തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. താപവൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. രണ്ട് ദിവസത്തേക്ക് ചെറിയ നിയന്ത്രണമുണ്ടാകും. പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ആന്ധ്രാപ്രദേശിലെ കമ്പനിയുമായി വൈദ്യുതി വാങ്ങാൻ കരാർ ഒപ്പിടാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ഡീസൽ വൈദ്യുതിനിലയവും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. അതേസമയം, നഗര പ്രദേശങ്ങൾ, ആശുപത്രികൾ അടക്കമുള്ള അവശ്യ സേവന ഫീഡറുകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല.
അതോടൊപ്പം, വൈദ്യുതി നിയന്ത്രണ സമയത്ത് എല്ലാ ഉപഭോക്താക്കളും വീടുകളിൽ കുറഞ്ഞത് മൂന്ന് പോയിന്‍റുകളെങ്കിലും കുറച്ച് വൈദ്യുതി ഉപയോഗിച്ച് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. രാജ്യത്തെ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം കാരണം വൈദ്യുതി ഉൽപാദനത്തിൽ കുറവ് വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.