കെ.റെയിലിന് ബദലായി 'ഫ്ലൈ ഇൻ കേരള' എന്ന പേരിൽ ചെലവ് കുറഞ്ഞ അതിവേഗ വിമാന സർവിസ് എന്ന ആശയവുമായി കോൺഗ്രസ് രംഗത്ത്. ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും കേരള ജനതക്കും മുൻപിൽ കെ.പി.സി.സി. പ്രസിഡന്റ് അവതരിപ്പിക്കുന്നത്. വിമാനങ്ങൾ വാങ്ങുന്നതിനടക്കം 1000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കെ റെയിലിന്റെ പോരായ്മകളും 'ഫ്ലൈ ഇൻ കേരള'യുടെ മേന്മകളും വിശദമാക്കുന്ന റിപ്പോട്ടിെ ൻറ പൂർണരൂപമിങ്ങനെ:
ഒരു വികസന പദ്ധതി സംബന്ധിച്ചു കേരളചരിത്രത്തിലെ ഏറ്റവും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തുടക്കമിട്ട പദ്ധതിയാണ് കെ. റെയിൽ സിൽവർലൈൻ. നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയെത്താൻ സൗകര്യമൊരുക്കാം എന്നാണ് വാഗ്ദാനം. പലർക്കും അത് പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.
പക്ഷെ, അതിനു കേരളം എന്ത് വിലകൊടുക്കേണ്ടിവരും എന്നതാണ് ഈ ലേഖനത്തിന്റെ ആദ്യ ഭാഗം. ഇതേ പ്രശ്നത്തിന് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന വളരെ ചിലവ് കുറഞ്ഞ, കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടാത്ത ഒരു ബദൽ പദ്ധതിയാണ് ഈ ലേഖനത്തിന്റെ ബാക്കി ഭാഗം. അത് വിലയിരുത്തി ഏറ്റവും ഉചിതം ഏതാണെന്നു നിങ്ങൾ തീരുമാനിക്കുക.
കെ. റെയിൽ വിഭാവനം ചെയ്യുന്നത് ഒരാൾക്ക് നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 1,457 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാമെന്നാണ്. ഈ ടിക്കറ്റ് നിരക്കിൽ ആദ്യത്തെ വർഷം, അതായത്2025-26ൽ ഒരു ദിവസം ശരാശരി 79,934 യാത്രക്കാരുണ്ടാകുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. ആ വർഷം 2,276 കോടി വരുമാനമുണ്ടാകുമെന്നും ഡി.പി.ആറിൽ പറയുന്നു.
പദ്ധതി ചിലവ്
ഈ പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയിരിക്കുന്നത് 63,940 കോടിയാണ്. പക്ഷെ നീതി ആയോഗ് പറയുന്നത് ഇത് ഇവിടെയെങ്ങും നിൽക്കില്ല 1,33,000കോടിയിലെത്തുമെന്നാണ്.
ഇനി നിർമാണചിലവ് കൂടാനുള്ള സാധ്യത എന്തൊക്കെയാണ്? കഴിഞ്ഞ നാല് വർഷം കൊണ്ട് സിമന്റിെന്റയും കമ്പിയുടെയും വില ഗണ്യമായി വർധിച്ചു. 2018ൽ 370 രൂപയുണ്ടായിരുന്ന സിമന്റ് ഇപ്പോൾ 435 രൂപയായി. 54 രൂപയുണ്ടായിരുന്ന കമ്പിക്ക്70 ആയി.ഡീസലിന്റെ കാര്യം നിങ്ങൾക്കറിയാമല്ലോ.
ഒരുദാഹരണം പറയാം: 2017ൽ മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും കൂടി അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തുടക്കം കുറിച്ചു. അന്ന് അതിന് കണക്കാക്കിയിരുന്നചിലവ് 1,10,000 കോടിയാണ്. ഇതുവരെ പണി തുടങ്ങിയിട്ടില്ല. പക്ഷെ അതിപ്പോൾ 1,44,000 കോടിയിലെത്തി നിൽക്കുകയാണ്. പണി കഴിയുമ്പോൾ ആകെ ചിലവ്എത്രയാകുമെന്നു ദൈവത്തിനു മാത്രമേ പറയാൻ പറ്റൂ.
ടിക്കറ്റ് നിരക്ക്
എനിക്ക് ചോദിക്കാനുള്ളത് വളരെ ലളിതമായ ചോദ്യമാണ്. ഈ പദ്ധതി നടപ്പിലാക്കാനുള്ള ചിലവ് 1,33,000 കോടിയിലെത്തിയാൽ, ടിക്കറ്റ് നിരക്ക് 1,457 ൽ തന്നെ പിടിച്ചുനിർത്താൻ പറ്റുമോ? ടിക്കറ്റ് നിരക്ക് മൂവായിരമെങ്കിലും ആക്കേണ്ടി വരില്ലേ?? അങ്ങനെയെങ്കിൽ 79,934 യാത്രക്കാർ ഒരു ദിവസം ഈ ട്രെയിൻ ഉപയോഗിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
മാത്രമല്ലടിക്കറ്റ് നിരക്ക് എല്ലാവർഷവും 6% വെച്ച് കൂട്ടും എന്നാണ് ഡി.പി.ആറിൽ പറയുന്നത്. അതായതു അഞ്ചുവർഷം കഴിയുമ്പോൾ 1,950 ആകും ടിക്കറ്റ് നിരക്ക്. 2050ൽ 6,253ആണ് ടിക്കറ്റ് നിരക്ക്. പിന്നീടുള്ള വർഷങ്ങളിൽ യാത്രക്കാർക്ക് ടിക്കറ്റെടുക്കാൻ സർക്കാർ ബാങ്ക് ലോൺ കൊടുക്കുമോ?
