സംസ്ഥാനത്തിന്റെ അതിവേഗ വികസന പദ്ധതികളിൽ ഒന്നായാണല്ലോ സിൽവർ ലൈൻ പദ്ധതി അറിയപ്പെടുന്നത്. ഇതിനകം ഇടതു സർക്കാറിന്റെ സ്വപ്ന പദ്ധതി വൻ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. കെ റയിലിനായി സർവേ കുറ്റികൾ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പ്രതിപക്ഷ പാർട്ടികളിൽനിന്നും പദ്ധതി ബാധിത പ്രദേശങ്ങളിലെ നാട്ടുകാരിൽനിന്നും വ്യാപക എതിർപ്പുകൾ ഇതിനെതിരെ ഉയർന്നിട്ടുണ്ട്. ഈ അവസരത്തിൽ കെ റെയിലിനെ സംബന്ധിച്ച് ഉയർന്നേക്കാവുന്ന ഏതാനും സംശയങ്ങൾക്ക് മറുപടി തേടുകയാണ് ഇവിടെ.
കാസർഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് കോറിഡോർ പദ്ധതിയായ കെ റെയിൽ 63,940.67 കോടി മുതൽ മുടക്കിലാണ് നിർമിക്കുന്നതെന്നാണ് സർക്കാർ നൽകുന്ന കണക്ക്. 530 കിലോമീറ്റർ ദൈർഘ്യമുള്ള സ്റ്റാന്‍റേർഡ് ഗേജ് ലൈൻ നിർമിച്ച് സംസ്ഥാനത്തിന്റെ വടക്കും തെക്കും അറ്റങ്ങൾ തമ്മിലുള്ള ഗതാഗതം സുഗമമാക്കാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. അതോടെ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിലേക്കുള്ള ദൂരം നാല് മണിക്കൂറായി ചുരുങ്ങും.
സാമ്പത്തിക വിദഗ്ധർ, പരിസ്ഥിതി വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരിൽ നിന്ന് തുടക്കം മുതൽ ഗുരുതര വിമർശനങ്ങൾ നേരിട്ട കെ റെയിലിന് കേരളത്തിന്‍റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകാനൊരുങ്ങുന്ന പദ്ധതി എന്ന വിശേഷണം കൂടിയുണ്ട്. രണ്ട് സാധ്യതാ റിപ്പോർട്ടുകൾക്കൊപ്പം ഡോക്യുമെന്റിലെ കണക്കുകൾ വ്യത്യസ്‌തമായതിനാൽ പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ടും (ഡി.പി.ആർ) വിദഗ്ധരുടെ സൂക്ഷ്മ പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്.
പദ്ധതി നടപ്പിലാക്കുന്നത് വഴി സംസ്ഥാനം 1,26,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത നേരിടുമെന്നതിനാൽ ഡി.പി.ആറിലെ എസ്റ്റിമേറ്റ് പദ്ധതിച്ചെലവ് നീതി ആയോഗ് അംഗീകരിച്ചിട്ടില്ല. അതേസമയം കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ കെ റെയിലിന് എതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുകയും പദ്ധതിക്കായി സ്വത്തുക്കൾ ഏറ്റെടുക്കുന്നവർക്ക് വിപണി വിലയുടെ നാലിരട്ടി നൽകുമെന്നതുൾപ്പെടെ നിരവധി അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
കെ റയിൽ കടന്നുപോകുന്ന ഇടങ്ങളിലെ താമസക്കാർക്ക് വിപണി വിലയുടെ നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് കേരള സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് . എന്നാൽ ഈ അവകാശവാദം സൂക്ഷ്മപരിശോധനക്ക് വിധേയമാണോ?
നിർദിഷ്ട പാത കടന്നു പോകുന്ന പ്രദേശത്തിന്‍റെ ഉടമകളിൽ ചിലർക്ക് നാലിരട്ടി നഷ്ടപരിഹാരം ലഭിക്കുമെങ്കിലും വിശദമായ പ്രൊജക്ട് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഫോർമുലകൾ അനുസരിച്ച് എല്ലാവർക്കും അത് ലഭ്യമാകില്ല. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് അവരുടെ ഭൂമിക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഭൂമിയുടെ നഷ്ടപരിഹാരം കണക്കാക്കുമ്പോൾ ഒരു സവിശേഷ ഫോർമുലയാണ് ഭൂമി ഏറ്റെടുക്കൽ നിയമം വിഭാവനം ചെയ്യുന്നത്.
