തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ രംഗത്ത് ഭൗതിക സാഹചര്യങ്ങൾക്കൊപ്പം അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ. രാജൻ. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണയ പരിഷ്‌കരണം എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
അൺ ഇക്കോണമിക്കൽ എന്ന വിഭാഗത്തിൽ അടച്ചു പൂട്ടൽ സാഹചര്യത്തിൽ നിന്നുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാന സർക്കാരും കേരളത്തിന്റെ പൊതുസമൂഹവും വിദ്യാലയങ്ങളെ വീണ്ടെടുത്തത്. പാഠ്യ പദ്ധതി പരിഷ്‌ക്കരണം സമയബന്ധിത മായി നടപ്പിലാക്കിയും പാഠപുസ്തകങ്ങൾ നേരത്തെ എത്തിച്ചും പൊതുവിദ്യാഭ്യാസ വകുപ്പ് മാതൃക തീർക്കുന്നു. കേരള മോഡൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം വലിയ പങ്ക് വഹിച്ചു.
അതുകൊണ്ട് നവീന മൂല്യനിർണയ രീതി നടപ്പിലാക്കുന്നതിന് മുൻപ് പൊതു സമൂഹത്തിന്റെ മുന്നിൽ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ തയാറായി. ജനാധിപത്യ മൂല്യങ്ങളിൽ പൊതു സമൂഹത്തിന്റെ വിശ്വാസ്യത നേടി അക്കാദമിക പരിഷ്‌ക്കരണം നടപ്പിലാക്കുന്നു എന്നത് ശ്രദ്ധേയമാണ്. പരീക്ഷകൾ എന്നത് ലോക വിഞ്ജാന വ്യവസ്ഥക്കനുസൃതമായി മാറ്റേണ്ടതുണ്ട്. വിദ്യാർഥികളുടെ വിവിധ ശേഷികളെ മൂല്യനിർണയം നടത്താൻ കഴിയുന്ന ശാസ്ത്രീയ സംവിധാനത്തിനും ചട്ടക്കൂടിനും രൂപം നൽകാൻ വിദ്യാഭ്യാസ കോൺക്ലേവിന് കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എം.എൽ.എ മാരായ എ. പ്രദീപ് കുമാർ, മുഹമ്മദ് മുഹ്‌സീൻ, എം. വിജിൻ എന്നിവർ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.