വർഷം ടിക്കറ്റ് നിരക്ക്
2025-26 : 1,457
2030-31 : 1,950
2040-41 : 3,492
2050-51 : 6,253
2060-61 : 11,199
2072-73 : 22,534
Table 1: ടിക്കറ്റ്നിരക്ക്
ദിവസേനയുള്ള യാത്രക്കാരുടെ കണക്കും ശുദ്ധ അസംബന്ധമാണ്. യാത്രക്കാരുടെ കണക്കു കൃത്രിമമായി നിർമിച്ചതാണെന്ന വാർത്ത നിങ്ങൾ വായിച്ചുകാണും. പ്രാഥമിക സർവേ റിപ്പോർട്ടിൽ വെറും 37,750 മാത്രമായിരുന്ന കണക്ക് അന്തിമ റിപ്പോർട്ടായപ്പോൾ 79,934 ആയിഇരട്ടിച്ചു. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം വെറും 35,750 മാത്രമാണെന്നുകൂടി ഓർക്കണം. ഇപ്പോൾ നിങ്ങൾക്കു ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ?
ഇരുപത്തഞ്ചു വർഷത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പക്ഷെ അവർ സൗകര്യപൂർവം മറച്ചുവെയ്ക്കുന്നത് ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി 7,027 ലെത്തുമെന്ന കയ്പേറിയ സത്യമാണ്. ടിക്കറ്റ് നിരക്കിങ്ങനെ ക്രമാതീതമായി കൂടിയാൽ യാത്രക്കാർ ഇരട്ടിക്കുമോ അതോ പകുതിയാകുമോ? നിങ്ങളൊന്നു ചിന്തിക്കൂ.
വർഷം യാത്രക്കാർ
2025-26 : 79,934
2029-30 : 94,672
2041-42 : 132,9442052-53 : 158,946
Table 2: യാത്രക്കാരുടെഎണ്ണം
വാർഷിക വരുമാനം
റോക്കറ്റ് വിട്ടപോലെയാണ് വാർഷിക വരുമാനത്തിലുള്ള കുതിപ്പ് കണക്കാക്കിയിരിക്കുന്നത്. ഇരുപത്തിയഞ്ചു വർഷം കൊണ്ട് യാത്രക്കാർ ഇരട്ടിക്കുമെന്നും വരുമാനം പത്തിരട്ടിയാകുമെന്നും കണക്കുകൂട്ടുന്നു. പക്ഷെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാകുമ്പോൾ യാത്രക്കാർ എത്രയാകുമെന്നു പറയുന്നില്ല. ഇത് വെറും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്.
കോവിഡിന് മുൻപ് ദിവസേന രണ്ടേകാൽ കോടി പേർ യാത്ര ചെയ്തുകൊണ്ടിരുന്ന ഇന്ത്യൻ റയിൽവെയുടെ ടിക്കറ്റിൽ നിന്നുള്ള വാർഷിക വരുമാനം വെറും 48,809 കോടി രൂപയാണ്. കോവിഡിന് ശേഷം അത് 12,409 കോടിയായി കുറഞ്ഞു.അങ്ങനെ നോക്കുമ്പോൾ ഈ സിൽവർലൈൻ കണക്കുകൾ ഒരു അടിസ്ഥാനവുമില്ലാത്ത വെറും ഭാവനയാണെന്നാണ് മനസ്സിലാകുന്നത്.
വർഷം വരുമാനം (Cr)
2025- 26 : 2,276
2032- 33 : 4,504
2042- 43 : 10,361
2052- 53 : 21,827
2062- 63 : 42,476
2072- 73 : 81,139
Table 3: വാർഷിക വരുമാനം
സർക്കാർ കണക്കുകൂട്ടുന്നത് 33,699 കോടി കടമെടുക്കേണ്ടിവരുമെന്നാണ്. ഈ കടം ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസി (ജെ.ഐ.സി.എ)ൽനിന്നും വെറും കാൽ ശതമാനം വാർഷിക പലിശയ്ക്ക് കിട്ടുമെന്നാണ്. പദ്ധതി ചിലവ് കൂടിയാൽ കേന്ദ്ര സർക്കാർ ഒരു രൂപ പോലും അധികം അനുവദിക്കില്ലെന്ന് നേരത്തേവ്യക്തമാക്കിയിട്ടുണ്ട്. നീതി ആയോഗിന്റെ കണക്കിലേക്കു ചിലവ് പോകുകയാണെങ്കിൽ ഏകദേശം ഒരു ലക്ഷം കോടി രൂപ കടമെടുക്കേണ്ടതായി വരും. നാല്പതു വർഷത്തേക്കുള്ള ലോണിന് 5,093 കോടി പലിശ കൊടുക്കേണ്ടി വരും. അത് നിസ്സാരമായ പലിശയാണ്.
