തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെ തുടർച്ചയായി കെ. മുരളീധരന്‍ എം.പി പരിഹസിക്കുന്നതിനെതിരെ മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. ശക്തനായി വന്ന് ശക്തനായി തോറ്റതിന്‍റെ വിഷമമാണ് മുരളീധരന് എന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ വാഹനവ്യൂഹത്തിലേക്ക് തന്‍റെ വാഹനം കയറ്റാന്‍ ശ്രമിച്ചെന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്‍റെ പരിഹാസം. മേയറുടെ നടപടി വിവരമില്ലാത്തതുകൊണ്ടാണെന്ന് കെ. മുരളീധരന്‍ പറഞ്ഞിരുന്നു.
നേരത്തെയും ആര്യ രാജേന്ദ്രനെതിരെ കെ. മുരളീധരന്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. കോർപറേഷനെതിരായ നികുതി വെട്ടിപ്പ് പരാതിയിൽ കോൺഗ്രസ് നടത്തിയ സമരവേദിയിൽ മുരളീധരന്‍റെ പ്രസംഗം ഏറെ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. 'കാണാന്‍ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ... പക്ഷെ വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇങ്ങനെ പോവുകയാണെങ്കില്‍ മേയറെ നോക്കി കനക സിംഹാസനത്തില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.' എന്നായിരുന്നു മുരളീധരന്‍റെ പരാമർശം.
പരാമർശത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മുരളീധരൻ ഖേദം പ്രകടിപ്പിച്ചിരുന്നു. പല പ്രഗല്‍ഭരും ഇരുന്ന കസേരയില്‍ ഇരിക്കുന്ന ഇപ്പോഴത്തെ മേയര്‍ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് സൂചിപ്പിച്ചതെന്നും താന്‍ പറഞ്ഞതില്‍ അവര്‍ക്ക് പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.