തൃശൂർ: പൂരം പ്രദര്‍ശന നഗരിയുടെ തറവാടകയുടെ പേരില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് തറക്കളി കളിക്കരുതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. മുരളീധരന് എം.പി. പൂരം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍. പ്രതാപന് എം.പിയുടെയും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് കോര്‍പറേഷനുമുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസികളല്ലാത്തവര്‍ ദേവസ്വം ഭരിക്കരുതെന്ന മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ നിലപാട് ശരിയാണെന്ന് ഇതോടെ ബോധ്യപ്പെട്ടിരിക്കുകയാണ്. കൊച്ചിന് ദേവസ്വത്തിന് തൃശൂര്‍ പൂരം നടത്തിപ്പില്‍ ഒരു റോളുമില്ല. പ്രദര്‍ശന നഗരിയുടെ വാടക വാങ്ങുന്ന ജോലി മാത്രമാണുള്ളത്. കോടതിയുടെ പേരുപറഞ്ഞ് പൂരം പ്രദര്‍ശനത്തെയും പൂരത്തെയും തകര്‍ക്കാമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡും പിന്നില്‍ കളിക്കുന്ന എൽ.ഡി.എഫ് സര്‍ക്കാരും കരുതേണ്ട. ഏത് കോടതിവിധിയിലും തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ അവസരമുണ്ടെന്നിരിക്കെ തറവാടക 39 ലക്ഷത്തില്‍ നിന്നും 2.20 കോടിരൂപയായി ഒറ്റയടിക്ക് വർധിപ്പിച്ചതില്‍ കോടതിയെ പഴിചാരി രക്ഷപ്പെടാമെന്ന് കരുതേണ്ട.
ശബരിമലയിലും എൽ.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നയം ഇതാണ്. ഏത് മതമാണെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ കോണ്‍ഗ്രസ് ഇടപെടും. കേരളവര്‍മ്മ കോളജിലെ പോലെ ഫ്യൂസ് ഊരിയല്ല പകല്‍ വെളിച്ചത്തിലാണ് നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണുകയെന്ന് മറക്കേണ്ടെന്നും പൂരം മുടങ്ങേണ്ട സാഹചര്യമുണ്ടായാല്‍ തൃശൂര്ക്കാരല്ല കേരളം മൊത്തമാണ് കൈകാര്യം ചെയ്യുകയെന്ന് മറക്കേണ്ടെന്നും മുരളീധരന് ഓര്‍മ്മിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം. ബാലഗോപാല്‍, സെക്രട്ടറി ജി. രാജേഷ്, വൈസ് പ്രസിഡന്റ് ഇ. വേണുഗോപാല്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍, എക്സിബിഷന് കമ്മിറ്റി ഭാരവാഹികളായ പി.എം. വിപിനന്, എം. അനില്‍കുമാര്‍, പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്, വിനോദ് കണ്ടേങ്കാവില്‍, നന്ദന് വാകയില്‍ എന്നിവര്‍ പിന്തുണയുമായെത്തി. ടി.എന്‍. പ്രതാപന് എം.പി, ജോസ് വള്ളൂര്‍, എം.പി. വിന്‍സെന്റ്, ഒ. അബ്ദുറഹിമാന്‍കുട്ടി, ടി.വി. ചന്ദ്രമോഹന്, എ. പ്രസാദ്, ഐ.പി. പോള്‍, രാജന് പല്ലന്, സുനില്‍ അന്തിക്കാട്, കെ.ബി. ശശികുമാര്‍, ഷാജി കോടങ്കണ്ടത്ത്, ജോണ്‍ ഡാനിയേല്‍, എം.കെ. അബ്ദുള്‍ സലാം, എന്‍.കെ. സുധീര്‍, സി.ഐ. സെബാസ്റ്റ്യന്‍, സി.ഒ. ജേക്കബ്ബ്, നിജി ജസ്റ്റിന്, കെ. ഗോപാലകൃഷ്ണന്, കെ.എഫ്. ഡൊമനിക്ക്, കെ.എച്ച്. ഉസ്മാന് ഖാന്, കെ.വി. ദാസന്, കെ.കെ. ബാബു, സി.ബി. ഗീത, സുബി ബാബു, ടി. നിര്‍മ്മല എന്നിവര്‍ സംസാരിച്ചു.