പക്ഷെ ജെ.ഐ.സി.എ തരുന്ന പണം ജാപ്പനീസ് യെന്നിലാണ്. നമ്മൾ തിരിച്ചു കൊടുക്കേണ്ടത് യെന്നിലാണ്. ഇവിടെയാണ് നമ്മൾ അധികം ചർച്ച ചെയ്യാത്ത മറ്റൊരു കെണിയുള്ളത്. ഇപ്പോഴത്തെ രൂപയുടെ പോക്കനുസരിച്ച് ഭാവിയിൽ ജാപ്പനീസ് യെന്നിന്റെ മൂല്യം കൂടുകയും രൂപയുടെ മൂല്യം താഴുകയും ചെയ്താൽ നമ്മൾ തിരിച്ചടയ്ക്കേണ്ട തുക ക്രമാതീതമായി വർധിച്ചേക്കാം.
കഴിഞ്ഞ പതിനഞ്ചു വർഷത്തെ മൂല്യം നോക്കിയാൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് ഊഹിക്കാം. 2007ൽ ഒരു രൂപയ്ക്കു മൂന്ന് ജാപ്പനീസ് യെൻ കിട്ടുമായിരുന്നു. ഇന്ന് അത് 1.54 യെൻ ആയി കുറഞ്ഞു. അന്ന് നമ്മൾ ഒരു ലക്ഷം കോടി കടമെടുത്തിരുന്നെങ്കിൽ ഇന്ന് അത് ജാപ്പനീസ് യെന്നിൽ തിരിച്ചടയ്ക്കണമെങ്കിൽ 1,94,805 കോടി രൂപ വേണ്ടിവരും. ഭാവി പ്രവചിക്കാൻ എനിക്കറിയില്ല. പക്ഷെ ഇങ്ങനെയൊരു അപകടം കൂടി നാം കണക്കുകൂട്ടിയേ തീരൂ.
കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്നഭൂമിയായ ചൈനയിലെസ്ഥിതിയെന്താണ്? അവിടെ 38,000 കിലോമീറ്റർ ഹൈ സ്പീഡ് റെയിൽവേ ഉണ്ട്. പക്ഷെ ഷാങ്ങ്ഹായ് യും ബെയ്ജിംഗും പോലെയുള്ള റൂട്ടുകളൊഴിച്ചു ബാക്കി ഭൂരിഭാഗം ലൈനുകളും വൻ നഷ്ടത്തിലാണ് ഓടുന്നത്. പല പ്രവിശ്യകൾക്കും തുടങ്ങിയ ലൈനുകളിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ലോണിന്റെ പലിശ പോലും അടയ്ക്കാൻ ആവുന്നില്ല എന്നതാണ് സത്യം.
ഒബ്സർവേർ റിസർച്ച് ഫൌണ്ടേഷൻ (ഒ.ആർ.എഫ്) നടത്തിയ പഠനപ്രകാരം ഈ ചൈനീസ് ട്രെയിൻ കമ്പനികളുടെ ആകെ കടം 85,000 കോടി ഡോളർ വരുമെന്നാണ്. ഇത് ചൈനയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഞാൻ ആവർത്തിച്ചുപറയുന്നു അതിവേഗ ഗതാഗതം എന്ന ആശയത്തോട് ഞങ്ങൾക്ക് എതിർപ്പില്ല. ഞങ്ങളും ഞങ്ങളുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കാര്യമാണ് ഹൈ സ്പീഡ് റെയിൽവേ. പക്ഷെ അന്ന് നടത്തിയ വിശദമായ പഠനത്തിൽ ഞങ്ങൾക്ക് മനസ്സിലായത് ഇത് സാമ്പത്തികമായി ലാഭകരമാവില്ലെന്നാണ്, അതിൽനിന്ന് ഉൾകൊണ്ട വിവേകം കൊണ്ടാണ് ഞങ്ങൾ ആ പദ്ധതി വേണ്ടെന്നു വെച്ചത്. അതേ കാര്യമാണ് ഞങ്ങൾ ഈ സർക്കാരിനോടും പറയുന്നത്.
ഈ പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക ആഘാതം മുതലായ വിഷയങ്ങളിലേക്ക് ഞാൻ ഈ ഘട്ടത്തിൽ കടക്കുന്നില്ല. നിങ്ങൾ അത് പല ചർച്ചകളിലൂടെയും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടെന്നു കരുതുന്നു.
ഈ പദ്ധതി കൃത്രിമമായി ലാഭകരമാണെന്നു കാണിച്ചുജനങ്ങളെ കബളിപ്പിച്ചു സ്ഥലം ഏറ്റെടുക്കാനുള്ള വ്യഗ്രത കാണുമ്പോൾ ജനങ്ങൾക്ക് സ്വാഭാവികമായും സംശയങ്ങൾ തോന്നാം.