നഗരപ്രദേശങ്ങളിൽ ഗുണന ഘടകം ഒന്നായി സജ്ജീകരിച്ചിരിക്കുന്നു. അതായത്, നഗരപ്രദേശങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഫോർമുല വിപണി മൂല്യത്തെ ഒന്ന് കൊണ്ട് ഗുണിക്കും. നഗരപ്രദേശങ്ങളിൽ നിന്ന് 10 കിലോമീറ്റർ വരെ സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശങ്ങൾക്ക് വിലയുടെ 1.2 മടങ്ങ് ലഭിക്കും. 1.4 (10 കി.മീ മുതൽ 20 കി.മീ), 1.6 (20 കി.മീ മുതൽ 30 കി.മീ), 1.8 (30 കി.മീ മുതൽ 40 കി.മീ വരെ), 2 (40 കി.മീറ്ററും അതിനുമുകളിലും) എന്നിവയാണ് ഘടകങ്ങൾ. ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ അതിന്റെ മൂല്യം തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകും. തുക നൽകാനെടുക്കുന്ന കാലയളവിനുള്ളിൽ 12 ശതമാനം വാർഷിക പലിശ നിരക്ക് നൽകാനും വ്യവസ്ഥയുണ്ട്.
കൂടാതെ, പദ്ധതിയുടെ സാമൂഹിക ആഘാത വിലയിരുത്തൽ തിയതി മുതൽ ഈ നഷ്ടപരിഹാരത്തിന് 12 ശതമാനം വാർഷിക പലിശ നൽകും. ഗുണന ഘടകം താരതമ്യേന ഉയർന്നതിനാൽ നഗരപ്രദേശത്ത് നിന്ന് 40 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകൾക്ക് മാത്രമെ നഷ്ടപരിഹാരമായി വിപണി മൂല്യത്തിന്റെ നാലിരട്ടി ലഭിക്കൂ. ഉദാഹരണത്തിന് നഗരപ്രദേശത്ത് നിന്ന് 40 കിലോമീറ്റർ അകലെയുള്ള വികസനം നടക്കാത്ത ഭൂമിയുടെ ഒരു സെന്റ് ഏറ്റെടുക്കുകയാണെങ്കിൽ, ഈ ഭൂമിയുടെ വിപണി മൂല്യം X രൂപയാണെങ്കിൽ, മുകളിൽ പറഞ്ഞ ഫോർമുല പ്രകാരം നഷ്ടപരിഹാര തുക 4X രൂപയാണ്. നഗരപ്രദേശത്ത് അവികസിത ഭൂമിയുടെ ഒരു സെന്റ് ഏറ്റെടുക്കുകയും ഭൂമിയുടെ വിപണി മൂല്യം X രൂപയാണെങ്കിൽ, മേൽപ്പറഞ്ഞ ഫോർമുല ഉപയോഗിച്ചുള്ള നഷ്ടപരിഹാരം 2X രൂപയാകും - ഇത് സർക്കാർ ഉന്നയിക്കുന്ന നാലിരട്ടി ക്ലെയിമിന് അടുത്തെങ്ങുമല്ല.
ബഫർ സോണിലുള്ള വസ്തുക്കളുടെ കാര്യമോ?
സിൽവർ ലൈൻ പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങളും പ്രതിഷേധങ്ങളും കത്തിപ്പടരുമ്പോഴും കേരളത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ നീളുന്ന നിർദിഷ്ട റെയിൽവേ ലൈനിന്‍റെ ഇരുവശങ്ങളിലും എത്ര ബഫർസോൺ ഉണ്ടാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സിൽവർ ലൈനിന്‍റെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) പ്രകാരം കോറിഡോർ പദ്ധതിയുടെ ഇരുവശത്തുമുള്ള 30 മീറ്ററിനുള്ളിൽ ഒരു നിർമ്മാണവും നടത്താൻ സാധിക്കില്ല. അതിനാൽ ട്രാക്കിന്റെ ഇരുവശങ്ങളിലുമുള്ള 30 മീറ്ററിനുള്ളിലെ പ്രദേശങ്ങൾ ബഫർ സോണായി കണക്കാക്കും.
നിർദിഷ്ട പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ മരവിപ്പിക്കാൻ ഡി.പി.ആർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതായത് ബാധിത പ്രദേശത്തെ ബഫർ സോണിൽ യാതൊരു നിർമാണവും അനുവദിക്കില്ല. നിലവിലെ ബഫർ സോണിൽ കെട്ടിടങ്ങളോ വീടുകളോ നിർമ്മിക്കുന്നതിന് സ്ഥല ഉടമകൾ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് [എൻ.ഒ.സി] നേടേണ്ടതുണ്ട്. എന്നാൽ ഈ വസ്‌തു ഉടമകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകില്ല.
