എളമരം കരീമിന്റെ പ്രസ്താവനകൾ പിണറായിസത്തിന്റെ വികൃത മുഖത്തിന് ഉദാഹരണം -കെ. മുരളീധരൻ

തിരുവനന്തപുരം: സി.പി.എം നേതാവ് എളമരം കരീമിന്റെ പ്രസ്താവന പിണറായിസത്തിന്റെ വികൃത മുഖത്തിന് ഉദാഹരണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളിധരൻ എം.പി.  മൈക്കിൽ കൂടി വീരവാദം മുഴക്കേണ്ട കാര്യമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ കരീമിന്റെ പാർട്ടിയുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. കേസെടുക്കാൻ ധൈര്യമുണ്ടോ‍? അല്ലാതെ പറഞ്ഞ് കഴിഞ്ഞാൽ ഇപ്പോൾ ബോംബ് പൊട്ടുമെന്നു ഭീഷണിപ്പെടുത്തേണ്ട. നിങ്ങളുടെ കയ്യിൽ ഒരു ബോംബുമില്ല. അതുകൊണ്ടാണ് ബോംബ് പൊട്ടാത്തത്. പൊട്ടുന്ന ബോംബ് ഉണ്ടെങ്കിൽ നിങ്ങൾ നേരത്തെ  പൊട്ടിച്ചേനെ. അങ്ങനെ ഞങ്ങളോട് സൗജന്യം ചെയ്യുന്നവരല്ല സി.പി.എമ്മെന്ന് ഞങ്ങൾക്ക് അറിയാം -മുരളീധരൻ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശത്തെ കുറിച്ച് പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. പ്രത്യേകിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരെ നാമനിർദ്ദേശം ചെയ്തത് തെറ്റാണെന്ന് പരസ്യമായി തന്നെ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷെ പി.ടി. ഉഷ അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് കൂറുപുലർത്തുന്നവരല്ല. എഷ്യാഡിലൊക്കെ രാജ്യത്തിന് വേണ്ടി ഒരുപാട് മെഡലുകൾ അവർ നേടിയിട്ടുണ്ട്. ഒളിംപിക്സിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് അവർക്ക് വെങ്കല മെഡൽ നഷ്ടപ്പെട്ടത്. കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിന് ഇടതുപക്ഷ സർക്കാരാണ് അവർക്ക് സൗകര്യമൊരുക്കി കൊടുത്തത്. അവർക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യമില്ല. ആ നോമിനേഷനെ കുറിച്ച് അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കേണ്ട കാര്യമില്ല. സർക്കാർ നൂറ് തെറ്റ് ചെയ്യുമ്പോൾ ഒരു ശരി ചെയ്താൽ ആ ശരി ശരിതന്നെയാണല്ലോ. പലപ്പോഴും നാമനിർദ്ദേശങ്ങൾ രാഷ്ട്രീയമായി അധഃപതിക്കുമ്പോൾ ഈ നോമിനേഷൻ ഒരിക്കലും എതിർത്ത് പറയേണ്ട കാര്യമി​​ല്ലെന്നും മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി പോലും പി.ടി ഉഷയുടെ സേവനങ്ങളെ കുറിച്ച് മതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവർക്കെതിരെ കരീം ഉപയോഗിച്ച ഭാഷ വളരെ മോശമായി പോയി.  മറ്റുപല യോഗ്യതകളും എന്നാണ് പറഞ്ഞത്. അത്ദുഷ്ടലാക്കോടെയുള്ളതാണ്. അങ്ങനെ ഒരു വാക്ക് ഞങ്ങളുടെ ഭാഗത്ത് നിന്നാണ് വന്നിരുന്നതെങ്കിൽ ഞങ്ങൾക്കെതിരെ കേസെടുക്കില്ലേ. തിരുവനന്തപുരം മേയർക്കെതിര ഞാനൊരു വാക്ക് പറഞ്ഞതിനല്ലേ എനിക്കെതിരെ കേസെടുത്തത്. ഇതൊരു മോശം പ്രയോഗമല്ലേ നടത്തിയത്. അദ്ദേഹം രാജ്യസഭയിലെ സിപിഎമ്മിന്റെ കക്ഷിനേതാവ് കൂടിയല്ലേ‍? ഇത്രയും തരംതാഴാൻ പാടുണ്ടോ‍- മുരളീധരൻ ചോദിക്കുന്നു.

അതുപോലെ തന്നെ കെ.കെ. രമയെ കുറിച്ച് പറഞ്ഞത്. ഞങ്ങളുടെ പാർട്ടിയിൽ നിന്ന് പോയവരൊക്കെ അദ്ദേഹത്തിന്റെ പാർട്ടിയിൽ സുഖമായി കഴിയുന്നുണ്ടല്ലോ? ഞങ്ങൾ ആരെങ്കിലും അവരെ കല്ലെടുത്ത് എറിയുന്നില്ല. എല്ലാവർക്കും രാഷ്ട്രീയമായി തീരുമാനങ്ങൾ എടുക്കാനുള്ള അവകാശമുണ്ട്- മുരളീധരൻ വ്യക്തമാക്കി.

ടി.പി. ചന്ദ്രശേഖരൻ ചെയ്ത കുറ്റമെന്താണ്. മാർക്സിസ്റ്റ് പാർട്ടി അതിന്റെ പ്രഖ്യാപിതനയങ്ങളിൽ നിന്ന് പുറകോട്ടു പോകുന്നു എന്ന് പറഞ്ഞതിനാണല്ലോ അദ്ദേഹത്തെ കുലംകുത്തിയാക്കിയത്. ടി.പി ചന്ദ്രശേഖരനെ കൊന്നത് മാർക്സിസ്റ്റ് പാർട്ടിയാണെന്ന് പകൽ പോലെ വ്യക്തമാണെന്നും മുരളീധരൻ പറഞ്ഞു.

അങ്ങനെ കൊന്ന ഒരു സഖാവിന്റെ ഭാര്യ മതേതരശക്തികളുടെ പിന്തുണയോടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതു ജയിച്ചു വന്നതിന്റെ അഹങ്കാരത്തിനിടയിലും രമയെ കാണുമ്പോൾ പിണറായിക്ക് കുറ്റബോധമുണ്ട്. പലപ്പോഴും അവരുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ ചങ്കൂറ്റമില്ലെന്ന് കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - K. Muraleedharan Mp criticize Elamaram Kareem's Statement About PT Usha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.