കോഴിക്കോട്: നവകേരള സദസ് പത്ത് നിലയിൽ പൊട്ടിയതിന്‍റെ ക്ഷീണം തീർക്കാനാണ് തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് വ്യാപക അതിക്രമം കാട്ടിയതെന്ന് കെ. മുരളീധരൻ എം.പി. ഒരു പ്രകോപനവും കൂടാതെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചത്. ഒരു സെക്കൻഡ് കൂടി കഴിഞ്ഞിരുന്നെങ്കിൽ താനും രമേശ് ചെന്നിത്തലയുമൊക്കെ ബോധംകെട്ട് വീഴുമായിരുന്നു. അത്ര മാരകമായ രീതിയിലായിരുന്നു പ്രയോഗമെന്ന് മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് മൈക്കിന് മുന്നിൽ വന്ന് രണ്ട് വാക്ക് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പൊലീസ് നടപടി തുടങ്ങി. എന്നാൽ, അതിലേറെ പ്രകോപനം സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച നടത്തിയപ്പോൾ ഒഴുക്കൻ മട്ടിലുള്ള ഒരു ലാത്തിച്ചാർജ് മാത്രമാണ് പൊലീസ് നടത്തിയത്.
പാർലമെന്‍റിൽ പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തപ്പോൾ മുഖ്യമന്ത്രി ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിച്ചില്ല. സ്റ്റാലിനും മമതയും ഉൾപ്പെടെയുള്ളവർ ഡൽഹിയിലെത്തി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. മോദി-പിണറായി കൂട്ടുകെട്ടിന്‍റെ ഭാഗമാണ് ഇതും യുമോർച്ചക്കെതിരായ മൃദുസമീപനവും. മോദിയുടെ അതേ ശൈലിയാണ് പിണറായി ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. നിയമസഭയിൽ നിന്ന് യു.ഡി.എഫ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്യുമോയെന്ന് മാത്രമേ ഇനി നോക്കാനുള്ളൂ. മോദിയുടെ ബാക്കിയെല്ലാ ശൈലിയും പിണറായി സ്വീകരിച്ചുകഴിഞ്ഞു.
നവകേരള സദസ് കഴിഞ്ഞതിനു പിറകെ ഇനി കേരളത്തിൽ നടക്കാൻ പോകുന്നത് സമരസദസാണ്. എം.വി. ഗോവിന്ദൻ പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി. ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയായിരുന്ന സി.പി.ഐ ദാസ്യവേല തുടങ്ങിയതാണ് കഷ്ടമെന്നും മുരളീധരൻ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.