മലപ്പുറം: കെ റെയിലിനെതിരെ സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരെ തിരുനാവായിലെ സമരക്കാർ. സമരം ചെയ്യുന്നത് തീവ്രവാദികളെങ്കിൽ ഞങ്ങൾ തീവ്രവാദികളായിക്കൊള്ളാം. വീടും കുടുംബവും നഷ്ടപ്പെടുന്നവരുടെ വേദന മന്ത്രി മനസിലാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
കെ റെയിൽ സർവേക്കെതിരെ വലിയ പ്രതിഷേധമാണ് മലപ്പുറം തിരുനാവായിൽ ഉയർന്നത്. സർവേ നടത്താൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയാൻ നാട്ടുകാർ സംഘടിച്ച് നിൽക്കുകയാണ്. തിരുനാവായിൽ എത്തിയ എൻ. ഷംസുദ്ദീൻ എം.എൽ.എ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു.
തീവ്രവാദികളല്ല നാട്ടുകാരാണ് സമരം ചെയ്യുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാൻ സാധിക്കില്ലെന്നും സജീന്ദ്രൻ ചൂണ്ടിക്കാട്ടി.
കെ-റെയിൽവിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളാണെന്നാണ് മന്ത്രി സജി ചെറിയാൻ ഇന്നലെ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞത്. ഭൂഉടമകളെ ഇളക്കിവിട്ട് തീവ്രവാദ സംഘടനകളുടെ സഹായത്തോടെ പണം ഉൾപ്പെടെ നൽകിയാണ് ഇടതു മുന്നണിയുടെ നേട്ടങ്ങളെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
ഒരു കിലോമീറ്റർ അങ്ങോട്ടുമിങ്ങോട്ടും ബഫർ സോണാണെന്നാണ് ഇവർ പറയുന്നത്. ഡി.പി.ആറിൽ ഒരിടത്തും ഇക്കാര്യം പറയുന്നില്ല. ഡി.പി.ആറിൽ ഒരു മീറ്റർ പോലും ബഫർസോൺ പറഞ്ഞിട്ടില്ല. ഭൂരിപക്ഷം മേഖലയിലും കെ-റെയിൽ കടന്നു പോകുന്നത് മുകളിലൂടെയാണ്. ഒരാളുടെയും സ്ഥലം അനധികൃതമായി ഏറ്റെടുക്കില്ല.
കല്ലൂരിയാൽ വിവരമറിയും. അക്കാര്യത്തിൽ ഒരുസംശയവും വേണ്ട. സാമൂഹികാഘാത പഠനത്തിനാണ് കല്ലിടുന്നത്, വസ്തു ഏറ്റെടുക്കാനല്ല. ഇനിയും അലൈൻമെന്റിൽ മാറ്റമുണ്ടാകും. കല്ലിട്ട ശേഷം ഉദ്യോഗസ്ഥർ വീടുകളിലെത്തി അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് നഷ്ടപരിഹാരം എത്രയാണെന്ന് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.