കെ-റെയിൽ: നന്ദിഗ്രാം മറക്കരുതെന്ന് സി.പി.എം ജില്ലാ സമ്മേളനത്തിൽ വിമർശനം

പത്തനംതിട്ട: കെ-റെയിൽ പദ്ധതി​ക്കെതിരെ സി.പി.എം പത്തനംതിട്ട ജക്കൊ സമ്മേളനത്തിൽ വിമർശനം. ബംഗാളിലെ നന്ദിഗ്രാമിലെയും സിംഗൂരിലെയും അനുഭവം മറക്കരുതെന്ന്​ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

വൈകീട്ട്​ നടന്ന ചർച്ചയിൽ മല്ലപ്പള്ളി ഏരിയയിൽനിന്നുള്ള പ്രതിനിധികളാണ്​ ​കെ-റെയിൽ പദ്ധതിയെ വിമർശിച്ചത്​. 'പരിസ്ഥിതി വിഷയത്തിൽ ദേശീയ നിലപാട്​ കേരളം ദുർബലപ്പെടുത്തി. പീപ്പിൾസ്​ ​ഡെമോക്രസിയിൽ കിസാൻസഭ നേതാവ്​ അശോക്​ ദാവ്​ളെ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. മഹാരാഷ്​​ട്രയിൽ ബുള്ളറ്റ്​ ട്രെയിനിനെതിരെ സി.പി.എം അടക്കം വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചതാണ്​. എന്നാൽ, കേരളത്തിൽ എത്തു​മ്പോൾ എന്തുകൊണ്ട്​ അതിവേഗ പാതയെ പിന്തുണക്കുന്നു' -മല്ലപ്പള്ളിയിൽനിന്നുള്ള പ്രതിനിധികൾ ചോദ്യമുയർത്തി.

പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ്​ ഇവിടെ പാർട്ടിക്കെന്നും വിമർശനമുയർന്നു. ജില്ലയിൽ കെ-റെയിലി​ന്‍റെ സിൽവർ ലൈൻ പാത കടന്നുപോകുന്ന ഇടമാണ്​ മല്ലപ്പള്ളി. സി.പി.എമ്മി​ന്‍റെ ഇരവിപേരൂർ, തിരുവല്ല, അടൂർ ഏരിയ കമ്മിറ്റി പരിധിയിലൂടെയാണ്​ പാത കടന്നുപോകുന്നത്​.

തിങ്കളാഴ്​ച തുടങ്ങിയ സമ്മേളനത്തിൽ സംഘടന റിപ്പോർട്ടിൽ ചർച്ച തുടങ്ങിയത്​ വൈകീട്ടാണ്​. കേരളത്തി​ന്‍റെ വികസന കാര്യത്തിൽ ബംഗാളിനെയോ ത്രിപുരയെയോ മാതൃകയാക്കാനാകി​ല്ലെന്ന്​ സമ്മേളനം ഉദ്​ഘാടനം ചെയ്​ത എസ്​. രാമചന്ദ്രൻ പിള്ള പറഞ്ഞിരുന്നു.

ഒരുമണിക്കൂറിലേറെ നീണ്ട ഉദ്​ഘാടന പ്രസംഗത്തിൽ ഒരിടത്തുപോലും രാമചന്ദ്രൻ പിള്ള സംസ്ഥാന സർക്കാറിന്‍റെ നേട്ടങ്ങളെക്കുറിച്ചോ മുഖ്യമന്ത്രി പിണറായി വിജയനെക്കുറി​ച്ചോ പരാമർശിക്കാതിരുന്നത്​ സമ്മേളനത്തിൽ പ​​ങ്കെടുത്തവർക്കിടയിൽ ചർച്ചയായിരുന്നു.

കേരളത്തിന്​ ബംഗാളിനെയോ ത്രിപുരയെയോ മാതൃകയാക്കാനാവില്ല -എസ്​. രാമചന്ദ്രൻ പിള്ള

കേരളത്തി​ന്‍റെ വികസന കാര്യത്തിൽ ബംഗാളിനെയോ ത്രിപുരയെയോ മാതൃകയാക്കാനാവി​ല്ലെന്നും കേരളം സ്വന്തമായ പാത വെട്ടിത്തുറക്കണമെന്നും സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എസ്​. രാമചന്ദ്രൻ പിള്ള. ആയുർ​ദൈർഘ്യം, ശിശുമരണ നിരക്ക്​, മാതൃമരണ നിരക്ക്​, വിദ്യാഭ്യാസ മേഖല എന്നിവയിൽ കേരളം ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പമാണ്​.

രാജ്യത്ത്​ മെച്ചപ്പെട്ട ഭരണം നിലനിൽക്കുന്ന സംസ്​ഥാനവും കേരളമാണ്​. ഇനി നമ്മുടെ ജോലി ഇവിടെനിന്ന്​ കേരള സമൂഹത്തെ ഗുണകരമായി കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക്​ എത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സമ്മേളനം ​അടൂരിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത്​ മോദിഭരണത്തിൽ ഭരണഘടന സ്​ഥാപനങ്ങളെല്ലാം കടുത്ത സമ്മർദത്തിലാണ്​. പാർലമെൻററി ജനാധിപത്യ സ​മ്പ്രദായം കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്​. സർക്കാറിന്​ ഇഷ്​ടമുള്ള വിഷയങ്ങൾ മാത്രമാണ്​ ഇപ്പോൾ സുപ്രീംകോടതി പരിഗണിക്കുന്നത്​. തെരഞ്ഞെടുപ്പ്​ കമീഷനിൽ സർക്കാർ നേരിട്ട്​ ഇടപെടുന്നു.

എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​, ഇൻകം ടാക്​സ്​, സി.ബി.ഐ എന്നീ സ്​ഥാപനങ്ങളും മോദിയുടെ എതിരാളികൾക്കെതിരായ നീക്കങ്ങൾക്കുള്ള രാഷ്​ട്രീയ ഉപകരണങ്ങളായി മാറി. രാജ്യത്തെ പൊലീസ്​ സ്​റ്റേറ്റാക്കി മാറ്റി. ഫെഡറൽ സംവിധാനം അട്ടിമറിക്ക​പ്പെടുന്നു. സംസ്​ഥാനങ്ങളുടെ അധികാര, അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - K-Rail: Criticism at the CPM district conference that Nandigram should not be forgotten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.