അമലനഗർ മേൽപാലം നാലുവരിയാക്കി നിർമിക്കാൻ തയാറെന്ന് കെ-റെയിൽ

തൃശൂർ: തൃശൂർ-കുറ്റിപ്പുറം പാതയിലെ അപകടമേഖലയായ അമലനഗർ റെയിൽവേ മേൽപാലം നാലുവരിയാക്കാൻ സന്നദ്ധത അറിയിച്ച് കെ-റെയിൽ കോർപറേഷൻ. മേൽപാലം വീതികൂട്ടി വികസിപ്പിക്കാൻ തയാറാണെന്ന് അറിയിച്ച് പൊതുമരാമത്ത് വകുപ്പിനാണ് കത്ത് നൽകിയത്.

പാത നാലുവരിയായിട്ടും രണ്ട് വരിയായി തുടരുന്ന അമല നഗറിലെ റെയിൽവേ മേൽപാലത്തിലൂടെ വാഹനങ്ങൾ തിങ്ങിനിരങ്ങിയാണ് പോകുന്നത്. റോഡിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം വീതി കൂട്ടിയപ്പോഴും ഈ മേൽപാലം പൊളിച്ച് വീതി കൂട്ടാനാവശ്യമായ നടപടി ഉണ്ടായില്ല. കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി പൂങ്കുന്നം മുതൽ ചൂണ്ടൽ വരെ നാലുവരിപ്പാതയുടെ വികസന പ്രവൃത്തി നടക്കുന്നുണ്ട്.

അമലനഗർ മേൽപാലത്തിൽ തെരുവുവിളക്കുകൾ ഉണ്ടെങ്കിലും പ്രകാശിക്കാത്തതിനാൽ രാത്രി പാലത്തിന്‍റെ ഇരുഭാഗത്തും വന്നിടിക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടുകയാണ്. പാലത്തിന് താഴെ അഗാധ ഗർത്തമാണെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. നടപ്പാതയിലെ സ്ലാബുകളും തകർന്ന നിലയിലാണ്. നേരത്തേ മേൽപാലം നിർമാണത്തിന് പൊതുമരാമത്തും റെയിൽവേയും ശ്രമം നടത്തിയിരുന്നെങ്കിലും എങ്ങുമെത്തിയില്ല. ഇതിനകം കേരളത്തിലെ 27 മേൽപാലങ്ങളുടെ നിർമാണം ഏറ്റെടുത്തിട്ടുണ്ടെന്ന് കെ-റെയിൽ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

റെയിൽവേ ട്രാക്കിന് മുകളിലൂടെയുള്ള നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന കേരളത്തിലെ ഏക ഏജൻസിയാണ് കെ-റെയിൽ. പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് കെ-റെയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. ഹരിദാസനാണ് കത്ത് നൽകിയത്.

Tags:    
News Summary - K-Rail says that it is ready to construct the Amalnagar flyover into four lanes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.