സർക്കാർ ഈഗോ മാറ്റിവെച്ചു ഈ വിഷയത്തിൽ പ്രതിപക്ഷവും പൊതുസമൂഹവും ഉന്നയിക്കുന്ന കാര്യങ്ങൾ പഠിക്കണം. അപ്പോൾ ഈ പദ്ധതി ഒരിക്കലും സാമ്പത്തികമായി ലാഭകരമാവില്ലെന്ന് സർക്കാരിന് ബോധ്യമാകും.ലാഭകരമല്ലെന്നുബോധ്യപ്പെട്ടാൽ ഉടൻതന്നെ ഈ പദ്ധതി നിർത്തിവെക്കണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.മറിച്ച്, ഇതുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ അതിനു പിന്നിൽ പല ഗൂഢോദ്ദേശ്യങ്ങളും ഉണ്ടെന്നു ജനങ്ങൾക്കു കരുതേണ്ടിവരും.അങ്ങനെയെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ ജനകീയ പ്രക്ഷോഭം നേരിടേണ്ടതായി വരും.
പല ചർച്ചകളിലും ഉയർന്നു വന്ന ഒരു ചോദ്യമാണ് എന്താണ് കോൺഗ്രസിന് നിർദ്ദേശിക്കാനുള്ള പരിഹാരം, കാലം മാറുന്നതിനനുസരിച്ചു ആളുകൾക്ക് വേഗത്തിൽ യാത്ര ചെയ്യേണ്ടേ എന്നൊക്കെ. തീർത്തും ന്യായമായ ആവശ്യമാണ്. അതിനു ഞങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആ പരിഹാരമാണ് ഫ്ലൈ'ഇൻ കേരള .
എയർപോർട്ടുകളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് കേരളം. നമുക്ക് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. മാത്രമല്ല നമ്മുടെ അതിർത്തിയോടു ചേർന്ന് മംഗലാപുരം വിമാനത്താവളവും കോയമ്പത്തൂർ വിമാനത്താവളവുമുണ്ട്. ഈ എയർപോർട്ട് ശൃംഖല നന്നായി ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് വളരെ വേഗത്തിൽ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേയറ്റത്തെത്താൻ സാധിക്കും.
വിമാനയാത്രയുടെ ബുദ്ധിമുട്ടുകൾ
നമ്മൾ പൊതുവെ ചെറിയദൂരങ്ങൾക്കു വിമാനയാത്ര ചെയ്യാത്തതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്
1. അവസാന നിമിഷം ബുക്ക് ചെയ്താൽ ടിക്കറ്റിനു വലിയ വില കൊടുക്കേണ്ടി വരും
2. ഇനി അഥവാ നേരത്തെ ബുക്ക് ചെയ്തിട്ട് എയർപോർട്ടിൽ എത്താൻ ഒരിത്തിരി വൈകിയാൽ ഫ്ലൈറ്റ് മിസ് ആകും, മുഴുവൻ കാശും പോകും.
3. വീട്ടിൽ നിന്ന് എയർപോർട്ടിലേക്ക് പോകാനുള്ള യാത്രാക്ലേശവും ചിലവും.
ഉദാഹരണത്തിന്: കണ്ണൂര് നിന്നും എറണാകുളത്തിന് പോകേണ്ടവർ ഒരു മാസം മുൻപേയ്യൊന്നും പ്ലാൻ ചെയ്തായിരിക്കില്ല പോകുന്നത്.അവസാനത്തെ ടിക്കറ്റുകൾക്കു വിമാന കമ്പനികൾ വലിയ വിലയീടാക്കും.
മറ്റൊരു കാര്യം വിമാന യാത്രയ്ക്ക് ഡൊമസ്റ്റിക് ആണെങ്കിൽ ഒരു മണിക്കൂർ മുൻപേയും ഇന്റർനാഷണൽ ആണെങ്കിൽ മൂന്ന് മണിക്കൂർ മുന്നേയും എത്തണമെന്ന നിബന്ധനയുണ്ട്.അതേസമയം, ട്രെയിനും ബസും ആണെങ്കിൽ ഒരു മിനിറ്റ് മുൻപേയെത്തിയാലുംകയറി പോകാം. ഈ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സാധിച്ചാൽ നമുക്ക് വിമാനയാത്ര വളരെ എളുപ്പമായി അനുഭവപ്പെടും.
എന്തുകൊണ്ടാണ് അന്താരാഷ്ട്ര വിമാനങ്ങൾക്ക് മൂന്നു മണിക്കൂർ മുൻപേയുംആഭ്യന്തര വിമാനങ്ങൾക്ക് ഒരുമണിക്കൂർ മുൻപേയും എയർപോർട്ടിൽ എത്തണമെന്ന് നിഷ്കർഷിക്കുന്നത്? നമ്മുടെ ലഗേജ് സെക്യൂരിറ്റി ചെക്കും, പ്രോസസ്സിങ്ങിനും എടുക്കുന്ന സമയമാണ് പ്രധാന കാരണം. ഇന്റർനാഷണൽ യാത്രക്കാർക്ക് ഒരുപാടു പെട്ടികൾ ഉണ്ടാകും. അതൊക്കെ സ്കാൻ ചെയ്യാൻ ഒരുപാട് സമയമെടുക്കും. അതാണ് പ്രധാന പ്രശ്നം.
