തോൽവിയിലും കെ. മുരളീധരന് റെക്കോഡ്

തൃശൂര്‍: തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിടുന്നത് കെ.മുരളീധരനെ സംബന്ധിച്ച് പുത്തരിയൊന്നുമല്ല. ലോക്സഭ -നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ തവണ തോറ്റ കോൺഗ്രസ് നേതാവാണ് മുരളീധരൻ. ഏഴു തവണയാണ് തോറ്റത്. 

ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുപ്പിനെ നേരിട്ടതും മുരളീധരൻ തന്നെയാണ്. 13 തവണയാണ് മുരളീധരൻ മത്സരിച്ചത്. 12 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരനും ഉമ്മൻചാണ്ടിയുമാണ് തൊട്ടുപിന്നിൽ. ഉമ്മൻ ചാണ്ടി മുഴുവൻ മത്സരങ്ങളിലും വിജയിച്ചപ്പാൾ കരുണാകരൻ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങി.

മുരളീധരൻ ഏഴുതവണ തോറ്റപ്പോഴും അതിൽ മൂന്ന് തവണയും മൂന്നാം സ്ഥാനത്തായിരുന്നു.

പാർട്ടിമാറി എൻ.സി.പിയിലുള്ള സമയത്ത് 2009ൽ വയനാട് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ എം.ഐ ഷാനാവാസിനെതിരെ മത്സരിച്ചിരുന്നു. എന്നാൽ ഒരുലക്ഷം വോട്ടുകൾ പോലും നേടാനാകാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സി.പി.ഐയുടെ റഹ്മത്തുള്ളയാണ് രണ്ടാമതെത്തിയത്.

2021ൽ നേമത്ത് കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും മൂന്നാം സ്ഥാനമായിരുന്ന മുരളീധരന്. സി.പി.എമ്മിന്റെ ശിവൻകുട്ടിക്കും ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും പിറകിലായിരുന്നു മുരളി. ഒടുവിൽ ഇപ്പോൾ തൃശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ് ഗോപിക്കും സുനിൽകുമാറിനും പിന്നിൽ മൂന്നാം സ്ഥാനം മാത്രമാണ് കിട്ടിയത്.

കൂടാതെ, 1996 ൽ വീരേന്ദ്രകുമാറിനെതിരെ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ നിന്നും തോറ്റു. 1998ൽ തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിന്നും വി.വി.രാഘവനെതിരെ തോറ്റു. 2004ൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ആന്റണി മന്ത്രി സഭയില്‍ അംഗമായ ശേഷം വടക്കാഞ്ചേരിയിൽ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട മുരളി എ.സി.മൊയ്തീനോട് പരാജയപ്പെട്ടു. 2006ൽ ഡി.ഐ.സി ടിക്കറ്റിൽ കൊടുവള്ളിയിൽ നിന്നും മത്സരിച്ചെങ്കിലും പി.ടി.എ റഹീമിനോട് തോറ്റു.


Tags:    
News Summary - K. Muraladhiran lost in the Lok Sabha elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.