗീകരിക്കുമ്പോൾ പ്രതിപക്ഷത്തുള്ള ചിലർ കുറ്റം പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിൻമുറക്കാരൻ രാഹുൽ ഗാന്ധി അമേരിക്കയിൽ പോയി ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് പറയുന്നു. കുടുംബവാഴ്ചയാണ് ഇന്ത്യയിൽ ഇല്ലാതായതെന്ന് രാഹുൽ മനസിലാക്കണം.
കേരളം ഇന്ന് മൂന്നര ലക്ഷം കോടി രൂപ കടത്തിലാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറികഴിഞ്ഞു. എഐ ക്യാമറ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, ശോഭാ കരന്തലജെ, കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സഹ പ്രഭാരി രാധാ മോഹൻ അഗർവാൾ, മുൻ സംസ്ഥാന അധ്യക്ഷൻമാരായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.