ഒന്ന് ചിന്തിച്ചു നോക്കൂ, ചെക്കിൻ ബാഗ് ഉള്ളവരെയും ഇല്ലാത്തവരെയും തരം തിരിച്ചാൽ ഈ പ്രശ്നം ലഘൂകരിക്കാൻ സാധിക്കില്ലേ? ചെക്കിൻ ബാഗേജ് ഉള്ളവർ ഒരു മണിക്കൂർ മുൻപേയും ഇല്ലാത്തവർ അര മണിക്കൂർ മുൻപേയും എത്തിയാൽ പറക്കാം എന്നായാലോ?
ആദ്യത്തെ പ്രശ്നത്തിനെന്താണ് പരിഹാരം?കെഎസ്ആർടിസി ഓടിക്കുന്ന ടൗൺ-ടു-ടൗൺ സർവീസ് പോലെ വിമാനം ഓടിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലേ? എല്ലാ മണിക്കൂറിലും ഓരോ ദിശയിലേക്കും ഓരോ വിമാനങ്ങൾ ഉണ്ടെന്നു കരുതുക. അത് തൊട്ടടുത്ത എയർപോർട്ടിൽ അരമണിക്കൂറിൽ ലാൻഡ് ചെയ്യും. അതായതു മംഗലാപുരത്തു നിന്നും രാവിലെ ഏഴുമണിക്ക് പുറപ്പെടുന്ന ഒരാൾ പത്തരയാകുമ്പോൾ തിരുവന്തപുരത്തു ലാൻഡ് ചെയ്യും. അതുപോലെ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെട്ടാൽ ഏഴരയാകുമ്പോൾ കണ്ണൂരിൽ ലാൻഡ് ചെയ്യാം.
നമുക്ക് ഈ പദ്ധതിക്ക് നമുക്ക്ഫ്ലൈ'ഇൻ കേരള എന്ന് പേരിടാം. കെ-ഫോണും, കെ-റെയിലും, കൊക്കോണിക്സുമൊക്കെകേട്ട് നമ്മൾ മടുത്തില്ലേ? പറക്കും കേരളമെന്നും, കേരളത്തിലൂടെ പറക്കാമെന്നും അർത്ഥമാക്കുന്നു ഫ്ലൈ'ഇൻ കേരള എന്ന പ്രയോഗം.
ഫ്ലൈ'ഇൻ കേരള വിമാനങ്ങളിൽ റിസർവേഷൻ നിർബന്ധമല്ല. എയർപോർട്ടിൽ എത്തിയിട്ട് ടിക്കറ്റ് എടുത്താൽ മതി. ഇനി റിസർവേഷൻ ഉണ്ടെകിലും, അഥവാ ലേറ്റ് ആയാൽ പണം നഷ്ടപ്പെടില്ല. ഒൻപതു മണിക്കുള്ള ഫ്ലൈറ്റ് കിട്ടിയില്ലെങ്കിൽ പത്തു മണിക്കുള്ളതിനു പോകാം.
അതുപോലെതിരക്ക് കൂടുന്നതിനനുസരിച്ചു ടിക്കറ്റ് വിലകൂടുന്ന സമ്പ്രദായം ഉണ്ടാവില്ല. ആദ്യത്തെ ടിക്കറ്റിനും അവസാനത്തെ ടിക്കറ്റിനും ഒരേ വിലയായിരിക്കും. എല്ലാ അർത്ഥത്തിലും ഒരു എസി ബസ് പോലെ.
ചെക്കിൻ ലഗേജ് ഉള്ളവർ ഒരു മണിക്കൂർ മുൻപേയും, ഇല്ലാത്തവർ അരമണിക്കൂർ മുൻപേയും എത്തിയാൽ മതി. ഇനി അഥവാ ഫ്ലൈറ്റ് നിറഞ്ഞെങ്കിൽ പരമാവധി ഒരു മണിക്കൂർ കാത്തുനിൽക്കേണ്ട കാര്യമേയുള്ളൂ.ഫ്ലൈ'ഇൻ കേരള വിജയിച്ചാൽ എല്ലാ അരമണിക്കൂറിലും വിമാനമുണ്ടാകും. അപ്പോൾ കാത്തുനില്പു പിന്നെയും കുറയ്ക്കാം.
മൂന്നാമത്തെ പ്രശ്നം വിമാനത്താവളത്തിലേക്കുള്ള യാത്രയാണ് . ഇപ്പോൾ നമ്മൾ വിമാനത്താവളത്തിലേക്ക് പോകുന്നത് സ്വന്തം കാറിലോ ടാക്സിയിലോ ആണ്. ഇത് വളരെ ചിലവേറിയ മാർഗമാണ്. വിമാന ടിക്കറ്റിനേക്കാളും പണം ഈ യാത്രയ്ക്ക് ചിലവാക്കേണ്ടി വരുന്നവരുണ്ട്. മാത്രമല്ല വിദേശത്തു നിന്നും വരുന്നവരെ കൂട്ടാൻ വെളുപ്പിന് യാത്രചെയ്യുമ്പോഴുണ്ടാകുന്ന എത്രയോ വാഹനാപകടങ്ങളെ കുറിച്ച് നാം വായിച്ചിട്ടുണ്ട്.
