കൊച്ചി: കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പ്രതിഷേധത്തിന് വഴങ്ങി തൃപ്പൂണിത്തുറയിൽ മുൻ മന്ത്രി കെ. ബാബുവിന് തന്നെ സീറ്റ്. തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിർദ്ദേശം ലഭിച്ചതായി കെ. ബാബു സ്ഥിരീകരിച്ചു. ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് വ്യക്തമാക്കി ആറ് മണ്ഡലം പ്രസിഡന്‍റുമാരും 120 ബൂത്ത് പ്രസിഡന്‍റുമാരും കത്ത് നൽകിയിരുന്നു.
സ്ഥാനാർഥി സാധ്യത പട്ടികയിൽ കൊച്ചി മുൻ മേയർ സൗമിനി ജെയിൻ മുന്നിലെത്തിയതോടെയാണ് ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയത്. ബാബുവിനെ അനുകൂലിക്കുന്നവർ തൃപ്പൂണിത്തുറയിൽ യോഗം ചേരുകയും ചെയ്തു. സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി യാതൊരു ബന്ധവുമില്ലെന്നും ബാബുവിനെ തന്നെ മത്സരിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
തുടർന്നാണ് കോൺഗ്രസ് നേതൃത്വം ബാബുവിനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. 2016ൽ 4,467 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി.പി.എം യുവനേതാവ് എം. സ്വരാജ് തൃപ്പൂണിത്തുറയിൽ ബാബുവിനെ വീഴ്ത്തിയത്. ഇത്തവണയും സ്വരാജ് ആണ് തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.