തൃശൂർ: പൂരം പ്രദർശനനഗരിയുടെ തറവാടക വിവാദവുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിൽ കോൺഗ്രസ്, ബി.ജെ.പി നടത്തിയ പ്രമേയവാതരണത്തിനെതിരെ പൂരപ്രേമികൾക്കിടയിൽ വിമർശനം. പ്രമേയം അവതരിപ്പിക്കാനുള്ള രീതികൾ കൗൺസിലിൽ യോഗനടപടി ചട്ടത്തിൽ വിവരിക്കുന്നുണ്ടെന്നിരിക്കെ അജണ്ടയിലില്ലാത്ത വിഷയം അടിയന്തിര പ്രമേയമായി കൊണ്ടുവന്ന് നാടകീയ രംഗം സൃഷ്ടിച്ചത് കബളിപ്പിക്കലാണെന്നും സി.പി.എമ്മുമായുള്ള ഒത്തുകളിയാണെന്നുമാണ് ആക്ഷേപമുയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസന പ്രകടനമാണെന്ന പരിഹാസവും ഉയർത്തുന്നു. ബുധനാഴ്ച കോർപ്പറേഷൻ കൗൺസിൽ യോഗം ആരംഭിച്ച ഉടൻ പ്രതിപക്ഷത്തുനിന്നും കക്ഷി നേതാവ് രാജൻ പല്ലൻ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. തൃശൂര്‍ പൂരം എക്സിബിഷന് നടത്താനാവശ്യമായ സാഹചര്യം കൊച്ചിന് ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്നും എക്സിബിഷന് നടത്തുന്ന സ്ഥലത്തിന്റെ തറവില അമിതമായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നുമായിരുന്നു പ്രമേയം. പ്രമേയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വോട്ടിങ് ആവശ്യപ്പെട്ടുവെങ്കിലും ആവശ്യം ഭരണപക്ഷം നിരാകരിച്ചു. പൂരം നടത്തിപ്പ് സംബന്ധിച്ച പ്രമേയചര്‍ച്ചയില്‍ അനുകൂലമായി സംസാരിച്ച ഇടതുകൗണ്‍സിലര്‍മാര്‍ പ്രമേയം അനാവശ്യമാണെന്നു വാദിച്ചിരുന്നു. ഇതിനിടയിൽ കോർപറേഷൻ ഏകോപനസമിതി എക്സിബിഷൻ നടത്തിപ്പ് ഏറ്റെടുക്കാൻ തയാറാണെന്ന് മേയർ പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. മാധ്യമശ്രദ്ധക്ക് മാത്രമായിരുന്നുവെന്നും ആത്മാർഥതയില്ലാതെയാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനമെന്നുമാണ് പൂരപ്രേമികളുടെ ആരോപണം. സമൂഹമാധ്യമങ്ങളിലടക്കം ഭരണ-പ്രതിപക്ഷത്തിനെതിരെ വൻ വിമർശനമുയരുന്നുണ്ട്.
തൃശൂർ: പൂരത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ പൂരം എക്സിബിഷൻ നടത്തുന്ന സ്ഥലത്തിന്റെ വാടക ഭീമമായി വർധിപ്പിക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ കേരള കോൺഗ്രസ് തൃശൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഓഫിസിന് മുന്നിൽ വെള്ളിയാഴ്ച ഉച്ചക്ക് നാലിന് നിൽപ്പുസമരം നടത്തുമെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് സി.വി. കുര്യാക്കോസ് അറിയിച്ചു. ദേവസ്വം ചുമതലയുള്ള മന്ത്രിയുടെ നാടായ തൃശൂരിൽ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കാൻ തയാറാകാതിരിക്കുന്നത് നിർഭാഗ്യകരമാണ്. മൈതാനം സൗജന്യമായി വിട്ടുനൽകണമെന്നാണ് കേരള കോൺഗ്രസിന്റെ അഭിപ്രായം. പൂരം പ്രതിസന്ധിയില്ലാതെ നടത്തുന്നതിന് സമാന ചിന്താഗതിക്കാരുമായും പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.