മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; അഖിൽ മാരാർക്കെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായി പ്രചാരണം നടത്തിയതിന് ബിഗ്ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ ​പൊലീസ് കേസ്. ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്കിലൂടെ നടത്തിയ പ്രചാരണത്തെ തുടർന്നാണ് അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച് വിവേചനാധികാരം മുഖ്യമന്ത്രിക്കാണെന്ന് അഖിൽ ആരോപിച്ചു. സി.പി.എമ്മിനേയും പാർട്ടി പ്രവർത്തകരേയും അഖിൽ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. പിണറായി വിജയൻ കേരളത്തെ രക്ഷിച്ച ജനനായകനല്ലെന്നും ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചിരുന്നു.

നേരത്തെ വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്.

സാമൂഹ്യമാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്.

Tags:    
News Summary - Campaign against Chief Minister's Relief Fund; Case against Akhil Marar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.