ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈകോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി: ബോംബെ ഹൈകോടതി സീനിയർ ജഡ്ജി നിതിൻ മധുകർ ജാംദാർ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആകും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ് എന്നിവരടങ്ങുന്ന കൊളീജിയമാണ് ശിപാർശ ചെയ്തത്.

2012 ജനുവരി 23നാണ് ബോംബെ ഹൈകോടതി ജഡ്ജിയായി നിയമിതനായത്. ബോംബെ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ. കേന്ദ്ര സർക്കാറിന്‍റെ സീനിയർ സ്റ്റാന്റിങ് കോൺസൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഷോലാപൂരിലെ അഭിഭാഷക കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് അദ്ദേഹം.

കേരള ഹൈകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് എ.ജെ ദേശായി ജൂലൈ നാലിന് വിരമിച്ച സാഹചര്യത്തിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിനെ നിയമിച്ചിരുന്നു. ജൂലൈ അഞ്ച് മുതലായിരിക്കും മുഹമ്മദ് മുഷ്താഖ് ചീഫ് ജസ്റ്റിസിന്‍റെ ചുമതല വഹിച്ചത്.

കേരള ഹൈകോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയാണ് കണ്ണൂർ സ്വദേശിയായ ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌. ദേശീയ ശ്രദ്ധ നേടിയ സുപ്രധാനമായ പല വിധികളും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌ പുറപ്പടുവിച്ചിട്ടുണ്ട്. 2014 ജനുവരി 23ന് കേരള ഹൈകോടതിയിലെ അഡീഷണൽ ജഡ്ജിയായി അധികാരമേറ്റ മുഹമ്മദ് മുഷ്‌താഖ്‌ 2016 മാർച്ച് 10 മുതലാണ് സ്ഥിരം ജഡ്ജിയായി നിയമിതനായത്.

Tags:    
News Summary - Justice Nitin Jamdar as Chief Justice of Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.