കർണാടക കെ.എസ്.ആർ.ടി.സി അവിടെ ഒരു ഏസി ബസ് സർവീസ് നടത്തുന്നുണ്ട്. ബാംഗ്ലൂർ വിമാനത്താവളത്തിലേക്ക് മൈസൂര് നിന്നും മറ്റു ചെറിയ ടൗണുകളിൽ നിന്നും ഓരോ മണിക്കൂർ ഇടവിട്ടു ബസുകൾ പുറപ്പെടും. അതേ മാതൃകയിൽ കുറേകൂടി വിപുലമായി ഒരിടത്തരം വലുപ്പത്തിലുള്ളഫ്ലൈ'ഇൻ കേരള ഫീഡർ ബസുകൾ ഒരു മണിക്കൂർ ഇടവിട്ട് അടുത്തുള്ള വിമാനത്താവളത്തിലേക്ക് ആരംഭിക്കണം.
ഗൾഫിൽ നിന്ന് വന്നിറങ്ങുന്ന ഒരു പ്രവാസിക്ക് ഈ ബസിൽ കയറിയാൽ ലഗേജൊക്കെ സുഖമായി വെച്ച് വീടിന്റെ അടുത്തുള്ള ടൗണിൽ വന്നിറങ്ങാം. ആരെയും ബുദ്ധിമുട്ടിക്കേണ്ട, ചിലവും കുറവ്.
വിമാനത്താവളങ്ങളില്ലാത്ത ജില്ലകളിലേക്ക് നമ്മുടെ പുഴകളും കായലുകളും ഡാമുകളും ഉപയോഗിച്ച് തിരുവന്തപുരത്തിനും കൊച്ചിക്കുമിടയ്ക്കു സീ പ്ലെയ്നുകൾ ഉപയോഗിച്ച് ഫീഡർ സെർവീസുകൾ നടത്താം. ചെറിയ ചിലവേ വരുന്നുള്ളൂ.
കൊല്ലത്തു അഷ്ടമുടി കായലും, കോട്ടയത്തും ആലപ്പുഴയിലുള്ളവർക്ക് വേമ്പനാട് കായലിലും ഇടുക്കിയിൽ ഉള്ളവർക്ക് ഇടുക്കി ഡാമും ഉപയോഗപ്പെടുത്താം. വയനാട്ടിൽ പോകേണ്ടവർക്കു കാരാപ്പുഴ ഡാമിലും, പാലക്കാടുള്ളവർക് മലമ്പുഴ ഡാമും, ഗുരുവായൂർ തീർത്ഥാടകർക്ക് കനോലി കനാലിലും ഇറങ്ങാം. ഒരു പൈസ ചിലവില്ലാതെ കിട്ടുന്ന റൺവേ പോലെയാണ് നാം ഈ ജലാശയങ്ങളെ കാണേണ്ടത്.ഇതൊക്കെ വന്നു കഴിഞ്ഞാൽ നമ്മുടെ ടൂറിസവും ഗണ്യമായി വളരും.
ഫ്ലൈ'ഇൻ കേരളയ്ക്കു വേണ്ട ഏറ്റവും വലിയ അടിസ്ഥാന സൗകര്യം വിമാനത്താവളമാണ്. അത് നിലവിലുണ്ട്.വിമാനത്താവളത്തിൽ വന്നാൽ ഇരുപത് മിനുട്ട് കൊണ്ട് വിമാനത്തിൽ കയറാൻ പറ്റുന്ന രീതിയിൽ പല കാര്യങ്ങളും ക്രമീകരിക്കുക എന്നതാണ് അടുത്ത പടി. ടിക്കറ്റ് മൊബൈൽ ഫോണിലൂടെ ഓൺലൈനായോ കൗണ്ടറിൽ നിന്നോ എടുക്കാൻ പറ്റണം. സുരക്ഷാ പരിശോധന തീർക്കാൻ ഫ്ലൈ'ഇൻ കേരള യാത്രക്കാർക്ക് മാത്രമായി പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തണം.അതുപോലെ ഏറ്റവും അടുത്തുള്ള ഒന്നോ രണ്ടോ ഗേറ്റ് ഫ്ലൈ'ഇൻ കേരളയ്ക്കു വേണ്ടി റിസേർവ് ചെയ്യണം.
ഫ്ലൈ'ഇൻ കേരളയ്ക്കു എ.ടി.ആർ വിമാനങ്ങളാണ് ഏറ്റവും അനുയോജ്യം. 42 പേർക്ക് യാത്ര ചെയ്യാവുന്ന എ.ടി.ആർ-42 അല്ലെങ്കിൽ 72 പേർക്ക് യാത്ര ചെയ്യാവുന്ന എ.ടി.ആർ-72 വിമാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഒരു മണിക്കൂർ ഇടവിട്ട് സർവീസ് നടത്തണമെങ്കിൽ നമുക്ക് 10 വിമാനങ്ങൾ ആവശ്യമുണ്ട്.
ഒരു എ.ടി.ആർ-42 വിമാനത്തിന്റെ വില 90 കോടിയാണ്, എ.ടി.ആർ-72 ന് 150 കോടിയും. ഇനി പത്തെണ്ണം മേടിക്കാൻ 900 കോടിയേ ആവുകയുള്ളൂ. നമുക്ക് ലീസിന് എടുത്താൽ പത്തു എ.ടി.ആർ-72 വിമാനങ്ങൾക്ക് ഒരു വർഷം ഏകദേശം 150 കോടിയുടെ അടുത്തേ വാടകയുള്ളൂ.