അതേസമയം ഡി.പി.ആറിൽ ബഫർ സോണിന്റെ വ്യവസ്ഥയില്ലെന്ന സാംസ്കാരിക മന്ത്രി സജി ചെറിയാന്‍റെ വിരുദ്ധ അഭിപ്രായത്തെ എതിർത്ത് കെ-റെയിൽ എം.ഡി വി. അജിത്കുമാർ രംഗത്തെത്തിയിരുന്നു. ബഫർ സോണിന് പകരം അഞ്ച് മീറ്റർ വീതിയുള്ള സുരക്ഷാ മേഖലയുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ കോറിഡോറിന്‍റെ ഇരുവശത്തുമായി 10 മീറ്റർ ചുറ്റളവിലാണ് ബഫർ സോണെന്നായിരുന്നു അജിത്കുമാർ അവകാശപ്പെട്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ തിരുത്തിയതിനെ തുടർന്ന് സജി ചെറിയാൻ തന്‍റെ പ്രസ്താവന പിൻവലിക്കുകയായിരുന്നു.
സർവേ പ്രക്രിയകൾ എങ്ങനെ?
2021 ഡിസംബറിലാണ് സർവേ ഉദ്യോഗസ്ഥർ സംസ്ഥാനത്തുടനീളം പ്രൊജക്ടിനായി കണ്ടെത്തിയ സ്ഥലങ്ങളിൽ സർവേ കല്ലുകൾ സ്ഥാപിക്കാൻ തുടങ്ങിയത്. പൊലീസിന്റെ സഹായത്തോടെ വീടുകൾ ഉൾപ്പെടെയുള്ള അതിരുകളിൽ കെ റെയിൽ കല്ലുകൾ സ്ഥാപിച്ചു. 2022 ജനുവരി 12ന് കേരള ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ സ്‌റ്റേ ഉത്തരവിനെത്തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചെങ്കിലും 2022 ഫെബ്രുവരി 14ന് ഡിവിഷൻ ബെഞ്ച് സ്റ്റേ റദ്ദാക്കിയതിനെത്തുടർന്ന് കല്ലിടൽ പുനരാരംഭിക്കുകയായിരുന്നു. അതേസമയം സർവേ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടിയായ യു.ഡി.എഫ് പൊലീസുമായി ചൂടേറിയ വാക്കേറ്റങ്ങളിലേർപ്പെടുന്നതും പതിവ് കാഴ്ചയായി മാറി.
വീടിനുള്ളിൽ കല്ലുകൾ സ്ഥാപിക്കേണ്ടത് ആവശ്യമാണോ?
1961ലെ കേരള സർവേ അതിരടയാള നിയമത്തിലെ 6[1] വകുപ്പ് പ്രകാരം ഭൂമിയുടെ സർവേ നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ വിപുലമായ അധികാരം സർക്കാർ നൽകിയിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചിരുന്നു. അതിന്‍റെ മുന്നോടിയായിട്ടാണ് കല്ലിടൽ പ്രക്രിയ ആരംഭിച്ചത്.
എന്നാൽ ഭൂമിയേറ്റെടുക്കുന്നത് മനുഷ്യത്വപരവും സുതാര്യവുമായ നടപടിക്രമം സ്വീകരിച്ചുക്കൊണ്ടായിരിക്കണമെന്നും ഏറ്റെടുക്കുന്ന ഭൂമിയിലോ വീടുകളിലോ അതിക്രമിച്ച് കയറി സർവേ കല്ലുകൾ സ്ഥാപിക്കുന്ന സർക്കാരിന്റെ നിലവിലെ ശൈലിയെ അംഗീകരിക്കാനാവില്ലെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു. വസ്തുവകകളിലും മറ്റ് അതിർത്തികളിലും പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തുന്ന പ്രവണത സ്വീകരിക്കാവുന്നതാണെന്നുമുള്ള വിഭിന്ന അഭിപ്രായങ്ങളും ഉയർന്നു വന്നിട്ടുണ്ട്
ആരാണ് സർവേ കല്ലുകൾ ഇടുന്നത്?
ആരാണ് സർവേ കല്ലുകൾ സ്ഥാപിക്കുന്നത് എന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. കെ-റെയിൽ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് സർവേ കല്ലുകൾ സ്ഥാപിക്കേണ്ട ചുമതല റവന്യൂ വകുപ്പിനാണ്. എന്നാൽ തങ്ങൾ സർവേ നടത്തുന്നില്ലെന്നും വെറും സഹായികൾ മാത്രമാണെന്നും റവന്യൂ മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു. സർവേ കല്ലുകൾ സ്ഥാപിക്കുന്നതിന്റെ ചുമതല കെ-റെയിലിനാണെന്നും റവന്യൂ വകുപ്പിന് ഇതിൽ പങ്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സമ്മതം വാങ്ങുന്നതെങ്ങനെ?
ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് കുറഞ്ഞത് 80 ശതമാനം ബാധിത കുടുംബങ്ങളുടെ മുൻകൂർ സമ്മതം ആവശ്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്ക് 70 ശതമാനം സമ്മതമാണ് വേണ്ടത്. പൊതുജനാഭിപ്രായമറിയുന്നതിന് ഹിയറിങും നടത്തേണ്ടതുണ്ട്. സർവേ നിയമപ്രകാരം പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർവേ നടത്താൻ ഉത്തരവിട്ടാൽ വിജ്ഞാപനം ഗസറ്റിലോ രണ്ട് പ്രാദേശിക ദിനപത്രങ്ങളിലോ പ്രസിദ്ധീകരിക്കാം. അത്തരത്തിൽ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സാധുതയുള്ളതായി കണക്കാക്കപ്പെടുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് സർവേ നടത്തുന്നതെങ്കിൽ ഉടമകൾക്ക് നോട്ടീസ് നൽകണം. സിൽവർലൈൻ പദ്ധതിയിൽ ദുരിതമനുഭവിക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന് മുൻകൂർ അറിയിപ്പ് ഇല്ലാതെയാണ് സർവേ കല്ലുകൾ സ്ഥാപിക്കുന്നത് എന്നതാണ്.
പദ്ധതിക്കായി ഏറ്റെടുക്കാൻ സാധ്യതയുള്ള പ്ലോട്ടുകളുടെ സർവേ നമ്പറുകളുള്ള ഗസറ്റ് വിജ്ഞാപനങ്ങൾ സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് പഠനം തയ്യാറാക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 4(1) പ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ വിവിധ സർക്കാർ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. നിയമം അനുസരിച്ച് എസ്.ഐ.എ ആരംഭിക്കുന്നതിനുള്ള വിജ്ഞാപനം അതത് തദ്ദേശ സ്ഥാപനങ്ങളിലും ജില്ലാ കലക്ടർ, സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ്, തഹസിൽ എന്നിവരുടെ ഓഫീസുകളിലും പ്രാദേശിക ഭാഷയിൽ ലഭ്യമാക്കും. നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് ഭൂമിയുടെ പ്രാഥമിക സർവേ നടത്താൻ അധികാരം നൽകുമ്പോൾ (എവിടെയും സർവേ കല്ലുകൾ എന്ന് പറയുന്നില്ല) ബാധിത പ്രദേശങ്ങളിൽ നോട്ടീസ് പ്രസിദ്ധീകരിക്കുന്നതും നോട്ടീസ് നൽകുന്നതിനും ഭൂവുടമകൾക്ക് ഏഴു ദിവസം മുമ്പ് രേഖാമൂലമുള്ള നോട്ടീസ് നൽകണമെന്ന വ്യവസ്ഥയുണ്ട്. ഉടമ ഇല്ലെങ്കിൽ കുറഞ്ഞത് 60 ദിവസത്തെ അറിയിപ്പ് ആവശ്യമാണെന്നും നിയമം സൂചിപ്പിക്കുന്നു.
കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടോ?
പ്രതിഷേധക്കാരും പ്രതിപക്ഷ നേതാക്കളും ഉന്നയിക്കുന്ന തർക്കവിഷയങ്ങളിലൊന്ന് കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്ന് മുൻകൂർ അനുമതി ലഭിച്ചിട്ടില്ല എന്നതാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ ലോക്‌സഭയിൽ സംസാരിക്കവേ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതി കോറിഡോർ പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കെ-റെയിൽ എം.ഡി വി. അജിത്കുമാർ അവകാശപ്പെട്ടത്.
എന്നാൽ 2021 ജനുവരി 15ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ഇതെ പറ്റി പരാമർശിച്ചിട്ടുണ്ട്. ജപ്പാൻ ഇന്റർനാഷനൽ കോ ഓപറേഷൻ ഏജൻസിയും [ജെയ്ക] റെയിൽവേ മന്ത്രാലയവുമായി സഹകരിച്ച് ധനസഹായം നൽകുന്ന പാക്കേജുകളുടെ രൂപകല്പന അന്തിമമാക്കാനാൻ തീരുമാനിച്ചതായി കത്തിൽ പറയുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കേന്ദ്രസർക്കാർ പിന്തുണയുണ്ടെന്നും പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.
കൂടാതെ 0.25 ശതമാനം പലിശ നിരക്കിൽ പദ്ധതിക്ക് ധനസഹായം നൽകാൻ ജപ്പാൻ ഇന്റർനാഷനൽ കോ ഓപറേഷൻ ഏജൻസി സമ്മതിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 42 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്.
സാമൂഹിക ആഘാത വിലയിരുത്തൽ പഠനത്തിന് സമാന്തരമായി എല്ലാ പ്രാഥമിക പ്രവർത്തനങ്ങളും നടത്തി പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നുവെന്ന് കെ-റെയിലിന്റെയും റവന്യൂ വകുപ്പിന്റെയും നടപടികൾ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.