കൊച്ചി: കളമശ്ശേരിയിൽ ഹൈകോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേങ് ദേശായിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കളമശ്ശേരി കേന്ദ്രമായി ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടർ നടപടികൾ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ധാരണയായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈകോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഒരുങ്ങുന്ന സിറ്റി ഒരുങ്ങുന്നത്. ഫെബ്രുവരി 17 ന് ഹൈകോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥലപരിശോധന നടത്തും.
ഹൈകോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ െസന്റർ തുടങ്ങിയ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കറ്റ് ജനറൽ ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, അഭിഭാഷകരുടെ ചേംബർ, പാർക്കിങ് സൗകര്യം എന്നിവ ഒരുങ്ങും. നിലവിലുള്ള ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തെക്കുറിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഉയർന്നത്.
എല്ലാ വിഭാഗം ജനങ്ങൾക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുക്കുമ്പോൾ ജുഡീഷ്യൽ സിറ്റിക്ക് ഏറ്റവും അനുയോജ്യം കളമശ്ശേരിയാണെന്നാണ് യോഗം വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.