കൊച്ചി: മൂലഗംഗൽ, വെച്ചപ്പതി ആദിവാസി കുടുംബങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി നിർദേശം. ഡി.ജി.പി, പാലക്കാട് പൊലീസ് ജില്ല മേധാവി, അഗളി, ഷോളയൂർ എസ്.എച്ച്.ഒ എന്നിവർക്കാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവ് നൽകിയത്. പാമ്പര്യമായി ജീവിക്കുന്ന മൂലഗംഗൽ ഊരിലെ ഭൂമിയിൽ നിന്ന് കുടിയിറക്കൽ ഭീഷണി നേരിടുന്ന നഞ്ചി, ശിവാൾ, ലക്ഷ്മി, മാരി, മാരുതി, മയില, ലക്ഷ്മി, രുഗ്മിണി എന്നിവരാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
കോയമ്പത്തൂർ, സിഗനല്ലൂർ രാമസ്വാമി സ്ട്രീറ്റ് ലൈനിലെ എച്ച്.ഐ.എസ്.എസ് കോളിനിയിലെ സദാനന്ദ ട്രസ്റ്റും കോയമ്പത്തൂർ സ്വദേശികളായ കണ്ണൻ, ശെമ്പകൻ എന്നിവരുമാണ് താമസിക്കുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിയണമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ആദിവാസികൾ കോടതിയെ അറിയിച്ചു. ആദിവാസികളുടെ ജീവൻ സംരക്ഷിക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. മൂലഗംഗലിലെ ആദിവാസികൾക്ക് വേണ്ടി അഡ്വ. കെ.ആർ. അനീഷാണ് ഹാജരായത്.
സമാനമായ കുടിയൊഴിക്കൽ ഭീഷണി നേരിടുന്ന വെച്ചപ്പതി ഊരിലെ വേലുസ്വാമി, മുരുകൻ എന്നിവരാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. പ്രതികളുടെ ജീവനും സ്വത്തിനും മതിയായതും ഫലപ്രദവുമായ പൊലീസ് സംരക്ഷണം നൽൽകണമെന്ന് ഡി.ജി.പി, പാലക്കാട് പൊലീസ് ജില്ല മേധാവി, അഗളി, ഷോളയൂർ എസ്.എച്ച്.ഒ എന്നിവർക്കാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് നൽകിയത്. ആദിവാസികളുടെ അനുഷ്ഠാന കേന്ദ്രമായ വെച്ചപ്പതിയിലെ ക്ഷേത്രവും സംരക്ഷിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
ആദിവാസികളുടെ ഭൂമി സിനിമ നിർമാതാക്കളായ രണ്ടുപേർ കൈയേറി എന്നായിരുന്നു ഹരജിയിലെ ആരോപണം. കടവന്ത്ര കൊച്ചിൻ റോഡിൽ ഗോൾഡൻ ഗോറ്റ് 12 ഡിയിൽ കുമ്പളത്ത് ഹൗസിൽ താമസിക്കുന്ന ജഗദീഷ് ചന്ദ്രനും കാക്കനാട് പാലചുവട് ഗോൾഡൻ ഗേറ്റിൽ ഫ്ലാറ്റ് നമ്പർ 205 ഡി.ഡി.എയിൽ താമസിക്കുന്ന മോഹനനും ആണ് ഭൂമി കൈവശപ്പെടുത്തിയതെന്നും ഹരജിയിൽ ചൂണ്ടിക്കാണിച്ചു. വെച്ചപ്പതിയിലെ ആദിവാസികൾക്ക് വേണ്ടിയും അഡ്വ. കെ.ആർ. അനീഷാണ് ഹാജരായത്.
