നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തത് വ്യാജ നികുതി രസീത് ഹാജരാക്കിയെന്ന് കെ. രാജൻ

തിരുവനന്തപുരം: ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബഭൂമിക്ക് കല്ലുവേലിൽ കെ.വി. മാത്യു വ്യാജ നികുതി രസീത് ഹാജരാക്കിയാണ് ഭൂമി തട്ടിയെടുത്തതെന്ന് മന്ത്രി കെ രാജൻ. ഇത് സംബന്ധിച്ച് മണ്ണാക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ 2020 ജൂൺ 24ന് അഗളി വില്ലേജ് ഓഫീസർ ഇൻ ചാർജ് (എസ്.വി.ഒ) ആയിരുന്ന എസ്. ഉഷാകുമാരി മൊഴിനൽകിയെന്നും നിയമസഭയിൽ ഡോ.എം.കെ മുനീറിന് രേഖാമൂലം മന്ത്രി മറുപടി നൽകി.

വില്ലേജ് ഓഫീസിലെ നാൽവഴി രജിസ്റ്ററും ഉഷാകുമാരി കോടതിയിൽ ഹാജരാക്കി. നാൾവഴി രജിസ്റ്റർ പ്രകാരം 1167/ 1, 6 എന്നീ സർവേ നമ്പരിലെ ഭൂമിക്ക് 2008- 2010 കാലത്ത് മാരി മുത്തു നികുതി അടച്ചിട്ടില്ലാണ് ഉഷാകുമാരി മൊഴി നൽകിയത്. ഉഷാകുമാരിയുടെ മൊഴിയുടെ പകർപ്പും മന്ത്രി നിയമസഭയിൽ വെച്ചു.

 

മാരിമുത്തുവിന്റെ പേരിലാണ് കെ.വി. മാത്യു അഗളി വില്ലേജ് ഓഫിസിലെ നികുതി രസീത് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയത്. 2022 സെപ്റ്റംബർ 13ന് പാലക്കാട് കലക്ടറുടെ കാര്യാലത്തിൽ നടന്ന ഹിയറിങ്ങിൽ മാരുമുത്തുവും ഹാജരായി മൊഴി നൽകി. തർക്ക ഭൂമിയുടെ നികുതി അടച്ചിട്ടില്ലെന്നും തന്റെ കൈവശം നികുതി രസീതില്ലെന്നുമായിരുന്നു മിരുമുത്തുവിന്റെ മൊഴി. മാരിമുത്തുവിന്റെ മൊഴിയുടെ പകർപ്പും നിയമസഭയിൽ വെച്ചു.

നഞ്ചിയമ്മയുടെ അടക്കം ആദിവാസി ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ കഴിഞ്ഞ നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചിരുന്നു. അതിനെ തുടർന്നാണ് ലാൻഡ് റവന്യൂ അസിസ്റ്റന്റ കമീഷണറുടെ നേതൃത്വത്തിൽ മധ്യമേഖല റവന്യൂ വിജിലൻസ് അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് മന്ത്രി നിയമസഭക്ക് ഉറപ്പ് നൽകിയത്. റവന്യൂ വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും ഇപ്പോൾ സഭയിൽ വെച്ചു.

1999ലെ കേരള പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമത്തിലെ വകുപ്പ് അഞ്ച് (ഒന്ന്) , (രണ്ട്) പ്രകാരം ഭൂമി കെ.വി. മാത്യുവിന് കൈമാറിയ എല്ലാ നടപടികളും പുനഃ പരിശോധിക്കണമെന്നാണ് റവന്യൂ വിജിലൻസ് റിപ്പോർട്ട് നിർദേശിച്ചത്. ഭൂമി കൈമാറ്റം നിയമാനുസൃതം അല്ലെങ്കിൽ ഈ വിഷയത്തിൽ സർക്കാർ കക്ഷി ചേർന്ന് ഈ കൈമാറ്റം റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും റവന്യൂ വിജിലൻസിൽ ശുപാർശ നൽകിയെന്നും മന്ത്രി കെ. രാജൻ രോഖാമൂലം നിയമസഭയെ അറിയച്ചു.

നഞ്ചിയമ്മയുടെ ഭൂമിയുടെ കിഴക്കുവശം മിച്ചഭൂമിയും തെക്കു-തോട്, പടിഞ്ഞാറ്- തോട്, വടക്ക് -റോഡ് ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ നിന്ന് മറ്റാർക്കും അവിടെ ഭൂമിയില്ല എന്ന് വ്യക്തം. നിയമസഭ വെബ് സൈറ്റിൽ നക്ഷത്രം ഇടാത്ത ചോദ്യത്തിനുള്ള (നമ്പർ-1520) മറുപടി വായിക്കുന്നതവർക്ക് നാഞ്ചിയമ്മയുടെ ഭൂമി കൈയേറിയതിന്റെ ചരിത്രം വായിക്കാം. അങ്ങനെ അട്ടപ്പാടിയുടെ ആദിവാസി ഭൂമി കൈയേറ്റത്തിലെ ഒരു അധ്യായം നിയമസഭ ലൈബ്രറിയുടെ ഭാഗമായി. നഞ്ചിയമ്മയുടെ ഭൂമി വ്യാജരേഖ നിർമിച്ച് കൈയേറിയത് എങ്ങനെയെന്ന് അന്വേഷണത്തിൽ പകൽപോലെ വ്യക്തമായി.  

Tags:    
News Summary - K Rajan said that Nanjiamma's land was stolen by presenting a fake tax receipt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.