സർക്കാർ ഈ കമ്പനി നടത്തരുത് എന്നതാണ് എന്റെ അഭിപ്രായം. നമ്മുടെ കെ.എസ്.ആർ.ടി.സിയുടെ അവസ്ഥയാകും ഫലം. സ്വകാര്യ കമ്പനികൾ നടത്താൻ മുന്നോട്ടു വരണമെങ്കിൽ ഈ പദ്ധതി ലാഭകരമാണെന്നു അവർക്കു തോന്നണം.
ആദ്യത്തെ മൂന്നു വർഷം സർക്കാർ വിമാനങ്ങളുടെ വാടക കൊടുക്കും എന്ന് വാഗ്ദാനം ചെയ്താൽ കമ്പനികൾ മുന്നോട്ടു വരുമെന്നാണ് എനിക്ക് തോന്നുന്നത്. ആദ്യത്തെ വർഷം മുഴുവനും, രണ്ടാമത്തെ വർഷം മൂന്നിൽ രണ്ടും, മൂന്നാമത്തെ വർഷം മൂന്നിൽ ഒന്നും വാടക സർക്കാർ കൊടുത്താലും മതി. അങ്ങനെയെങ്കിൽ നമുക്കാകെ ചിലവാകുന്നതു 300 കോടി രൂപയായിരിക്കും.
ടിക്കറ്റ് നിരക്ക് കൃത്യമായി പറയുക ബുദ്ധിമുട്ടാണ്. അത് ഒരുപാടു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും ഇപ്പോഴുള്ള വിമാന നിരക്കുകൾ പഠിച്ചതിൽ നിന്നും നമുക്ക് അടിസ്ഥാന നിരക്ക് 1,250 എന്ന് കണക്കുകൂട്ടാം. ഓരോ സ്റ്റോപ്പിനും 250 വെച്ച് കൂട്ടുകയാണെങ്കിൽ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തെത്താൻ 2,000 രൂപയും നികുതിയും ആകും. മാത്രമല്ല, കുറച്ചു സീറ്റുകൾ ബിസിനസ് ക്ലാസ് ആക്കാം. ചെക്കിൻ ബാഗേജിന് കൂടുതൽ ചാർജ് ചെയ്യാം. പരസ്യങ്ങളിലൂടെയും വിമാനം കോ-ബ്രാൻഡ് ചെയ്യുന്നത് വഴിയും വരുമാനമുണ്ടാക്കാൻ സാധിക്കും.
മംഗലാപുരത്തു നിന്നുള്ള ടിക്കറ്റ്
കണ്ണൂർ 1,250
കോഴിക്കോട് 1,500
കൊച്ചി 1,750
തിരുവനന്തപുരം 2,000
Table 4: മംഗലാപുരത്തു നിന്നുള്ള ടിക്കറ്റ്,
നമ്മൾ 72 പേർക്ക് യാത്ര ചെയ്യാവുന്ന 10 എ.ടി.ആർ-72 വിമാനങ്ങൾ ഉപയോഗിക്കുകയാണെന്നു കരുതുക. രാവിലെ ആറു മുതൽ രാത്രി പന്ത്രണ്ടുവരെ ഏകദേശം 3000 മുതൽ 4000 ആളുകൾക്ക് യാത്ര ചെയ്യാം.
സർക്കാർ പറഞ്ഞ കണക്കു പ്രകാരം 79,934 യാത്രക്കാർ പ്രതിദിനം ഉണ്ടെങ്കിൽ ഈ വിമാനങ്ങൾ നിറഞ്ഞോടും. അങ്ങനെയെങ്കിൽ ഭാവിയിൽ ഓരോ അരമണിക്കൂറിനും വിമാനങ്ങളുണ്ടാവും.
ഇതിന്റെ പ്രായോഗികത മനസ്സിലാക്കിയാൽ കൂടുതലാളുകൾ ഹ്രസ്വദൂര വിമാനയാത്ര ശീലിക്കാൻ തുടങ്ങും. പയ്യന്നൂരിലുള്ള ഒരു വ്യാപാരിക്കു രാവിലെ എറണാകുളത്തു പോയി രാത്രി തിരിച്ചു വീട്ടിലെത്താമെങ്കിൽ അവിടെ ചെന്ന് ഒരു മുറിയെടുത്തു താമസിക്കുന്ന പണവും ഭക്ഷണ ചിലവും ലാഭമായിരിക്കും. തെക്കൻ കേരളത്തിൽനിന്നും മംഗലാപുരത്തു ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നവർക്ക് ബസിൽ പോകുന്ന ചിലവിൽ മംഗലാപുരത്തെത്താം. വിമാനത്തിൽ യാത്ര ചെയ്യാൻ ഇന്നും അവസരം ലഭിക്കാത്ത, അല്ലെങ്കിൽ മടിയുള്ള സാധാരണക്കാർ അത് ബസ് യാത്രപോലെ ലളിതമാണെന്നു വരുമ്പോൾ വിമാനയാത്രചെയ്യുമെന്നാണ് എന്റെ വിശ്വാസം.
