കോട്ടയം: സിൽവർ ലൈനിനായി ഭൂമി ഏറ്റെടുക്കാൻ 2018ൽ റെയിൽവേ അനുമതി നൽകി എന്ന സർക്കാർ വാദം തെറ്റ്. ഫ്രഞ്ച് കമ്പനിയായ സിസ്ട്ര-2019 മാർച്ച് 18ന് സംസ്ഥാന സർക്കാറിന് സമർപ്പിച്ച പ്രിലിമിനറി ഫീസിബിലിറ്റി റിപ്പോർട്ട് ഫോർ കൺവെൻഷനൽ ഹൈസ്പീഡ് കോറിഡോർ ഫ്രം തിരുവനന്തപുരം ടു കാസർകോട് എന്ന റിപ്പോർട്ടിന്റെ 14ാം പേജിൽ ഈ അനുമതിയെപ്പറി വ്യക്തമാക്കുന്നുണ്ട്. 2018 ഒക്ടോബർ 16നാണ് റെയിൽവേയുടെ അനുമതി ലഭിച്ചത്. ഇതുസംബന്ധിച്ച 2018 /ഇൻഫ്ര/12/33 എന്ന കത്തിൽ 'കെ-റെയിൽ പദ്ധതി പരിഗണിച്ചു. ഒരു സ്റ്റാൻഡ് എലോൺ എലിവേറ്റഡ് കോറിഡോറായി തിരുവനന്തപുരം-കാസർകോട് പദ്ധതി അംഗീകരിക്കുന്നു' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊച്ചിയിലെ മെട്രോ റെയിൽപോലെ പൂർണമായി തൂണുകളിലൂടെയുള്ള റെയിൽപാതയാണ് എലിവേറ്റഡ് കോറിഡോർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിൽ വൻമതിലില്ല. വെള്ളക്കെട്ടിന്റെ പ്രശ്നമില്ല. വൻതോതിൽ ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ല. ആകെയുള്ള 527.7 കി.മീ. ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ 361 കിലോമീറ്ററും ഇങ്ങനെ വയഡക്ട് എന്ന തൂണിന്മേൽ ഉയർന്നുനിൽക്കുന്ന പാളത്തിലൂടെ ട്രെയിൻ പോകുന്ന പദ്ധതിയായിരുന്നു. ആ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കലിനാണ് റെയിൽവേ 2018ൽ അനുമതി നൽകിയത്. ഈ മേൽപാല പദ്ധതിയാണ് രണ്ടുമാസത്തിനുള്ളിൽ കേവലം 57 കി.മീ. മാത്രം മേൽപാലവും 236 കി.മീ. വൻമതിലുമുള്ള പദ്ധതിയാക്കിയത്. ഇതോടെ പ്രളയഭൂമിയിലടക്കം തെക്കുവടക്കായി വൻമതിൽ ഉയർത്തുന്ന വിനാശകരമായ പദ്ധതിയായി കെ-റെയിൽ മാറി.
പദ്ധതിയെക്കുറിച്ച് ഇത്തരത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന മറ്റു പല ഭാഗങ്ങളും റിപ്പോർട്ടിലുണ്ട്. ഒരു ഹൈസ്പീഡ് റെയിൽ പാത കടന്നുപോകുന്ന പട്ടണങ്ങളിലെ ജനസംഖ്യ അത്തരം റെയിൽ പദ്ധതികളുടെ വിജയപരാജയങ്ങളിൽ ഏറ്റവും പ്രധാന ഘടകമാണെന്ന് 2019 മാർച്ച് 18ൽ നൽകിയ പദ്ധതി രേഖയുടെ 18ാം പേജ് വ്യക്തമാക്കുന്നു. മുംബൈ-അഹ്മദാബാദ് ഹൈസ്പീഡ് റെയിൽ പാതയിൽ മുംബൈ, അഹ്മദാബാദ്, സൂറത്ത്, വഡോദര പട്ടണങ്ങളിലായി 2.42 കോടി ജനങ്ങളുണ്ടെന്നും അതിൽ അഹ്മദാബാദിലെ മാത്രം ജനസംഖ്യ കേരളത്തിലെ ഏറ്റവും വലിയ 40 പട്ടണങ്ങളിലെ ജനസംഖ്യക്ക് തുല്യമാണെന്നും റിപ്പോർട്ട് പറയുന്നു. സിൽവർ ലൈൻ പദ്ധതി എങ്ങനെ ലാഭകരമാകുമെന്ന സംശയം റിപ്പോർട്ടിന്റെ ഈ ഭാഗം ഉയർത്തുന്നു. അതിവേഗ ലൈൻ വരുമ്പോൾ ചെറിയ പട്ടണങ്ങളിൽനിന്ന് വലിയ നഗരങ്ങിലേക്ക് ജനങ്ങൾ താമസം മാറുമെന്നും അങ്ങനെ ജനസംഖ്യ വർധിക്കുകയും അത് പദ്ധതിക്ക് ഗുണകരമാകുകയും ചെയ്യുമെന്ന 'ആശ്വാസ'വും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.