അട്ടപ്പടിയിൽ ഭൂമി കൈയേറിയിട്ടില്ലെന്ന് അന്നയും റസൂലും അടക്കമുള്ള സിനിമകളുടെ നിർമാതാവായ കെ. മോഹനനും മദിരാശി അടക്കമുള്ള ചിത്രങ്ങളുടെ നിർമാതാവായ ജഗദീഷ് ചന്ദ്രനും 'മാധ്യമം ഓൺലൈ'നെ നേരത്തെ അറിയിച്ചിരുന്നു. 19 വർഷം മുമ്പ് അട്ടപ്പാടിയിലെ വെച്ചപ്പതിയിൽ 88 ഏക്കർ ഭൂമി എട്ട് പേർ ചേർന്ന് 2006ൽ വാങ്ങിയെന്ന് കെ. മോഹനൻ 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞത്.
അതേസമയം ജഗദീഷ് ചന്ദ്രൻ പറയുന്നത് പ്രകാരം 86 ഏക്കർ ഭൂമി 10 പേർ ചേർന്ന് അട്ടപ്പാടിയിലെ വെച്ചപ്പതിയിൽ വാങ്ങിയെന്നാണ്. തമിഴ് ഗൗണ്ടറിൽ നിന്നും ഗുരുവായൂരിലുള്ള പാതിരിയിൽ നിന്നുമാണ് 88 ഏക്കർ വിലക്ക് വാങ്ങിയത്. 88 ഏക്കർ സ്ഥലവും അളന്ന് തിരിക്കാതെ ഒരുമിച്ച് കിടക്കുകയായിരുന്നു. ഈ ഭൂമിയിൽ ഏറെയും മറിച്ചു വിറ്റുവെങ്കിലും വാങ്ങിയവരാരും സ്ഥലം അളന്ന് അതിർത്തി കല്ലിട്ടിരുന്നില്ലെന്നാണ് മോഹനൻ പറഞ്ഞത്.
ഭൂമി അളന്ന് കല്ലിടുന്നതിന് ഹൈകോടതി ഉത്തരവ് ലഭിച്ചുവെന്നാണ് മോഹനൻ അറിയിച്ചത്. അത് പ്രകാരം പാലക്കാട് കലക്ടർ, ഒറ്റപ്പാലം ആർ.ഡി.ഒ, പാലക്കാട് എസ്.പി, അഗളി ഡി.വൈ.എസ്.പി, ഷോളയൂർ എസ്.എച്ച്.ഒ എന്നിവർക്ക് കെ. മോഹനനും കൊല്ലം പുള്ളിമാൻ ജങ്ഷനിൽ താമസിക്കുന്ന ഡോ. എസ്.ജെ. ജോളിയും അപേക്ഷ നൽകി. ഭൂമി അളന്ന് കല്ലിടുന്നതിന് മെയ് 27ന് താലൂക്ക് സർവേയറുമായി വെച്ചപ്പതിയിൽ എത്തി. ഡിജിറ്റൽ സർവേയിലൂടെ കെ. മോഹനന്റെ പേരിലുള്ള ഏഴേകാൽ ഏക്കർ ഭൂമിയും ഡോ. എസ്.ജെ. ജോളിയുടെ പേരിലുള്ള നാലേകാൽ ഏക്കർ ഭൂമിയും അളന്ന് തിരിച്ചു.
എന്നാൽ, വെച്ചപ്പതിയിലെ ആദിവാസികളുടെ ഗോത്ര അനുഷ്ഠാന കേന്ദ്രമായ ക്ഷേത്രം സംരക്ഷിക്കണമെന്നാണ് ഹൈകോടതി ഉത്തരവ്. ഇതോടെ മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം ആദിവാസി മേഖലകളിൽ നടക്കുന്ന ഭൂമി കൈയേറ്റത്തിന്റെ ചിത്രമാണ് പുറത്ത് വരുന്നത്. വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ആയിരക്കണക്കിന് ഏക്കർ ഭൂമി നൽകിയതിന്റെ രേഖകൾ ഐ.ടി.ഡി.പി ഓഫിസിൽ ഫയലിൽ ഉണ്ട്. അതിന്റെ പരിരക്ഷ ആദിവാസികൾക്ക് ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.