തിരുവനന്തപുരം: ദരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് എന്നതിനൊപ്പം സ്വകാര്യ സേവനദാതാക്കൾക്ക് ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വാടകക്ക് നൽകുക വഴി കെ-ഫോൺ പ്രതീക്ഷിക്കുന്നത് കോടികളുടെ വരുമാനം. ഐ.എസ്.പി ലൈസൻസ് ലഭിച്ചതിനു പിന്നാലെ ഇതിനുള്ള നടപടികളും സർക്കാർ സജീവമാക്കി.
'ലീസ് ടു ലൈൻ' എന്നാണ് വാടകദൗത്യത്തിന് പേര്. നിലവിൽ 48 ഫൈബറാണ് കേബിൾ ലൈനുകളിലുള്ളത്. കെ-ഫോണിനും കെ.എസ്.ഇ.ബിക്കുമായി 20-22 ഫൈബർ ലൈനുകളാണ് വേണ്ടിവരുക. ശേഷിക്കുന്ന 26 ലൈനുകളാണ് സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കൾക്കു വാടകക്ക് നൽകുന്നത്. കെ-ഫോണിനായി 30,000 കിലോമീറ്റർ ശൃംഖലയാണ് സംസ്ഥാനത്താകെ സജ്ജമാക്കിയത്. ഒരു കിലോമീറ്റർ നെറ്റ്വർക്കിന് 20,000 രൂപ വാടക നിശ്ചയിച്ചാലും വലിയ തുക വരുമാനമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. 30,000 കിലോമീറ്റർ നെറ്റ്വർക്ക് 20,000 രൂപക്ക് വാടകക്ക് നൽകിയാൽ 60 കോടി രൂപ ലഭിക്കും. ഇത് ഒരു ലൈനിൽനിന്നുള്ള വരുമാനമാണ്. ഇത്തരത്തിൽ ലഭിക്കുന്ന വരുമാനം പദ്ധതിച്ചെലവുകൾക്കും അറ്റകുറ്റപ്പണിക്കുമായി വിനിയോഗിക്കാനാണ് തീരുമാനം.
ഭാരത് ഇലക്ട്രിക് ലിമിറ്റഡിനാണ് കെ-ഫോൺ ശൃംഖലയിലെ അറ്റകുറ്റപ്പണി ചുമതല. ഏഴു വർഷത്തേക്ക് 368 കോടിയാണ് അറ്റകുറ്റപ്പണിക്കു ചെലവ് കണക്കാക്കുന്നത്. ഗാർഹിക കണക്ഷനിൽ തടസ്സം നേരിട്ടാൽ നാലു മണിക്കൂറിനുള്ളിൽ പരിഹരിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് ജില്ല അടിസ്ഥാനത്തിൽ സംഘങ്ങളെ വിന്യസിക്കും. ഒരു ജില്ലയിൽതന്നെ നാലും അഞ്ചും സംഘങ്ങളും വാഹനങ്ങളുമുണ്ടാകും.
കെ-ഫോണിന് വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിനു ശിപാർശ സമർപ്പിക്കാൻ പ്രത്യേക സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ധനകാര്യ സെക്രട്ടറി, ഐ.ടി സെക്രട്ടറി, ഡിജിറ്റൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ, കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി എന്നിവരാണ് സമിതിയിലുള്ളത്. ദാരിദ്ര്യരേഖക്കു മുകളിലുള്ള കുടുംബങ്ങൾക്കും നിരക്ക് ഈടാക്കി ഇന്റർനെറ്റ് ലഭ്യമാക്കും. ഇതിനുള്ള താരീഫ് കെ.എസ്.ഐ.ടി.ഐ.എൽ തയാറാക്കി സർക്കാർ അനുമതിക്കു കാത്തിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ സൗജന്യ ഇന്റർനെറ്റ് 14,000 കുടംബങ്ങൾക്ക്
തിരുവനന്തപുരം: കെ-ഫോൺ വഴി സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ നൽകുന്നത് ദാരിദ്ര്യ രേഖക്ക് താഴെ വരുന്ന 14,000 കുടുംബങ്ങൾക്കുള്ള സൗജന്യ ഇന്റർനെറ്റ് കണക്ഷൻ.
ഒരു നിയോജകമണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് വീതമാണ് സേവനം ലഭ്യമാക്കുക. ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് പട്ടിക കൈമാറേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഇൻറർനെറ്റ് സർവിസ് പ്രൊവൈഡർ ലൈസൻസ് ലഭിച്ചതോടെ നടപടി വേഗത്തിലായിട്ടുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ ഇതുവരെ പട്ടിക കൈമാറിയിട്ടില്ല.
സെക്കന്‍ഡിൽ 15 എം.ബി വേഗത്തിലാണ് കുടുംബങ്ങൾക്കുള്ള ഇന്റർനെറ്റ് ലഭ്യത. പ്രതിമാസം 150 ജി.ബി വരെ ഉപയോഗിക്കാം.
പ്രദേശിക സേവന ദാതാക്കൾ വഴിയാണ് ഇന്റർനെറ്റ് ലഭ്യമാക്കുക. ഇതിന്റെ ടെൻഡർ നടപടികളെല്ലാം പൂർത്തിയായി. ഇൻറർനെറ്റ് സർവിസ് പ്രൊവൈഡർ ലൈസൻസ് ലഭിച്ച ശേഷം കണക്ഷൻ നൽകിയാൽ മതിയെന്നായിരുന്നു സർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.