ഈ പദ്ധതി നടപ്പിലാക്കാൻ മുൻപ് പറഞ്ഞതുപോലെ വിമാനങ്ങൾ വാടകയ്ക്കു എടുക്കുകയാണെങ്കിൽ 300 കോടിമൂന്നുവർഷം കൊണ്ട് ചിലവാകും. വിമാനത്താവളത്തിലേക്ക് ഫീഡർ ബസ് സർവീസ് തുടങ്ങാൻ ഒരു 300 കോടി കൂടി ചിലവാകും. മറ്റനുബന്ധ ചിലവുകളെല്ലാം കൂട്ടിയാലും 1000കോടിയിൽ കൂടുതൽ പണം വേണ്ടഫ്ലൈ'ഇൻ കേരള തുടങ്ങാൻ.
സിൽവർലൈനിനു കടമെടുക്കുന്ന തുകയുടെ പലിശയുടെ ഒരംശം പോലുമാവില്ല ഈ തുക. ഇനി ഇതും നഷ്ടത്തിലായാൽ നമുക്ക് ആകെ നഷ്ടപ്പെടുക പരമാവധി 1000 കോടി രൂപയാണ്. അങ്ങനെ സംഭവിച്ചാൽ നമുക്കൊരുകാര്യം കൂടി മനസ്സിലാകും യഥാർത്ഥത്തിൽ എത്രപേർക്ക് കാസർഗോഡ് നിന്നും തിരുവന്തപുരത്തേക്ക് നാലുമണിക്കൂർ കൊണ്ടെത്തേണ്ടആവശ്യമുണ്ടെന്ന്.
ഇതുപോലെയുള്ള ചെറുവിമാന സർവീസുകൾ മറ്റുപല രാജ്യങ്ങളിലും ഹ്രസ്വദൂര യാത്രയ്ക്ക് ആളുകൾ ഉപയോഗിക്കാറുണ്ട്. പാശ്ചാത്യനാടുകൾ മാത്രമല്ല ആഫ്രിക്കൻ രാജ്യങ്ങളിലും ഉപയോഗിക്കാറുണ്ട്. നമ്മൾ താരതമ്യേന അവികിസിതമെന്നു കരുതുന്ന ഉഗാണ്ട, കെനിയ മുതലായ രാജ്യങ്ങളിൽ മുപ്പതും നാല്പതും എയർ സ്ട്രിപ്പുകളുണ്ട്.
പതിമൂന്നു വർഷങ്ങൾക്കു മുൻപ് ഞാൻ സൗത്ത് ആഫ്രിക്കയിൽ പോയപ്പോൾ ഇതുപോലെയുള്ള ചെറുവിമാനത്തിൽ കയറി യാത്ര ചെയ്തിരുന്നു. ചെറിയ എയർ സ്ട്രിപ്പുകൾ തൊട്ടുള്ള യാത്ര എനിക്ക് പുതിയൊരനുഭവമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾക്കു ചെയ്യാമെങ്കിൽ എന്ത് കൊണ്ട് നമുക്കായിക്കൂടാ?
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് പണിയാൻ വെറും 2500 കോടി രൂപയേ ചിലവായുള്ളൂ. ഒരു എയർ സ്ട്രിപ് പണിയാൻ 100 കോടി രൂപ പോലും വേണ്ട. 1,33,000 കോടി കൊണ്ട് കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരു എയർ സ്ട്രിപ്പ് പണിയാം. അത്രയും വലിയ തുകയാണ് പിണറായി വിജയൻ എടുത്തുചാടി കൊണ്ടുപോയി കളയാൻ പോകുന്നത്.
അത് കൊണ്ട് പിണറായി വിജയനോട് കേരളത്തിന്റെ ഭാവിയെക്കരുതി കെ. റെയിൽ എന്ന വിനാശകരമായ പദ്ധതി ഉപേക്ഷിച്ച്ഫ്ലൈ 'ഇൻ കേരള പോലുള്ള ഒരു പദ്ധതി നടപ്പിലാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇതിനായി സർക്കാരിനോടൊപ്പം നിന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. ഈഗോ കളഞ്ഞു നമ്മുടെ വരും തലമുറയെ കടക്കെണിയിലാക്കുന്ന സിൽവർലൈൻ പദ്ധതി ഉടൻ ഉപേക്ഷിക്കണമെന്ന്കോൺഗ്രസ് പാർട്ടി അഭ്യർത്ഥിക്കുന്നു.
സിൽവർലൈൻ കോൾഡ് സ്റ്റോറേജിൽ വെച്ചാൽ ഈ പാത കടന്നു പോകുന്നെന്ന് നോട്ടിഫൈചെയ്ത സ്ഥലങ്ങളിലെ ജനങ്ങളുടെ ഭാവി ജീവിതം ത്രിശങ്കുവിലാകും. അവരുടെ സ്ഥലം വിൽക്കാനോ വാങ്ങാനോ പറ്റാത്ത സ്ഥിതിവരും. അതുകൊണ്ടു സർക്കാർ ഈ പദ്ധതി ഉപേക്ഷിക്കുകയാണെങ്കിൽ ഏപ്രിൽ ഒന്നിനകം അത് വ്യക്തമായി പറയണമെന്ന് അപേക്ഷിക്കുന്നു. ഫ്ലൈ'ഇൻ കേരളയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായംഅറിയിക്കുക.നന്ദി. ജയ് ഹിന്ദ്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.